ലണ്ടൻ: വെസ്റ്റ്മിൻസ്റ്റർ ദേവാലയത്തിൽ, പതിന്നാലാം നൂറ്റാണ്ടിലെ സിംഹാസനത്തിൽ ചെങ്കോലേന്തി, കിരീടം ധരിച്ച്, സ്വർണ അംഗവസ്ത്രവും രാജചിഹ്നങ്ങളും അണിഞ്ഞ് ചാൾസ് മൂന്നാമൻ രാജാവ്. ബ്രിട്ടൻ വീണ്ടും രാജാവിന്റെ യുഗത്തിലേക്ക്.
ആയിരം വർഷത്തോളം പഴക്കമുള്ള പരമ്പരാഗത ആചാരപ്പെരുമയുടെ പ്രൗഢിയിലായിരുന്നു കിരീടധാരണം. രാജ്ഞിയായി ചാൾസിന്റെ ഭാര്യ കാമില്ലയുടെ കിരീടധാരണവും പ്രത്യേകം നടന്നു. കാന്റർബറി ആർച്ച് ബിഷപ്പ് ജസ്റ്റിൻ വെൽബിയാണ് ചാൾസിനെ 360 വർഷം പഴക്കമുള്ള സെന്റ് എഡ്വേർഡ്സ് കിരീടം അണിയിച്ചത്. തുടർന്ന് അദ്ദേഹം ചാൾസിന്റെ ശിരസിലും നെഞ്ചിലും കരങ്ങളിലും വിശുദ്ധതൈലം ലേപനം ചെയ്‌ത് പവിത്രമായ ചടങ്ങുകൾ പൂർത്തിയാക്കി. 2000ത്തിലേറെ അതിഥികളെയും ലോകമെമ്പാടുമുള്ള വിശ്വാസികളെയും പുതിയ രാജാവിനോടു കൂറ് പ്രഖ്യാപിക്കാൻ ആർച്ച് ബിഷപ്പ് ക്ഷണിച്ചു. പിന്നാലെ ഹിന്ദു, സിക്ക്, മുസ്ലീം, ബുദ്ധ, ജൂത മതപ്രതിനിധികൾ ആശംസാ വചസുകൾ അർപ്പിച്ചു.
എലിസബത്ത് രാജ്ഞിയുടെ 80ാം പിറന്നാൾ ആഘോഷത്തിന് നിർമ്മിച്ച, ആറ് കുതിരകളെ പൂട്ടിയ സ്വർണം പൂശിയ ഡയമണ്ട് ജൂബിലി രഥത്തിലാണ് ചാൾസും ഭാര്യ കാമിലയും കൊട്ടാരത്തിൽ നിന്ന് വെസ്റ്റ്മിൻസ്റ്റർ ദേവാലയത്തിൽ എത്തിയത്. ബക്കിംഗ്ഹാം കൊട്ടാരം മുതൽ വെസ്റ്റ്മിൻസ്റ്റർ ആബി വരെ റോഡുകളിൽ ആളുകൾ തിങ്ങിനിറഞ്ഞിരുന്നു.
ചടങ്ങിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ബൈബിളിലെ ഭാഗങ്ങൾ വായിച്ചു. ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകർ, ഭാര്യ സുദേഷ് ധൻകർ, ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ്, ന്യൂസീലൻഡ് പ്രധാനമന്ത്രി ക്രിസ് ഹിപ്കിൻസ് തുടങ്ങിയവർ പങ്കെടുത്തു.
# 74-ാം വയസിൽ സ്ഥാനാരോഹണം
വെസ്റ്റ്മിൻസ്റ്റർ ദേവാലയത്തിൽ കിരീടധാരിയാവുന്ന നാല്പതാമത്തെ ബ്രിട്ടീഷ് രാജാവാണ് 74കാരനായ ചാൾസ് മൂന്നാമൻ. കിരീടധാരിയാകുന്ന ഏറ്റവും പ്രായമുള്ള വ്യക്തിയും.
മാതാവായ രണ്ടാം എലിസബത്ത് രാജ്ഞി കഴിഞ്ഞ സെപ്തംബറിൽ മരണമടഞ്ഞതോടെയാണ് കിരീടാവകാശിയായി ചാൾസ് രാജാവായി ഉയർത്തപ്പെട്ടത്. മതപരമായ ആചാരങ്ങളോടെ രാജസ്ഥാനം സ്ഥിരീകരിക്കുന്ന ചടങ്ങാണ് കിരീട ധാരണം. 1937ന് ശേഷം ആദ്യമായാണ് ബ്രിട്ടനിൽ ഒരു രാജാവിന്റെ കിരീട ധാരണം.
ചടങ്ങിന് ശേഷം ചാൾസ് രാജാവും കാമില രാജ്ഞിയും 1760ൽ നിർമ്മിച്ച, എട്ട് കുതിരകൾ വലിക്കുന്ന സുവർണ രഥത്തിൽ ബക്കിംഗ്ഹാം കൊട്ടാരത്തിലേക്ക് ഘോഷയാത്രയായി തിരിച്ചുപോയി. കൊട്ടാരത്തിന്റെ ബാൽക്കണിയിൽ ഇരുവരും ജനങ്ങളെ അഭിവാദ്യം ചെയ്‌തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |