
ഇസ്ലാമാബാദ് : രാജ്യത്തിന്റെ ഔദ്യോഗിക എയർലൈൻസ് കമ്പനിക്ക് പിന്നാലെ മറ്റൊരു പൊതുമേഖലാ സ്ഥാപനവും പാകിസ്ഥാൻ വിൽക്കുന്നു. സൈനിക നിയന്ത്രണത്തിലുള്ള ഫൗജി ഫൗണ്ടേഷൻ എന്ന കമ്പനിയുടെ ഓഹരിയാണ് യു.എ.ഇക്ക് വിൽക്കാൻ ചർച്ച നടക്കുന്നത്. രാജ്യത്തെ പ്രധാന പൊതുമേഖലാ സ്ഥാപനമാണിത്. യു.എ.ഇയുമായി ഇതുസംബന്ധിച്ച് ചർച്ച നടക്കുകയാണെന്നും വൈകാതെ ധാരണയിലെത്തുമെന്നും ഇഷാഖ് ദാർ പറഞ്ഞു. 100 കോടി ഡോളറിന്റെ ഓഹരിയാണ് യു.എ.ഇക്ക് വിൽക്കുക. ഇതോടെ സർക്കാരിനുള്ള ബാദ്ധ്യതകൾ തീരുമെന്നാണ് പ്രതീക്ഷ. മാർച്ച് 31ന് മുമ്പ് എല്ലാ ഇടപാടുകളും പൂർത്തിയാക്കാനാണ് പാക് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുകയാണ് പാകിസ്ഥാൻ. 9180 കോടി ഡോളറാണ് വിദേശകടം. മൊത്തം പൊതുകടം 28680 കോടി ഡോളറും, ഐ,എം,എഫ് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും ലാഭകരമല്ലാത്ത കമ്പനികൾ വിറ്റഴിക്കണമെന്നാണ് നിബന്ധന. ഇതുപ്രകാരമാണ് പണ കണ്ടെത്താൻ വേണ്ടി ഭേദപ്പെട്ട കമ്പനികൾ വിൽക്കുന്നത്.
കഴിിഞ്ഞ ദിവസം യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് പാകിസ്ഥാൻ സന്ദർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫൗജി ഫൗണ്ടേഷന്റെ ഓഹരികൾ വിൽക്കുമെന്ന് പാകിസ്ഥാൻ പ്രഖ്യാപിച്ചത്. അടുത്തിടെ പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് ഏകദേശം 13500 കോടി രൂപയ്ക്ക് ആരിഫ് ഹബീബ് ഗ്രൂപ്പിന് വിറ്റിരുന്നു. എയർലൈൻസിന്റെ 75 ശതമാനം ഓഹരികളാണ് ലേലത്തിൽ വച്ചത്. ആരിഫ് ഹബീബ് ഗ്രൂപ്പ് 90 ദിവസത്തിനുള്ളിൽ വിമാനക്കമ്പനിയുടെ ശേഷിക്കുന്ന 25 ശതമാനം ഓഹരികൾ വാങ്ങണം. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ 8000 കോടി രൂപ പുതിയ നിക്ഷേപം നടത്താനും കമ്പനി ബാദ്ധ്യസ്ഥരാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |