കൊല്ലം: അത്യാസന്ന നിലയിലുള്ളവർക്ക് അത്യാധുനിക ചികിത്സ ലഭ്യമാക്കാനുള്ള ക്രിട്ടിക്കൽ കെയർ യൂണിറ്റ് പാരിപ്പള്ളി ഗവ. മോഡിക്കൽ കോളേജിൽ ഒന്നരവർഷത്തിനകം സജ്ജമാകും.
കാഷ്വാലിറ്റിയോട് ചേർന്ന് മൂന്ന് ഗ്രൗണ്ട് ഫ്ലോറിന് പുറമേ രണ്ട് നിലകൾ കൂടിയുള്ള കെട്ടിടത്തിന്റെ നിർമ്മാണത്തിനുള്ള ടെണ്ടർ നടപടികൾ തുടങ്ങി. 4250 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ 23.75 കോടി ചെലവിലാണ് നിർമ്മാണം. 50 കിടക്കകളാകും സി.സി.യു ബ്ലോക്കിൽ ഉണ്ടാവുക. ഇതിൽ ആറെണ്ണം ഹൈ ഡിപ്പെൻഡൻസി സംവിധാനങ്ങളോട് കൂടിയതാകും. കൊവിഡ് പോലുള്ള മഹാമാരികൾ ഉണ്ടായി അത്യാസന്ന നിലയിലാകുന്നവരുടെ എണ്ണം വർദ്ധിക്കുന്നത് പോലെയുള്ള സാഹചര്യങ്ങളെ നേരിടുകയാണ് സി.സി.യുവിന്റെ പ്രധാന ലക്ഷ്യം. മെഡിക്കൽ കോളേജിൽ നിലവിൽ ട്രോമാ കെയർ സംവിധാനമില്ലാത്തതിനാൽ ആദ്യഘട്ടത്തിൽ അപകടങ്ങളിലടക്കം അത്യാസന്ന നിലയിലാകുന്നവർക്കും സി.സി.യു കേന്ദ്രീകരിച്ച് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കും.
ഇതിനായി കാഷ്വാലിറ്റിയെയും സി.സി.യുവിനെയും പ്രത്യേക ഇടനാഴിയിലൂടെ ബന്ധിപ്പിക്കും. ഒന്നര വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. കിറ്റ്കോയാണ് നിർവഹണ ഏജൻസി. പ്രധാനമന്ത്രി ആയുഷ്‌മാൻ ഭാരത് ഹെൽത്ത് ഇൻഫ്രാസ്ട്രക്ചർ മിഷനിൽ നിന്നാണ് ഫണ്ട്.
കിടക്കകൾ - 50
വിസ്തീർണം - 4250 ചതുരശ്ര മീറ്റർ
ചെലവ് ₹ 23.75 കോടി
എല്ലാത്തരം ചികിത്സയും ഒരിടത്ത്
സി.സി.യു ബ്ലോക്കിന്റെ പ്രവർത്തനത്തിന് ആവശ്യമായ ഡോക്ടർമാരുടെയും പാരാമെഡിക്കൽ ജീവനക്കാരുടെയും പുതിയ തസ്തികകൾ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്
മെഡിക്കൽ കോളേജിൽ നിലവിൽ സർജിക്കൽ, മെഡിക്കൽ ഐ.സി.യുകളിൽ 19 കിടക്കകൾ
നിയോനേറ്റൽ ഐ.സി.യുവിൽ അഞ്ച് കിടക്കകൾ
പീഡിയാട്രിക് ഐ.സി.യുവിൽ 11 കിടക്ക
ഭാവിയിൽ സി.സി.യു ബ്ലോക്ക് കൂടുതൽ വികസിപ്പിച്ച് മറ്റ് ഐ.സി.യുകൾ ഇവിടേക്ക് മാറ്റാനാകും
ലാബ്, എക്‌സറേ, സ്കാനിംഗ് സംവിധാനങ്ങളും സി.സി.യു ബ്ലോക്കിൽ സജ്ജമാക്കും
എട്ടുകോടി ചെലവിൽ ട്രോമാ കെയർ
കാഷ്വാലിറ്റിയോട് ചേർന്ന് എട്ടുകോടി ചെലവിൽ ട്രോമാ കെയർ സെന്റർ നിർമ്മിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. ട്രോമാ കെയർ സംവിധാനമില്ലാത്തതിനാൽ അപകടങ്ങളിൽ പരിക്കേറ്റ് പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തുന്നവരെയെല്ലാം പ്രാഥമിക ചികിത്സ നൽകിയ ശേഷം റഫർ ചെയ്യുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |