തൃശൂർ: ഏഴാം വയസിൽ തുടങ്ങിയ 'റൂബിക്‌സ് ക്യൂബ് അഭ്യാസം' കടലിനടിയിലും നടത്തി എറണാകുളം കാക്കനാട് ഭവൻസ് ആദർശ് വിദ്യാലയത്തിലെ പ്‌ളസ്ടു വിദ്യാർത്ഥി അദ്വൈത്. അവധിക്കാലം അടിച്ചുപൊളിക്കാൻ കുടുംബസമേതം ആൻഡമാൻ നിക്കോബറിലെ ഹാവ് ലോക്ക് ഐലൻഡിലെത്തിയപ്പോഴാണ് അദ്വൈത് കടലിലേക്ക് സ്‌കൂബാഡൈവ് ചെയ്ത ശേഷം വെറും 22 സെക്കൻഡിൽ റുബിക്‌സ് ക്യൂബ് സോൾവ് ചെയ്തത്.
സ്‌കൂബാ ഡൈവിംഗിൽ ശ്രദ്ധേയനായ ബന്ധു സാജനാണ് കടലിനടിയിൽ റുബിക്‌സ് ക്യൂബ് സോൾവിംഗ് ആശയം പറഞ്ഞത്. ഓക്‌സിജൻ സിലിണ്ടറും മറ്റുമായി സാജനൊപ്പം 300 മീറ്ററോളം ദൂരം കടലിലേക്ക് നീന്തി, 20 അടി താഴ്ചയിലെത്തിയപ്പോൾ സോൾവിംഗ് തുടങ്ങി. കരയിലാണെങ്കിൽ അദ്വൈതിന് വെറും പത്ത് സെക്കൻഡ് മതി. കടലിനടിയിൽ മസ്തിഷ്‌കപ്രവർത്തനം കുറയുമെന്നതുകൊണ്ടാണ് വേഗം കുറഞ്ഞതെന്ന് ഇവർ കരുതുന്നു.
യൂറോപ്യൻ ചാനലിൽ പോർട്രെയിറ്റ് ചെയ്യുന്നത് കണ്ട് ലോക്ഡൗൺ കാലത്ത് റുബിക്‌സ് ക്യൂബുകൾ കൊണ്ട് ഛായാചിത്രങ്ങൾ ഒരുക്കിയും ശ്രദ്ധേയനായിരുന്നു അദ്വൈത്. അച്ഛന്റെയും അമ്മയുടെയും വിവാഹചിത്രമാണ് ആദ്യമായി ചെയ്തത്. ആലപ്പുഴയിൽ ലോകമേ തറവാട് പ്രദർശനത്തിൽ ' വേൾഡ് ഈസ് വൺ ഫാമിലി ' എന്ന പേരിൽ 400 ക്യൂബ് കൊണ്ട് റിവേഴ്‌സ് ലോഗോ ചെയ്തിരുന്നു.
ഒരു ഫ്രെയിമിൽ റുബിക്‌സ് ബോക്‌സുകളുടെ പിൻവശം നിരത്തി മുൻഭാഗത്ത് ചിത്രം വരുന്ന രീതിയിലാണിത്. ദുബായ് ഭരണാധികാരിയുടെ ഛായാചിത്രം ചെയ്തതോടെ അറേബ്യൻ ബുക്ക് ഒഫ് റെക്കാഡ്‌സിൽ ഇടം ലഭിച്ചു. സ്വാമി വിവേകാനന്ദൻ, കുമാരനാശാൻ, രാഷ്ടപതി, പ്രധാനമന്ത്രി, മുഖ്യമന്ത്രി, രജനീകാന്ത്, മമ്മൂട്ടി, മോഹൻലാൽ, കെ.എസ്. ചിത്ര, കുഞ്ചാക്കോബോബൻ തുടങ്ങി നൂറോളം പ്രശസ്തരുടെ ഛായാചിത്രങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്.
യു.ആർ.എഫ് ഏഷ്യൻ റെക്കാഡ്, ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്‌സ് തുടങ്ങിയ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. തൃശൂരിൽ ഹാൻഡ് ലൂം ബിസിനസുകാരനായ വരടിയം മാനഴിയിൽ ഗിരീഷിന്റെയും എറണാകുളത്ത് എയ്റോ സ്‌പേസ് ഇൻഡസ്ട്രിയിലുള്ള ബിന്ധ്യയുടെയും മകനാണ്. സഹോദരി അവന്തിക അഞ്ചാം ക്‌ളാസ് വിദ്യാർത്ഥിനിയാണ്.
റുബിക്‌സ് ക്യൂബ് സോൾവിംഗിനൊപ്പം സ്‌കൂബാ ഡൈവിംഗിലും താത്പര്യമുണ്ട്. പഠനത്തോടൊപ്പം അത്തരം കോഴ്‌സുകളും പൂർത്തിയാക്കണമെന്നാണ് ആഗ്രഹം.
- അദ്വൈത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |