തൃപ്പൂണിത്തുറ: പാതയോരത്ത് കക്കൂസ് മാലിന്യം തള്ളുന്നതു തടയാൻ ശ്രമിച്ച മരട് നഗരസഭാ കൗൺസിലർ മർദ്ദനമേറ്റ് ആശുപത്രിയിലായി. മാലിന്യം തള്ളിയ മട്ടാഞ്ചേരി സ്വദേശികളായ നസീം, നിസാം, സനോജ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. വാഹനവും കസ്റ്റഡിയിൽ എടുത്തു.
14-ാം ഡിവിഷൻ കൗൺസിലർ സി.വി. സന്തോഷിനെയാണ് മരട് പി.എസ്. മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ പുലർച്ചെ ഒന്നരയോടെ ദേശീയ പാതയോരത്ത് വികാസ് നഗറിലെ കാനയിലേക്ക് മാലിന്യം തള്ളുകയായിരുന്ന രണ്ടു ടാങ്കറുകളെയാണ് തടഞ്ഞത്. ഒരു ലോറി വെട്ടിച്ച് കടന്നപ്പോൾ രണ്ടാമത്തെ ലോറിക്കു മുന്നിൽ കൗൺസിലർ തന്റെ കാർ കുറുകെയിട്ടതോടെ പ്രതികൾ അക്രമിക്കുകയായിരുന്നു. പൊലീസും ഫ്ലയിംഗ് സ്ക്വാഡും സ്ഥലത്തെത്തി.
രണ്ടു കാറുകളിൽ കൂടുതൽ പേർ എത്തിയെങ്കിലും പൊലീസിനെ കണ്ട് മുങ്ങി. മുമ്പും മാലിന്യം തള്ളുന്നതിന്റെ ചിത്രവും വാഹന നമ്പറുമടക്കം പൊലീസിൽ പരാതി നൽകിയിട്ടും ഫലമുണ്ടായില്ല. കസ്റ്റഡിയിൽ എടുത്ത മൂന്ന് പേരെയും പുലർച്ചെ ജാമ്യം നൽകി വിട്ടയച്ചതും പ്രതിഷേധത്തിന് ഇടയാക്കി.
സംഭവത്തിൽ യു.ഡി.എഫ് പ്രവർത്തകർ മരട് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ചും നടത്തി.
മരട് കൊട്ടാരം ജംഗ്ഷനിൽ നിന്ന് ആരംഭിച്ച മാർച്ചിൽ നഗരസഭാ ചെയർമാൻ ആന്റണി ആശാംപറമ്പിൽ, വൈസ് ചെയർപേഴ്സൺ അഡ്വ. രശ്മി സനിൽ സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ പി.ഡി രാജേഷ്, മിനി ഷാജി, ചന്ദ്രകലാധരൻ തുടങ്ങിയവർ പങ്കെടുത്തു.
രാത്രികാല പട്രോളിംഗ് നടത്തണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫ് പ്രവർത്തകർ നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചു. എൽ.ഡി.എഫ് പാർലിമെന്ററി പാർട്ടി ലീഡർ സി.ആർ. ഷാനവാസ്, എം.പി. സുനിൽകുമാർ, എൻ.ജെ. സജീഷ് കുമാർ, ദിഷാപ്രതാപൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |