തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ഡിസ്ട്രിക്ട് ട്രാൻസ്‌പോർട്ട് ഓഫീസറായി വിരമിച്ച എൻ.മോഹൻകുമാറിന്റെ കുടുംബ പെൻഷനായി എട്ട് വർഷം നീണ്ട ഭാര്യ പേരൂർക്കട അമ്പലമുക്ക് വിശാഖിൽ സി.എ.ശാന്തകുമാരിയുടെ (75) നിയമപോരാട്ടം ഒടുവിൽ വിജയം കണ്ടു. കുടിശികയടക്കം 18,52,717 രൂപ പെൻഷൻ തുകയായി ശാന്തകുമാരിയുടെ ബാങ്ക് അക്കൗണ്ടിൽ കോർപ്പറേഷൻ കഴിഞ്ഞ ദിവസം നിക്ഷേപിച്ചു. അഡ്വ.വഴുതക്കാട് നരേന്ദ്രൻ മുഖേന ഫയൽ ചെയ്ത കേസിൽ ഹൈക്കോടതിയുടെ ഉത്തരവിനെത്തുടർന്നാണ് നടപടി. സ്വാതന്ത്ര്യ സമരത്തിൽ വെടിയേറ്റു മരിച്ച പേട്ട രാജേന്ദ്രന്റെ സഹോദരൻ മോഹൻകുമാർ ആറ്റിങ്ങൽ ഡിപ്പോയിൽ നിന്ന് 1998 മാർച്ചിലാണ് വിരമിച്ചത്. 2015 ഫെബ്രുവരിയിൽ മരിച്ചു. തുടർന്ന് കുടുംബ പെൻഷൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ശാന്തകുമാരി കെ.എസ്.ആർ.ടി.സിക്ക് അപേക്ഷ നൽകി. എന്നാൽ ഫലമുണ്ടായില്ല. ഇതോടെ അവർ ലീഗൽ സർവീസസ് അതോറിട്ടിയെ സമീപിച്ചു. അനുകൂല ഉത്തരവുണ്ടായെങ്കിലും പെൻഷൻ കിട്ടിയില്ല. ലോകായുക്തയിലും കേസെത്തിയെങ്കിലും പല കാരണങ്ങൾ പറഞ്ഞ് പെൻഷൻ നിഷേധിച്ചു. സർവീസ് രേഖയിൽ നോമിനിയെ നിയോഗിച്ചിട്ടില്ലെന്നതടക്കമുള്ള കാരണങ്ങൾ പെൻഷൻ നൽകാതിരിക്കാൻ കോർപ്പറേഷൻ നിരത്തി. ഒടുവിലാണ് കേസ് ഹൈക്കോടതിയിലെത്തിയത്. കുടിശിക ഉൾപ്പെടെ പെൻഷൻ നാലു മാസത്തിനകം നൽകാൻ കെ.എസ്.ആർ.ടി.സിയോട് ഹൈക്കോടതി നിർദ്ദേശിച്ചു. കെ.എസ്.ആർ.ടി.സി തയ്യാറായില്ല. ഇതോടെ ശാന്തകുമാരി കോടതിയലക്ഷ്യത്തിന് വക്കീൽ നോട്ടീസ് അയച്ചു. തുടർന്നാണ് കെ.എസ്.ആർ.ടി.സി തുക അനുവദിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |