കോട്ടയം: വാഗമണ്ണിൽ നിന്ന് ബിരിയാണി കഴിച്ച തൃശൂർ സ്വദേശി ഭക്ഷ്യവിഷബാധയേറ്റ് മരിച്ചതോടെ ഹോട്ടൽ ഭക്ഷണം വീണ്ടും വില്ലനാകുന്നു. സംക്രാന്തിയിൽ കുഴിമന്തി കഴിച്ച് യുവതി മരിച്ചതിന് പിന്നാലെ പരിശോധന സജീവമായപ്പോൾ ഹോട്ടലുകൾ നിലവാരമുള്ള ഭക്ഷണം വിതരണം ചെയ്തിരുന്നു. എന്നാൽ നിലവിൽ പരിശോധനകൾ ഏറെക്കുറെ നിലച്ച മട്ടാണ്. അതിനാൽ ഹോട്ടൽ ഭക്ഷണത്തിന്റെ നിലവാരം വീണ്ടും താഴേക്കുപോവുകയായിരുന്നു. കാര്യമായ പരാതികളില്ലാതായതോടെ പരിശോധന പേരിന് മാത്രമായി. ഈസ്റ്ററും റംസാനും വിഷുവും പ്രമാണിച്ച് തുടർച്ചയായി അവധിയായതോടെ ഉദ്യോഗസ്ഥർ ഉഴപ്പിയെന്നും ആക്ഷേപമുണ്ട്. അവധിക്കാലത്ത് കുടുംബത്തോടെ ഹോട്ടലുകളിൽ ആളെത്തുന്ന സാഹചര്യത്തിൽ പരിശോധന കാര്യക്ഷമമാക്കിയില്ലെങ്കിൽ വലിയ ദുരന്തങ്ങൾ ഉണ്ടായേക്കാം. ജില്ലയിൽ ഏറ്റവും കൂടുതൽ പരിശോധന നടത്തിയതും പിഴയീടാക്കിയതും സംക്രാന്തി സംഭവത്തിന് ശേഷം ഓപ്പറേഷൻ ഷവർമയിലൂടെയായിരുന്നു.
വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പരിശോധനയില്ല
കുമരകം, വാഗമൺ അടക്കമുള്ള ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ദിവസവും ആയിരങ്ങളെത്തുമ്പോഴും ഇവിടെയുള്ള ഹോട്ടലുകളിൽ പരിശോധന കാര്യക്ഷമമല്ല. അന്യ ജില്ലകളിൽ നിന്നുള്ളവരാണ് കൂടുതലെത്തുന്നത്. ഭക്ഷണം കഴിച്ച് പണികിട്ടിയാലും പരാതി പറഞ്ഞ് വീണ്ടും വരില്ലെന്നത് ഹോട്ടലുകാരും മുതലാക്കുന്നു. ഭക്ഷ്യ സുരക്ഷാ വകുപ്പിൽ നിന്നുള്ള കണക്കനുസരിച്ച് ഈ സ്ഥലങ്ങളിൽ കഴിഞ്ഞ മാസം ഒരു പരിശോധനയും നടത്തിയിട്ടില്ല. ഇതിന് പിന്നിൽ ഹോട്ടൽ ഉടമകളുടെ ഇടപെടലുകളുണ്ടെന്ന ആക്ഷേപവും ശക്തമാണ്.
മരിക്കണോ ഉണരാൻ
ഭക്ഷ്യ വിഷബാധയേറ്റുള്ള മരണം റിപ്പോർട്ട് ചെയ്തതിന് ശേഷം ജില്ലയിലെ 9 സർക്കിൾ ഓഫീസുകളിൽ നിന്നായി 2000ന് മുകളിൽ പരിശോധനയാണ് നടത്തിയത്. 12.69 ലക്ഷം രൂപ പിഴയുമീടാക്കി.
പിഴത്തുകയിങ്ങനെ
2019-20: 3.52 ലക്ഷം
2020-21: 17,000
2021-22: 2.02ലക്ഷം
2022-23:12.69 ലക്ഷം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |