തിരുവനന്തപുരം: കെ.എം. മാണിയുടെ അന്ത്യം കേരള കോൺഗ്രസിന്റേത് കൂടിയാവണമെന്ന് ചിലർ ആഗ്രഹിച്ചതായി കേരള കോൺഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി പറഞ്ഞു. സെന്റർ ഫോർ പൊളിറ്റിക്കൽ സയൻസ് കേരള ഏർപ്പെടുത്തിയ ജനപക്ഷ അവാർഡ് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാർ കോഴക്കേസ് അന്വേഷിക്കാമെന്ന സി.ബി.ഐ നിലപാട് കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന വിഷയമാണെന്നും ഹർജിക്കാരൻ പറഞ്ഞ കാര്യങ്ങളാണ് പുറത്തുവന്നതെന്നും കർഷക രാഷ്ട്രീയത്തെ സജീവമായി നിലനിറുത്തി മുന്നോട്ട് പോകുമെന്നും ജോസ് കെ. മാണി പറഞ്ഞു.
കർദ്ദിനാൾ ബസേലിയോസ് ക്ലീമിസ് കത്തോലിക്കാ ബാവ പുരസ്‌കാരം നൽകി.
അരാഷ്ട്രീയ വാദം വർഗ്ഗീയതയെ വളർത്തുമെന്നും മനുഷ്യരുടെ ദുർബലാവസ്ഥയിൽ കൈ പിടിച്ചുയർത്തുന്ന രാഷ്ട്രീയാവബോധമാണ് സമൂഹത്തിൽ വളരേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാംഗമായിരുന്നപ്പോൾ കോട്ടയം പാർലമെന്റ് മണ്ഡലത്തെ വികസന പ്രവർത്തനങ്ങളിലൂടെ ഇന്ത്യയിലെ ശ്രദ്ധേയ മണ്ഡലമാക്കാൻ ജോസ്.കെ.മാണിക്ക് കഴിഞ്ഞതായി ക്ലീമീസ് ബാവ പറഞ്ഞു.
അഡ്വ.ജോബ് മൈക്കിൾ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ കെ.ജെ. ദേവസ്യ, മുതിർന്ന മാദ്ധ്യമപ്രവർത്തകൻ ജേക്കബ് ജോർജ്, എം.ജി യൂണിവേഴ്സിറ്റി മുൻവൈസ് ചാൻസലർ ഡോ.എ.വി.ജോർജ്,ഡോ.കുര്യാസ് കുമ്പളക്കുഴി, സ്റ്റീഫൻ ജോർജ് എന്നിവർ സംസാരിച്ചു.
മതമൈത്രി ദുർബലമാക്കുന്നവ പ്രോത്സാഹിപ്പിക്കരുത്: ജോസ് കെ. മാണി
സംസ്ഥാനത്ത് മതമൈത്രി ദുർബലമാക്കുന്ന ഒന്നും പ്രോത്സാഹിപ്പിക്കാൻ പാടില്ലെന്ന് ജോസ് കെ.മാണി മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. കക്കുകളി നാടകം അംഗീകരിക്കാൻ കഴിയാത്തതാണ്. നാടകമായാലും സിനിമയായാലും ഇതേ നിലപാടാണെന്നും 'ദ കേരള സ്റ്റോറി 'സിനിമയുടെ പേരെടുത്ത് പറയാതെ അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |