തൃശൂർ: കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് ഭരണസമിതിയുടെയും സെക്രട്ടറിയുടെയും മാനേജരുടെയും ഒത്താശയോടെ വസ്തുക്കളുടെ ഈടിൽ 50 ലക്ഷം രൂപ വായ്പ എടുത്ത് തട്ടിപ്പു നടത്തിയ കേസിൽ രണ്ടാം പ്രതിയായ ഭരണസമിതി അംഗത്തിന്റെ ഭാര്യാപിതാവിന്റെ ജാമ്യാപേക്ഷ തള്ളി.
ചാവക്കാട് ഒരുമനയൂർ മുത്തൻമാവ് കക്കോടി വീട്ടിൽ അജിത്ത്കുമാർ മേനോന്റെ (65) ജാമ്യാപേക്ഷയാണ് ജില്ലാ സെഷൻസ് ജഡ്ജി പി.എൻ. വിനോദ് തള്ളിയത്.
ചാലക്കുടി അന്നനാട് കാമ്പളത്തുവീട്ടിൽ ഗൗതം ബോസിന്റെയും മാതാപിതാക്കളുടെയും കൂട്ടായ പേരിലുള്ള വസ്തുക്കളാണ് കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് ഭരണസമിതിയിലെ അംഗങ്ങളും സെക്രട്ടറിയും മാനേജരും ഒത്താശ നടത്തി തട്ടിച്ചത്.
കൃത്രിമ രേഖകൾ ചമച്ച് ബാങ്കിൽ ഈടുവച്ച് 50 ലക്ഷം രൂപ കൈക്കലാക്കുകയായിരുന്നു. വായ്പാത്തുക റബ്‌കോ കമ്മിഷൻ ഏജന്റിന്റെ അക്കൗണ്ടിലേക്ക് വക മാറ്റിയാണ് വൻതിരിമറി നടത്തിയത്. ക്രൈം ബ്രാഞ്ചിന്റെ അന്വേഷണത്തിലായ കേസിൽ അറസ്റ്റ് ഒഴിവാക്കാനായി പ്രതി സെഷൻസ് കോടതി മുമ്പാകെ മുൻകൂർ ജാമ്യാപേക്ഷ ഫയൽ ചെയ്തിരുന്നു.
ക്രൈംബ്രാഞ്ചിന്റെ കേസ് ഫയലും രേഖകളും കോടതി പരിശോധിച്ചു. പ്രതിക്ക് മുൻകൂർ ജാമ്യം നൽകുന്നത് തെറ്റായ സന്ദേശം നൽകുമെന്നും കേസിലെ തുടർ അന്വേഷണങ്ങൾക്ക് പ്രതിയെ കസ്റ്റഡിയിലെടുക്കേണ്ടതുണ്ടന്നുമുള്ള ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ കെ.ബി. സുനിൽകുമാറിന്റെ വാദം കണക്കിലെടുത്താണ് മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |