കല്ലമ്പലം: പള്ളിക്കൽ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ആധുനിക സൗകര്യങ്ങളും ചികിത്സാ സംവിധാനങ്ങളോടുംകൂടി അടിമുടി മാറ്റം പ്രാവർത്തികമാകാൻ പോകുന്നു. സാമൂഹിക ആരോഗ്യ കേന്ദ്രമായി ഉയർത്തിയിട്ട് 9 വർഷം കഴിഞ്ഞെങ്കിലും നിലവിൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്ന സേവനങ്ങൾ മാത്രമാണ് പൊതുജനങ്ങൾക്ക് ഇപ്പോഴും ലഭിക്കുന്നത്.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആശുപത്രിക്കായി ആരംഭിച്ച ബഹുനില കെട്ടിട നിർമ്മാണം 3 ഘട്ടങ്ങളായാണ് നടന്നത്. കെട്ടിടത്തിന്റെ നാലാം നില വരെ നിർമ്മാണം പൂർത്തിയാക്കി അഞ്ചാം നിലയിലെ പണികൾ അവസാനഘട്ടത്തിലാണ്. വി.ജോയി എം.എൽ.എയുടെ ഇടപെടലിനെ തുടർന്ന് വിവിധ ഫണ്ടുകൾ ഏകോപിപ്പിച്ചാണ് ആശുപത്രിയെ മികച്ച ആതുരാലയമാക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുന്നത്.
കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ളതാണ് ആരോഗ്യ കേന്ദ്രം. ആശുപത്രിക്കായി 3040 ചതുരശ്ര മീറ്റർ വിസ്തീർണത്തിലാണ് ബഹുനില മന്ദിരം പൂർത്തിയാക്കുന്നത്. ലിഫ്റ്റ്, സ്റ്റെയർകേസ് എന്നിവ രണ്ടു വീതം കെട്ടിടത്തിലൊരുക്കുന്നുണ്ട്. മൂന്നാം ഘട്ട ജോലികളാണ് നിലവിൽ പൂർത്തിയായി വരുന്നത്. ആദ്യഘട്ടം എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് ഒരു കോടിയും, രണ്ടാംഘട്ടം ആരോഗ്യവകുപ്പിന്റെ ജനറൽ ഫണ്ടിൽ നിന്ന് 2.92 കോടിയും, മൂന്നാംഘട്ടം നബാർഡ് ഫണ്ടിൽ നിന്ന് 6 കോടി രൂപയുമാണ് ആശുപത്രിയുടെ വികസനത്തിനായി ചെലവിട്ടത്.
അടിസ്ഥാന സൗകര്യങ്ങളും വർദ്ധിപ്പിക്കും
സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി സർക്കാർ നൽകുന്ന കായകൽപ്പ അവാർഡിൽ സാമൂഹികാരോഗ്യ കേന്ദ്രങ്ങളിൽ സംസ്ഥാനത്ത് രണ്ടാം സ്ഥാനവും ജില്ലയിൽ ഒന്നാം സ്ഥാനവും പള്ളിക്കൽ സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് ലഭിച്ചിട്ടുണ്ട്. ആശുപത്രിയുടെ സ്ഥലസൗകര്യങ്ങളും മറ്റും വളരുന്നതോടെ അടിസ്ഥാന സൗകര്യങ്ങളും വർദ്ധിപ്പിക്കും.ഡോക്ടർമാരുടെ എണ്ണത്തിൽ ഉണ്ടാകുന്ന വർദ്ധനവിന് ആനുപാതികമായി മറ്റ് ജീവനക്കാരുടെ എണ്ണവും കൂടും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |