ആലപ്പുഴ : ഉദ്ഘാടനം ചെയ്ത് 13 വർഷം പിന്നിട്ടിട്ടും ഇതേവരെ കായികതാരങ്ങൾക്ക് ഉപകാരപ്പെടാത്ത ആലപ്പുഴ ഇ.എം.എസ് സ്റ്റേഡിയത്തിൽ കൊട്ടിഘോഷിച്ചു തുടക്കമിട്ട രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങളും ഇഴഞ്ഞുനീങ്ങുന്നു.
കഴിഞ്ഞ ഡിസംബറിലാണ് കായിക മന്ത്രി നിർമ്മാണോദ്ഘാടനം നടത്തി മാസങ്ങൾ പിന്നിട്ടിട്ടും നിർമ്മാണ ചുമതലയുള്ള കിറ്റ്കോ ലിമിറ്റഡിന്റെ ഒരു ഓഫീസ് തുറന്നതല്ലാതെ യാതൊരു മാറ്റവും പ്രത്യക്ഷത്തിൽ സംഭവിച്ചിട്ടില്ല.
ഗ്രൗണ്ട് നിർമ്മാണത്തിനുള്ള ഡ്രോയിംഗുകൾക്ക് സർക്കാരിൽ നിന്ന് അനുമതി ലഭിക്കാനുള്ള കാലതാമസം പണി വൈകിപ്പിച്ചതായി സൂചനയുണ്ട്. നിലവിൽ ഡ്രോയിംഗുകൾക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്. 10.92 കോടിയുടെ പദ്ധതി ഒരു വർഷം കൊണ്ട് പൂർത്തിയാക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നതെങ്കിലും ഇതിൽ ആദ്യ നാല് മാസങ്ങൾ ഇതിനകം പാഴായി. സ്റ്റേഡിയത്തിലെ ട്രാക്കും ഗാലറിയും തകർന്നു കിടക്കുകയാണ്. നഗരസഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലെ അടഞ്ഞുകിടക്കുന്ന മുറികൾ പലതും പൊട്ടിപ്പൊളിഞ്ഞു. അവധിക്കാലത്ത് സ്വകാര്യ മേഖലയിലുൾപ്പടെ ധാരാളം കായിക ക്യാമ്പുകൾ നടക്കുമ്പോഴാണ് സ്റ്റേഡിയം ആർക്കും പ്രയോജനമില്ലാതെ കിടക്കുന്നത്. അവധിക്കാല സാധ്യതകൾ മുൻകൂട്ടി കണ്ട് ഫുട്ബാൾ ഗ്രൗണ്ടെങ്കിലും സജ്ജമാക്കാൻ അധികൃതർ മുൻകൈയെടുത്തിരുന്നെങ്കിൽ ധാരാളം കായിക പ്രേമികൾക്ക് പ്രയോജനം ലഭിക്കുമായിരുന്നു. 2010ൽ ഒന്നാം ഘട്ട നിർമ്മാണം പൂർത്തിയായ സ്റ്റേഡിയത്തിൽ ഇന്നോളം ഒരു കായിക ഇനവും അരങ്ങേറിയിട്ടില്ല.
നടക്കുന്നത് മാലിന്യനിക്ഷേപം
മന്ത്രി വന്ന് ഉദ്ഘാടനം നിർവഹിച്ച് പോയ സ്ഥലമാണെങ്കിലും ഇവിടെ മാലിന്യം തള്ളുന്നതിന് ഒരു കുറവുമുണ്ടായിട്ടില്ല. കാട് കയറിയ ഭാഗം വെട്ടിതെളിക്കാത്തതാണ് ഇതിന് തുണയാകുന്നത്. മാലിന്യ നിക്ഷേപത്തെത്തുടർന്ന് തെരുവുനായ ശല്യവും കൂടുതലാണ്. മാസങ്ങൾക്ക് മുമ്പാണ് ഒറ്റദിവസം രണ്ട് പേരെ ഇവിടെ തെരുവുനായ അക്രമിച്ചത്. കോമ്പൗണ്ടിലെ വ്യാപാരികൾ കഷ്ടിച്ചാണ് നായ്ക്കളുടെ കടിയിൽ നിന്ന് രക്ഷപ്പെടുന്നത്.
സ്റ്റേഡിയം നവീകരണ പദ്ധതികൾ
4.5 കോടിയുടെ ആദ്യ അടങ്കൽ
നാച്ചുറൽ ടർഫ്
ഫിഫ സ്റ്റാൻഡേർഡ് ഫുട്ബാൾ ഗ്രൗണ്ട്
കായികതാരങ്ങൾക്കുള്ള ഡ്രസിംഗ് റൂമുകൾ, ടോയ്‌ലറ്റുകൾ
ഓട്ടോമാറ്റിക്ക് സ്പിംഗ്ലർ സിസ്റ്റം
ഡ്രെയിനേജ്, വൈദ്യുതീകരണം
6.42 കോടിയുടെ രണ്ടാം അടങ്കൽ
എട്ട് വരിയുടെ 400 മീറ്റർ സിന്തറ്റിക് ട്രാക്ക്
ലോംഗ് ജമ്പ് പിറ്റ്
ത്രോ ഇവന്റുകൾക്കുള്ള പിച്ച്
രണ്ടാംഘട്ട നിർമ്മാണത്തിന്റെ ആകെ ചെലവ്: 10.92 കോടി
കരാർ കാലാവധി : 9 മാസം
ഗ്രൗണ്ട് ഡ്രോയിംഗിനുള്ള ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്. താഴത്തെ നിലയിലെ ചില മുറികൾ കായിക താരങ്ങൾക്കുള്ള ഡ്രസിംഗ് മുറികളായി മാറ്റുന്നതിന് തുടക്കമായി. ക്വാറി സമരം മൂലം നിർമ്മാണ സാമഗ്രികൾ ലഭിക്കാത്തതാണ് നിലവിൽ നേരിടുന്ന പ്രതിസന്ധി
- പ്രദീപ് കുമാർ, ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |