പത്തനംതിട്ട : ഏഴു വയസുളള മകളോട് ലൈംഗികാതിക്രമം കാട്ടിയ പത്തനംതിട്ട പ്രക്കാനം സ്വദേശിയായ പിതാവിനെ 66 വർഷം കഠിന തടവും 1.60 ലക്ഷം പിഴയും പിഴയൊടുക്കാതിരുന്നാൽ മൂന്ന് വർഷം അധിക കഠിന തടവും ശിക്ഷ വിധിച്ചു. പത്തനംതിട്ട പ്രിൻസിപ്പൽ പോക്‌സോ കോടതി ജഡ്ജ് ജയകുമാർ ജോണാണ് വിധിപ്രസ്താപം നടത്തിയത്. പോക്‌സോ ആക്ടിലെ വിവിധ വകുപ്പുകൾ പ്രകാരവും ജുവനൈൽ ജസ്റ്റിസ് ആക്ട് 75-ാം വകുപ്പുപ്രകാരവുമാണ് ശിക്ഷ.
2021ലാണ് കേസിനാസ്പദമായ സംഭവം. വീട്ടിൽ മറ്റുള്ളവർ ഉറങ്ങി കഴിയുമ്പോൾ മകളെ എടുത്തു അടുക്കളയിൽ കൊണ്ടുപോയാണ് ഇയാൾ ലൈംഗികാതിക്രമം നടത്തിയിരുന്നത്. പെൺകുട്ടിയുടെ മാതാവ് സ്‌കൂളിലെ അദ്ധ്യാപകരെ വിവരം ധരിപ്പിക്കുകയും ഇവർ കുട്ടിയിൽ നിന്ന് കൂടുതൽ വിവരങ്ങൾ അറിഞ്ഞശേഷം പൊലീസിനെ അറിയിക്കുകയുമായിരുന്നു. ഇലവുംതിട്ട പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്‌പെക്ടർമാരായ എം.രാജേഷ്, അയൂബ് ഖാൻ എന്നിവരാണ് അന്വേഷണം നടത്തിയത്. പ്രിൻസിപ്പൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ.ജയ്‌സൺ മാത്യൂസ് പ്രോസിക്യൂഷന് വേണ്ടി ഹാജരായ കേസിന്റെ വിസ്താരവേളയിൽ പെൺകുട്ടിയുടെ മാതാവ് കൂറുമാറി. വിവിധ വകുപ്പുകളിലെ ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്ന പ്രത്യേക പരാമർശം ഉള്ളതിനാൽ പ്രതി 25 വർഷം കഠിന തടവ് അനുഭവിച്ചാൽ മതിയാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |