തലശ്ശേരി: ചൊക്ലി ടൗൺ ജംഗ്ഷനിലെ ബസ് സ്റ്റോപ്പിൽ കഴിഞ്ഞ 32 വർഷമായി മാറ്റമില്ലാത്ത ഒരു കാഴ്ചയുണ്ട്. കൈക്ക് സ്വാധീനമില്ലെങ്കിലും പൊട്ടിയ ചെരിപ്പുകളും ബാഗുകളും കുടയുമെല്ലാം ഞൊടിയിടയിൽ നന്നാക്കിയെടുക്കുന്ന അദ്ഭുതക്കാഴ്ച. ഇടതുകൈ പാതി വളർച്ച മാത്രമുള്ള തമിഴ്നാട് ദിണ്ടിഗൽ സ്വദേശിയായ ഗണേശൻ ചൊക്ളിയുടെ ഭാഗമായി നിൽക്കുന്നത് അംഗവൈകല്യം മൂലമുള്ള സഹതാപകാഴ്ചയായിട്ടല്ല, എത്ര വലിയ പരിമിതിയേയും അദ്ധ്വാനം കൊണ്ട് മറികടക്കാൻ കഴിയുമെന്ന പ്രഖ്യാപനത്തിലൂടെയാണ്.
കോഴിക്കോട് എടച്ചേരിയിൽ നിന്നും ചൊക്ലിയിൽ കാലത്ത് ഒൻപതിന് എത്തുന്ന ഈ യുവാവ് ചൊക്ലിക്കാർക്ക് ഏറെ പ്രിയപ്പെട്ടവനാണ്. തന്റെ മുന്നിലൂടെ കടന്നുപോകുന്നവരെ നോക്കാൻ സമയം കിട്ടാതെ കഠിനമായി ജോലി ചെയ്താലും നിത്യവൃത്തിയ്ക്ക് ബുദ്ധിമുട്ടുന്ന അവസ്ഥയിൽ നിന്ന് ഗണേശന് മാറാൻ കഴിഞ്ഞിട്ടില്ല. സ്വന്തമായി ഒരു കൂരയുണ്ടാക്കാൻ ഇത്രയും വർഷം അദ്ധ്വാനിച്ചിട്ടും കഴിഞ്ഞിട്ടില്ല. രണ്ട് ബസ് കയറി വേണം ചൊക്ളിയിലെത്താൻ. ജീവിതത്തിന്റെ രണ്ടറ്റങ്ങൾ കൂട്ടിമുട്ടിക്കാനുള്ള തത്രപ്പാടിൽ ഒരു കൂരയൊരുക്കുന്നതെങ്ങനെയെന്ന ആലോചനയിലാണ് ഈ ചെറുപ്പക്കാരൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |