ഇന്ന് തൃശൂർ പൂരം
പൂരദിവസം രാവിലെ മുതൽ ചെറുപൂരങ്ങളുടെ വരവാണ്.വെളുപ്പിന് നാലുമണി മുതൽ അതത് ക്ഷേത്രങ്ങളിൽ നിന്ന് ആനകളുടെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ ചെറുപൂരങ്ങൾ വടക്കുന്നാഥന്റെ പൂരപ്പറമ്പിലെത്തുന്നു. ആദ്യകാലത്ത് തിരുവമ്പാടി, പാറമേക്കാവുകൾ കടുത്ത മത്സരത്തോടെയാണത്രേ പൂരം നടത്തിയിരുന്നത്. പഴമക്കാർ പറയുന്ന മറ്റൊരു രസകരമായ കാര്യം കൂടി ഈ മത്സരത്തിലുണ്ട്. അതായത് പൂരത്തിനു കൊടി കയറിയാൽ പാറമേക്കാവ്,തിരുവമ്പാടി തട്ടകക്കാർ പൂരം കഴിയുന്നതുവരെ പരസ്പരം തട്ടകം മാറി സംബന്ധത്തിനു പോലും പോകില്ല. രണ്ടിടത്തെയും പൂരം ഏർപ്പാടുകൾ മറുഭാഗം അറിയാതിരിക്കാൻ വേണ്ടിയായിരുന്നു അത്! ഈ കല്പന ലംഘിച്ച് ആരെങ്കിലും പോയാൽ നാട്ടുകാർഇടപെട്ട് സംബന്ധം ഒഴിവാക്കുമെന്നുപോലുംപറഞ്ഞു കേട്ടിരുന്നു! തൃശ്ശൂർപൂരത്തെ ചക്കാലക്കൽ പൂരമെന്നും തങ്ങിപ്പൂരമെന്നും പറയാറുണ്ട്. ഒരിക്കൽ മണലിപ്പുഴയിൽ വെള്ളം കയറിയപ്പൊൾ ആറാട്ടുപുഴ പൂരം എഴുന്നെള്ളിപ്പിനുപോയ തിരുവമ്പാടിക്കാർ വിഗ്രഹം ഒരു ചക്കാലപ്പുരയിൽ ഇറക്കി വെച്ചെന്നും അതിന് പരിഹാരമായി പുണ്യാഹ കർമ്മം വേണമെന്ന് ശഠിച്ച ആറാട്ടുപുഴക്കാരോട് വിസമ്മതിച്ചെന്നും തർക്കംമൂത്ത് പൂരം കൂടാനാവാതെ തിരിച്ചു പോന്ന്, ശക്തൻതമ്പുരാനോട് ഈ സങ്കടം പറഞ്ഞപ്പോൾ തൃശ്ശൂരിലെ പൂരങ്ങൾ ഇനി മുതൽ വടക്കുംനാഥന്റെ സന്നിധിയിലാവട്ടെ എന്ന് അദ്ദേഹം ഉത്തരവിറക്കിയത്രെ.ഇങ്ങനെ പല കഥകൾ.
പൂരത്തലേന്ന് രാവിലെ മുതൽ ആനച്ചമയങ്ങൾ പ്രദർശിപ്പിക്കും. ചമയപ്രദർശനം പകൽ തുടങ്ങുമെങ്കിലും സന്ധ്യക്ക് ദീപാലംകൃതമായ വേദിയിൽ - വെളിച്ചത്തിന്റെ കടലിൽ കാണികൾ മുങ്ങി നിവരുന്നു. ആനകളുടെ നെറ്റിയുടെ വീതിക്കനുസരിച്ചാണ് നെറ്റിപ്പട്ടം തുന്നുക. രണ്ടു വലു കിണ്ണങ്ങൾ മസ്തകത്തിന്റെ അടുത്ത്. മുക്കിണ്ണം വലുകിണ്ണങ്ങൾക്ക് മുകളിൽ. അഞ്ചു ചെറുകിണ്ണങ്ങൾ, മുക്കിണ്ണത്തിന്റെ നാലു പുറവുമായി നാഗപടം. ഇവയെല്ലാം മുക്കുസ്വർണ്ണ മാണ്. മയിൽപീലി ഉപയോഗിച്ചിട്ടാണ് ആലവട്ടം ഉണ്ടാക്കുക. ചമരി മാനിന്റെ വാലാണ് വെഞ്ചാമരത്തിന് ഉപയോഗിക്കുക. ചമയ പ്രദർശന വേദിയിൽ നിന്ന് പുറത്തിറങ്ങുമ്പോൾ സാന്ധ്യ ശോഭ ഒരു മായാലോകം അനുഭവ വേദ്യമാക്കുന്നു. പൂരം പ്രമാണിച്ച് തൃശൂർ റൗണ്ട്മുഴുവൻ വൈവിദ്ധ്യമായി വൈദ്യുതമാലകളെക്കൊണ്ടും തോരണങ്ങളെക്കൊണ്ടും നിറയുന്നു. ഇലഞ്ഞിത്തറമേളത്തിന്റെ മുൻനിരയിൽ അതാതു വാദ്യത്തിലെ പ്രഗത്ഭർ നില്ക്കും. പ്രമാണിമാർ മുൻനിരയിൽ മദ്ധ്യസ്ഥാനം വഹിക്കും. മേളം മുറുകി കഴിഞ്ഞാൽ ആസ്വാദകർക്ക് ഹരം കേറുന്നു. ഇലഞ്ഞിത്തറമേളം കഴിഞ്ഞ് ആദ്യം പാറമേക്കാവുകാരും പിന്നീട് തിരുവമ്പാടിക്കാരും തെക്കേ ഗോപുരത്തിലൂടെ ദേശക്കാരുടെ ആർപ്പുവിളികളോടെ ഇറങ്ങുന്നതാണ് തെക്കോട്ടിറക്കം. പൂരത്തിന് മാത്രമേ തെക്കേ ഗോപുരം തുറക്കൂ. വെടിക്കെട്ട് ഏതാണ്ട് മൂന്നു മണിയോടെ തുടങ്ങും. അമിട്ടാണ് ആദ്യം പൊട്ടിക്കുക. പിന്നെ ഓലപ്പടക്കം- പടക്ക മാലകൾ പൊട്ടിക്കഴിയുമ്പോഴേക്കും ഗുണ്ടുകൾ പൊട്ടാൻ തുടങ്ങുന്നതോടെ വെടിക്കെട് ട് ഉച്ചസ്ഥായിയിലെത്തുന്നു. ഇതാണ് കൂട്ടപ്പൊരിച്ചിൽ. തീയും ശബ്ദവും കൂടി പേരു പോലെത്തന്നെ ഒരെരിപൊരി സഞ്ചാരം. അമിട്ടുകൾ മുകളിൽ പോയി പല നിറത്തിലും നിലയിലും പൊട്ടുന്നു. ശ്രാവ്യ ദൃശ്യേന്ദ്രിയങ്ങൾക്ക് അത്ഭുതവും ആനന്ദവും നിറച്ചുകൊണ്ട് ആളുകൾ അവയ്ക്കൊപ്പം തുള്ളിച്ചാടാൻ തുടങ്ങുന്നു. ഈ അമിട്ടുകൾ പൊട്ടുമ്പോഴാണ് ആകാശത്ത് വിരിഞ്ഞ കുടകൾ വിന്യസിച്ച കാഴ്ച നയനാഭമാകുന്നത്.സൂര്യന്റെ ഉഗ്രപ്രതാപം ഒന്നടങ്ങിയശേഷമാണ് കുടമാറ്റം തുടങ്ങുന്നത്. തിരുവമ്പാടിയാണ് കുടമാറ്റം തുടങ്ങിവെയ്ക്കുന്നത്. തിടമ്പേറ്റിയ ആനക്കുള്ള കുട ഓരോ പ്രാവശ്യവും മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമായിരിക്കും. ഓരോ ആനപ്പുറത്തും കുട കൂടാതെ ആലവട്ടവും വെൺചാമരവും ഉണ്ട്. ഓരോന്നും പൊക്കിക്കാണിക്കാൻ നിശ്ചിത ഇടവേളകളുമുണ്ട്. മേളക്കൊഴുപ്പിനൊപ്പം താളം പിടിക്കുന്ന ജനം. തേക്കിൻകാട് മൈതാനത്തിന്റെ കിടപ്പ് നിമ്നോന്നതമാകയാൽ പൂരപ്പറമ്പിൽ എവിടെ നിന്നാലും കുടമാറ്റവും കൂടിക്കാഴ്ചയും വെടിക്കെട്ടും കാണികൾക്കാസ്വദിക്കാം.
മറ്റൊരു പൂരപ്പറമ്പിനും ഇല്ലാത്ത ഈ ദൃശ്യ ചാരുത തൃശൂരിന്റെ മാത്രം സ്വന്തം. വർഷങ്ങൾക്കുശേഷമാണ് പിറ്റേന്ന് പകൽ പൂരം കാണാൻ സാധിച്ചത്.പാണ്ടി മേളം അവസാനിപ്പിച്ച് ശ്രീമൂലസ്ഥാനത്ത് അഭിമുഖമായി നിന്ന്, തിടമ്പേറ്റിയ കരിവീരന്മാരും, തുമ്പിക്കൈ ഉയർത്തി ഉപചാരം ചൊല്ലി പിരിയുമ്പോൾഎന്തുകൊണ്ടാണെന്നറിയില്ല എന്റെ മനസ്സും മൂകമായി. ആളുകളല്ല നിറങ്ങളാണ് ഒഴുകി പോകുന്നത് എന്ന് തോന്നും. പല വർണ്ണങ്ങളിലുള്ള പുഴ. മണിക്കൂറുകൾ നീണ്ട പഞ്ച വാദ്യത്തിന്റെയും പാണ്ടി മേളത്തിന്റെയും ശബ്ദത്തിന്റെ മാസ്മരികത ചിട്ടപ്പെടുത്തിയ ഒരു ഗാനം പോലെയാണ്. ഒച്ചയും ബഹളവും ആർപ്പുവിളികളും. എങ്ങും - ശബ്ദം -ശബ്ദം മാത്രം - അതിലങ്ങനെ ലയിക്കുക - ശബ്ദം തന്നെയാണ് പൂരം.
(ലേഖികയുടെ നമ്പർ
മൊബൈൽ: 9544325040)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |