കോന്നി: എട്ടുവയസുകാരിയെയും രണ്ട് സ്ത്രീകളെയും വീട്ടിൽ പൂട്ടിയിട്ട് പീഡിപ്പിച്ച മന്ത്രവാദിനിക്കും സഹായിക്കും വേണ്ടി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. മലയാലപ്പുഴ പൊതീപ്പാട് വാസന്തി മഠത്തിൽ ശോഭനയും ഒപ്പം താമസിച്ചിരുന്ന ഉണ്ണികൃഷ്‌ണനുമാണ് ഒളിവിൽ പോയത്. പത്തനാപുരം സ്വദേശി അനീഷ് ജോണിന്റെ ഭാര്യ ശുഭ, മകൾ ലിയ, അനീഷിന്റെ മാതാവ് എസ്തർ എന്നിവരെയാണ് വീട്ടിൽ പൂട്ടിയിടുകയും ആഭിചാര കർമ്മം നടത്തുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തത്.
ആഭിചാര കർമ്മങ്ങൾ നടത്തിയിരുന്ന ശോഭനയെയും ഉണ്ണികൃഷ്ണനെയും ഇലന്തൂർ ഇരട്ട നരബലി കേസിനെ തുടർന്ന് നടത്തിയ പരിശോധനയിൽ നേരത്തെ അറസ്റ്റുചെയ്തിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങിയ ഇവർ ജയിലിൽ വച്ച് പരിചയപ്പെട്ട അനീഷ് ജോണിനെയും ശുഭയെയും ജാമ്യത്തിലിറങ്ങാൻ സഹായിച്ചിരുന്നു. സാമ്പത്തിക തട്ടിപ്പുകേസിൽ അറസ്റ്രിലായതായിരുന്നു അനീഷും ശുഭയും.
സ്വന്തമായി വീടില്ലാത്ത അനീഷും കുടുംബവും ഒരുമാസമായി വാസന്തി മഠത്തിലാണ് താമസം. അനീഷിനെയും ശുഭയെയും ജാമ്യത്തിൽ ഇറക്കാനായി ചെലവായ തുക ഇതിനിടെ ശോഭന ആവശ്യപ്പെട്ടതോടെ തർക്കമായി. ഇതോടെ അനീഷ് വീട്ടിൽ നിന്ന് കടന്നു. തുടർന്നാണ് മൂവരേയും ഭക്ഷണം നൽകാതെയും ആഭിചാര കർമ്മങ്ങൾ നടത്തിയും പീഡിപ്പിച്ചത്.
അടുത്ത ദിവസം പൂജ നടക്കുമ്പോൾ പുറത്തുനിന്ന് ആളുകളെത്തുമെന്നും മൂവരെയും കൊല്ലുമെന്നും ചൊവ്വാഴ്ച ശോഭന ഭീഷണിപ്പെടുത്തിയിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് ശോഭന വീട്ടിൽ ഇല്ലാതിരുന്നപ്പോൾ ഇവർ നിലവിളിച്ച് നാട്ടുകാരുടെ സഹായം തേടി. അയൽവാസികൾ വിവരം കുടുംബശ്രീയുടെ യോഗം നടന്ന സ്ഥലത്തെത്തി അറിയിച്ചു. കുടുംബശ്രീ പ്രവർത്തകരും ഡി.വൈ.എഫ്.ഐ പ്രവർത്തകരുമെത്തി വാതിൽ തകർത്ത് മോചിപ്പിക്കുകയായിരുന്നു. പൊലീസ് സ്റ്റേഷനിലെത്തിച്ച ഇവരെ ബന്ധുക്കളെത്തി കൂട്ടിക്കൊണ്ടുപോയി.
ശോഭന എന്ന
വാസന്തിഅമ്മ
മന്ത്രവാദവുമായി പല സ്ഥലങ്ങളിൽ താമസിച്ചിരുന്ന ശോഭന (52) 2016ലാണ് വാസന്തിഅമ്മ എന്ന പേര് സ്വീകരിച്ച് മലയാലപ്പുഴയിൽ താമസം തുടങ്ങിയത്. വീടിന് വാസന്തി മഠം എന്ന് പേരുമിട്ടു. പണം പലിശയ്ക്ക് കൊടുത്തിരുന്ന ഇവർ പണം വാങ്ങിയ ഒരാളിൽ നിന്ന് തട്ടിയെടുത്തതാണ് ഇൗ വീട്. കുട്ടിയെ ആഭിചാരകർമ്മം നടത്തി മർദ്ദിക്കുന്ന വീഡിയോ പുറത്തായതോടെയാണ് നേരത്തെ ഇവരെ അറസ്റ്റ് ചെയ്തത്. എന്നാൽ ജാമ്യത്തിലിറങ്ങി വീണ്ടും മന്ത്രവാദം തുടരുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |