കോഴിക്കോട് : തളി സ്വാതന്ത്ര്യ സുവർണ ജൂബിലി ഹാളിന്റെ പേര് മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് മെമ്മോറിയൽ സ്വാതന്ത്ര്യ സുവർണ ജൂബിലി ഹാൾ എന്നാക്കുന്നതുമായി ബന്ധപ്പെട്ട് കോർപ്പറേഷൻ കൗൺസിൽ ഹാളിൽ പോർവിളിയും ബഹളവും ഇറങ്ങിപ്പോക്കും.
മേയർ ഡോ. ബീന ഫിലിപ്പിന്റെ അദ്ധ്യക്ഷതയിൽ ഇന്നലെ ചേർന്ന കോർപ്പറേഷൻ കൗൺസിലാണ് ശ്രദ്ധക്ഷണിക്കലിനെ തുടർന്ന് പ്രതിഷേധവും പോർവിളിയും അരങ്ങേറിയത്. സ്വാതന്ത്ര്യത്തിന്റെ അമ്പതാം വാർഷിക ഓർമയ്ക്കായി നിർമ്മിച്ച കെട്ടിടം നവീകരിക്കുമ്പോൾ മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് എന്ന സ്വാതന്ത്ര്യ സമര സേനാനിയുടെ പേരിലേക്ക് മാത്രമായി ചുരുങ്ങുന്നത് പുന പരിശോധിക്കണമെന്നും പ്രദേശവാസികളുടെ ആശങ്ക പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി കൗൺസിലർ സരിത പറയേരിയുടെ ശ്രദ്ധക്ഷണിക്കൽ മേയർ ഡോ. ബീന ഫിലിപ്പ് വായിച്ചു. ഇതോടെ വിഷയം ചർച്ച ചെയ്യണമെന്ന ആവശ്യവുമായി മറ്റ് ബി.ജെ.പി അംഗങ്ങൾ എഴുന്നേറ്റു. ഈ വിഷയം കൗൺസിലിൽ ഇനി ചർച്ച ചെയ്യേണ്ട ആവശ്യമില്ലെന്ന് സ്ഥിരംസമിതി അദ്ധ്യക്ഷൻ പി. ദിവാകരൻ പറഞ്ഞു. ചർച്ച നടത്താതിരിക്കുന്നത് തെറ്റായ സമീപനമാണെന്ന് ആരോപിച്ച് ടി. റനീഷ് രംഗത്തെത്തി. ബോധപൂർവം പ്രശ്‌നങ്ങൾ സൃഷ്ടിക്കാനാണ് കോർപ്പറേഷൻ ശ്രമിക്കുന്നതെന്ന് റനീഷ് ആരോപിച്ചു. മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിനോട് ഒരു എതിർപ്പുമില്ലെന്നും അദ്ദേഹത്തിന്റെ സേവനങ്ങളെ ഒരിക്കലും തള്ളിപ്പറയുകയല്ല ബി.ജെ.പിയെന്നും ആ പ്രദേശത്തെ ജനങ്ങളുടെ വികാരം കൂടി കണക്കിലെടുത്ത് കോർപ്പറേഷൻ തീരുമാനമെടുക്കണം. പിടിവാശിയും അനാവശ്യ വോട്ട് ബാങ്ക് നയവുമാണ് കോർപ്പറേഷൻ വിഷയത്തിൽ കാണിക്കുന്നതെന്നും റനീഷ് പറഞ്ഞു. ഇതിനെ എതിർത്തെത്തിയ സി.പി.എമ്മിലെ സി.പി. സുലൈമാനും റനീഷും തന്നിൽ വെല്ലുവിളികളുമായി ഏറ്റുമുട്ടി. പേരിട്ട് ഒന്നരമാസത്തിന് ശേഷം ഉണ്ടായ വിവാദത്തിന് പിന്നിൽ മറ്റെന്തോ ആണെന്ന് മേയർ ഡോ. ബീന ഫിലിപ്പ് പറഞ്ഞു. പരസ്പരം വെല്ലുവിളിക്കാനുള്ള സ്ഥലമായി കോർപ്പറേഷൻ കൗൺസിൽ യോഗത്തെ കാണരുതെന്ന് മേയർ വ്യക്തമാക്കി. ബി.ജെ.പി കൗൺസിലർമാരെ സസ്പെൻഡ് ചെയ്യണമെന്ന ഭരണപക്ഷ ആവശ്യത്തോട് മേയർ പ്രതികരിച്ചില്ല. അതിനിടെ കൗൺസിലർ സത്യഭാമ കോൺഗ്രസുകാരനായ തന്നെ മുസ്ലിം ലീഗുകാരനാക്കി പ്രസംഗിച്ചെന്ന് പറഞ്ഞ് എസ്.കെ. അബൂബക്കർ രംഗത്തെത്തി. പ്രതിഷേധം കനത്തോടെ സത്യഭാമയും എം.പി. സുരേഷും തമ്മിൽ തർക്കമായി.
ഇന്ന് നടക്കുന്ന ഉദ്ഘാടനം മാറ്റിവെയ്ക്കണമെന്നും അല്ലാത്തപക്ഷം പ്രതിഷേധിക്കുമെന്നും ടി. റനീഷ് വെല്ലുവിളിയുമായി രംഗത്തെത്തി. അജൻഡയിലെ പേരല്ല ചടങ്ങിന്റെ ബ്രോഷറിലുള്ളതെന്ന് നവ്യ ഹരിദാസ് ആരോപിച്ചു. ചർച്ച അനുവദിക്കാനാവില്ലെന്നും ചർച്ചയ്ക്ക് വിളിച്ചപ്പോൾ ബി.ജെ.പി ജില്ല പ്രസിഡന്റ് ഇറങ്ങിപ്പോയത് എന്തിനാണെന്നും ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് ചോദിച്ചു. തുടർന്ന് ബി.ജെ.പി കൗൺസിൽ യോഗം ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി .കെ.നാസർ, എസ്. ജയശ്രീ എന്നിവർ പ്രസംഗിച്ചു.
ഞെളിയൻ പറമ്പിലെ മാലിന്യ നീക്കവുമായി ബന്ധപ്പെട്ട് സോണ്ട കമ്പനിയിക്കെതിരെ സ്വീകരിച്ച നടപടികൾ സെക്രട്ടറി കെ.യു. ബിനു ചോദ്യങ്ങൾക്കുള്ള ഉത്തരമായി നൽകി. കെട്ടിട നിർമാണ ഫീസ് വർദ്ധിപ്പിച്ച വിഷയത്തിൽ കെ.സി. ശോഭിത നൽകിയ അടിയന്തര പ്രമേയം മേയർ നിരാകരിച്ചു. അടിയന്തര സ്വഭാവമില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് അനുമതി നിഷേധിച്ചത്. വിവിധ വിഷയങ്ങളിൽ എസ്.കെ. അബൂബക്കർ, എസ്.എം. തുഷാര, ടി.കെ. ഷമീന, ഓമന മധു, സഫീന എന്നിവർ ശ്രദ്ധക്ഷണിച്ചു.
സോഫ്റ്റ് വെയറിലെ ചോർച്ച അടഞ്ഞില്ലെന്ന്
കെട്ടിട നമ്പർ തട്ടിപ്പ് സാഹചര്യം ഒരുക്കിയ സഞ്ചയ സോഫ്റ്റ് വെയറിലെ ചോർച്ച അടഞ്ഞിട്ടില്ലെന്ന വാദവുമായി യു.ഡി.എഫ്. ലോഗിംഗുമായി ബന്ധപ്പെട്ട് ക്രമക്കേടിന് സാഹചര്യമുണ്ടെന്ന് ഉദ്യോഗസ്ഥൻ കോർപ്പറേഷൻ സെക്രട്ടറിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്ന് കെ.മൊയ്തീൻ കോയ ആരോപിച്ചു. വിഷയം ഗൗരവമുള്ളതാണെന്ന് എൽ.ഡി.എഫിലെ എൻ.സി മോയിൻകുട്ടിയും നിലപാടെടുത്തു. കെട്ടിട നമ്പർ തട്ടിപ്പ് പുറത്തു വന്നപ്പോൾ ലോഗിംഗ് വിവരങ്ങൾ സൂക്ഷിക്കുന്നതിൽ വീഴ്ചപറ്റിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് സസ്പെൻഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥൻ പെൻഷൻ ആനുകൂല്യങ്ങൾ ലഭ്യമാവുന്ന തരത്തിൽ അച്ചടക്ക നടപടികൾ തീർപ്പാക്കാൻ കൗൺസിൽ യോഗം തീരുമാനിച്ചു. യു.ഡി.എഫ് വിയോജന കുറിപ്പ് നൽകി.
മാമുക്കോയയ്ക്ക് അനുശോചനം
നടൻ മാമുക്കോയ, നടനും എം.പിയുമായിരുന്ന ഇന്നസെന്റ്, നടൻ വിക്രമൻ നായർ എന്നവരുടെ നിര്യാണത്തിൽ കോർപ്പറേഷൻ കൗൺസിൽ യോഗം അനുശോചിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |