ആലത്തൂർ: ബ്ലോക്ക് തല ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായി ആലത്തൂരിൽ ഇന്നും നാളെയുമായി വിത്തുത്സവം കർഷക മേള നടക്കും. ബോധി സെന്ററിൽ നടക്കുന്ന മേള ഇന്നുരാവിലെ ഒമ്പതിന് കെ.ഡി.പ്രസേനൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പ്രസിഡന്റ് രജനി ബാബു അദ്ധ്യക്ഷയാകും. ആത്മ സംസ്ഥാന കോഓർഡിനേറ്റർ ഡോ.കെ.ആഷ മുഖ്യാതിഥിയാകും. പ്രിൻസിപ്പൽ കൃഷി ഓഫീസർ ഇൻ ചാർജ് എൽ.ആർ.മുരളി മുഖ്യപ്രഭാഷണം നടത്തും. നാളെ നടക്കുന്ന പരിപാടികളുടെ ഉദ്ഘാടനം പി.പി.സുമോദ് എം.എൽ.എ നിർവഹിക്കും.
നൂറിലധികം നാടൻ നെൽവിത്തുകളും പച്ചക്കറി ഇനങ്ങളും
കൃഷി വകുപ്പിനോടൊപ്പം ആത്മ പദ്ധതി, കേരള കാർഷിക സർവകലാശാല, തണൽ തിരുവനന്തപുരം, കേരള ജൈവ കർഷക സമിതി, നിറ, ബോധി ആലത്തൂർ എന്നിവരുടെ സഹകരണത്തോടെ ബ്ലോക്കിലെ വിവിധ പഞ്ചായത്തുകളിലെ ജൈവ കർഷകരുടെ സംയുക്താഭിമുഖ്യത്തിലാണ് വിത്തുത്സവം.
മേളയുടെ ഭാഗമായി കാർഷിക രംഗത്തെ പ്രഗത്ഭരുടെ നേതൃത്വത്തിൽ ഋതുചര്യ, ദിനചര്യ, പ്രായോഗിക ജൈവകൃഷി, ഭക്ഷ്യസുരക്ഷയും ആരോഗ്യവും, മണ്ണാണ് ജീവൻ, ജൈവീക കീടനിയന്ത്രണം എന്നീ വിഷയങ്ങളിൽ സെമിനാറുകൾ, ജൈവകർഷകരെ ആദരിക്കൽ, അനുഭവം പങ്കുവെയ്ക്കൽ എന്നിവ നടക്കും.
തണൽ സംഘടനയുടെ വയനാട് കേന്ദ്രത്തിന്റെ നൂറിലധികം നാടൻ നെൽവിത്തുകൾ, വടക്കഞ്ചേരി കൃഷിഭവന്റെ ആഭിമുഖ്യത്തിൽ വിവിധ പാടശേഖരങ്ങളിലായി കർഷകർ കൃഷിയിറക്കിയ ചക് ഹാവോ, ഡി.ആർ.ആർ ധാൻ 45, 48 (ഭാരതത്തിലെ ആദ്യത്തെ സിങ്ക് സമ്പുഷ്ട നെല്ല്), വയലറ്റ് നിറമുള്ള ഡാബർശാല, കല്യാണി വയലറ്റ്, നസർ ബാത്ത്, കറുത്ത നിറമുള്ള കൃഷ്ണ കൗമോദ്, കാലാബേട്ടി, കറുവാച്ചി, രാംലീ, ജീരകശാല, ഞവര എന്നീ ഇനങ്ങളും മേളയിൽ ആകർഷകമാകും.
ജൈവവളങ്ങളും ലഭ്യം
ജൈവവളങ്ങൾ, ജൈവ വളക്കൂട്ടുകൾ, ജീവാണുവളങ്ങൾ, സ്യഡോമോണാസ്, ട്രൈക്കോഡെർമ, ബ്യവേറിയ, ലെക്കാനിസീലിയം ഉൾപ്പെടെയുള്ള ജൈവ കീടനാശിനികൾ, കുമ്മായം തുടങ്ങി കൃഷിക്കാവശ്യമായ എല്ലാ ജൈവ ഉത്പാദന ഉപാധികളും വിത്തുത്സവത്തിൽ ലഭിക്കും. മികച്ച കൃഷി സംസ്കാരത്തോടൊപ്പം ആരോഗ്യകരമായ ഭക്ഷണ ശീലത്തിനും ഭക്ഷണത്തിലെ വൈവിധ്യവത്കരണം സംബന്ധിച്ച അറിവുകൾക്കും വിത്തുത്സവത്തിൽ പ്രാധാന്യം നൽകുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |