നെടുമ്പാശേരി: വിമാനത്താവളത്തിൽ എമിഗ്രേഷൻ - കസ്റ്റംസ് പരിശോധനകളെല്ലാം പൂർത്തിയാക്കി പുറത്തുകടന്ന യാത്രക്കാരനിൽനിന്ന് പൊലീസ് 36.5ലക്ഷം രൂപയുടെ അനധികൃത സ്വർണം പിടിച്ചു. ഇയാളെ കൂട്ടിക്കൊണ്ടുപോകാനെത്തിയ ആളും പിടിയിലായി.
ദുബായിൽനിന്ന് നെടുമ്പാശേരിയിലെത്തിയ ഇരിങ്ങാലക്കുട മുരിയാക്കാട്ടിൽവീട്ടിൽ സൂരജ് (28), കൂട്ടിക്കൊണ്ടുപോകാനെത്തിയ മലപ്പുറം പൊന്നാനി കുട്ടിയമാക്കാനകത്ത് വീട്ടിൽ മുഹമ്മദ് ഫൈസൽ റഹ്മാൻ (25) എന്നിവരെയാണ് നെടുമ്പാശേരി പൊലീസ് അറസ്റ്റുചെയ്തത്. ക്യാപ്‌സൂൾ രൂപത്തിലാക്കി മലദ്വാരത്തിലൊളിപ്പിച്ച നിലയിൽ 634 ഗ്രാം സ്വർണമാണ് സൂരജിൽനിന്ന് പിടികൂടിയത്. നാല് ക്യാപ്‌സൂളുകളാക്കിയാണ് സ്വർണം കൊണ്ടുവന്നത്.
റൂറൽ ജില്ലാ പൊലീസ് മേധാവി വിവേക്‌കുമാറിന്റെ നിർദ്ദേശത്തെ തുടർന്ന് പ്രത്യേക പൊലീസ് ടീമിനെ എയർപോർട്ടിലും പരിസരത്തും നിരീക്ഷണത്തിനായി നിയോഗിച്ചിട്ടുണ്ട്. സംശയം തോന്നിയ ഇവരെ പരിശോധനയ്ക്കായി എയ്ഡ്പോസ്റ്റിൽ തടഞ്ഞുനിറുത്തി. തുടർന്ന് നടന്ന അന്വേഷണത്തിലാണ് സ്വർണം കണ്ടെത്തിയത്.
കഴിഞ്ഞ 30ന് വിദേശത്തുനിന്ന് അനധികൃതമായി കടത്തിക്കൊണ്ടുവന്ന 20പവൻ സ്വർണം വിമാനത്താവള പാർക്കിംഗ് ഏരിയക്ക് സമീപം പൊലീസ് പിടികൂടിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പള്ളുരുത്തി സ്വദേശി അജ്മൽ അനസിനെ പൊലീസ് അറസ്റ്റുചെയ്തു. ഇൻസ്‌പെക്ടർ സോണി മത്തായി, സബ് ഇൻസ്‌പെക്ടർ എസ്. ശിവപ്രസാദ്, എ.എസ്.ഐ ഷിജു, ബൈജു കുര്യൻ, എസ്.സി.പി.ഒ ബിന്ദു എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |