
പി.എസ്.ജിയുടെ
ചരിത്രനേട്ടം
ഈ വർഷത്തെ യുവേഫ ചാമ്പ്യൻസ് ലീഗ് ജേതാക്കളായത് ഫ്രഞ്ച് ക്ളബ് പാരീസ് സെന്റ് ജർമ്മെയ്നാണ്. മറുപടിയില്ലാത്ത അഞ്ചു ഗോളുകൾക്ക് മുൻ ചാമ്പ്യന്മാരായ ഇറ്റാലിയൻ ക്ളബ് ഇന്റർ മിലാനെ മലർത്തിയടിച്ചാണ് പി.എസ്.ജി തങ്ങളുടെ ചരിത്രത്തിലെ ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടത്തിൽ മുത്തമിട്ടത്.പ്രീ ക്വാർട്ടറിൽ ലിവർപൂളിനെയും ക്വാർട്ടറിൽ ആസ്റ്റൺ വില്ലയേയും മറികടന്ന പാരീസ് സെമിയിൽ ആഴ്സനലിനെ ആദ്യപാദത്തിൽ 1-0ത്തിനും രണ്ടാം പാദത്തിൽ 2-1നും തോൽപ്പിച്ചാണ് ഫൈനലിലെത്തിയത്.
ഫൈനലിന്റെ ആദ്യ പകുതിയിൽ രണ്ടുഗോളുകൾക്ക് മുന്നിലായിരുന്ന പി.എസ്.ജി രണ്ടാം പകുതിയിൽ മൂന്നുഗോളുകൾ കൂടി നേടി ഇറ്റാലിയൻ ക്ളബിനെ അക്ഷരാർത്ഥത്തിൽ മുട്ടുകുത്തിക്കുകയായിരുന്നു. ഇരട്ട ഗോളുകൾ നേടിയ 19കാരനായ ഡിസീയേ ഡുവേ, ഓരോ ഗോളടിച്ച അഷ്റഫ് ഹക്കീമി, വീച്ച വരാട്ട്സ്കേലിയ,സെന്നി മയിലു എന്നിവർ ചേർന്നാണ് ഇന്ററിന്റെ വലനിറച്ചത്. രണ്ട് ഗോളുകൾക്കും നിരവധി ആക്രമണങ്ങൾക്കും വഴിയൊരുക്കിയ സെന്റർ ഫോർവേഡ് ഒസ്മാനേ ഡെംബലേയും പാരീസിന്റെ പട്ടാഭിഷേകത്തിൽ നിർണായകപങ്കുവഹിച്ചു. 19-ാം വയസിൽ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഇരട്ട ഗോളുകൾ നേടുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്ത് ഡിസീയേ ഡുവേ സൂപ്പർ സ്റ്റാറായി .
ഈ സീസണിലെ മികച്ച കളിക്കാരനായി പാരീസ് എസ്.ജിയുടെ സ്ട്രൈക്കർ ഒസ്മാനേ ഡെംബലേയാണ് തിരഞ്ഞെടുക്കപ്പെട്ടത്. എട്ടുഗോളുകളാണ് ഡെംബലെ സീസണിൽ നേടിയത്.
ഡെംബലെയും
അയ്‌താനയും
ചാമ്പ്യൻസ് ലീഗിൽ ഈ സീസണിലെ മികച്ച കളിക്കാരനായി പാരീസ് എസ്.ജിയുടെ സ്ട്രൈക്കർ ഒസ്മാനേ ഡെംബലേയാണ് തിരഞ്ഞെടുക്കപ്പെട്ടത്. എട്ടുഗോളുകളാണ് ഡെംബലെ സീസണിൽ നേടിയത്. ഈ വർഷത്തെ ഫിഫ ബെസ്റ്റ് പുരസ്കാരവും ബാലൺ ഡി ഓർ പുരസ്കാരവും ഡെംബലെയെത്തേടിയെത്തി. വനിതകളിൽ ബാഴ്സലോണ ക്ളബിന്റെ സ്പാനിഷ് താരം അയ്‌താന ബോൺമതിയാണ് ഈ രണ്ട് പുരസ്കാരങ്ങളും നേടിയത്. തുടർച്ചയായ മൂന്നാം വർഷമാണ് അയ്‌താനയെത്തേടി ഈ പുരസ്കാരങ്ങൾ എത്തുന്നത്.
നേഷൻസ് ലീഗിൽ
ക്രിസ്റ്റ്യാനോ കിരീടം
യുവേഫ നേഷൻസ് ലീഗ് ഫുട്ബാൾ കിരീടം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ സ്വന്തമാക്കി.യൂറോ കപ്പ് ജേതാക്കളായ സ്പെയ്നിനെയാണ് ഫൈനലിലെ പെനാൽറ്റി ഷൂട്ടൗട്ടിൽ പോർച്ചുഗൽ തോൽപ്പിച്ചത്. തന്റെ കാലം കഴിഞ്ഞുവെന്ന് സന്ദേഹപ്പെട്ടവർക്ക് മുന്നിലാണ് 40-ാം വയസിൽ രാജ്യത്തിന്റെ നായകക്കുപ്പായമണിഞ്ഞ് ക്രിസ്റ്റ്യാനോ മൂന്നാമത്തെ കിരീടം തോളിലേറ്റിയത്. നിശ്ചിത സമയത്ത് 2-2ന് സമനിലയിൽ പിരിഞ്ഞതിനെ തുടർന്നാണ് ഷൂട്ടൗട്ട് വേണ്ടിവന്നത്. പോർച്ചുഗീസ് താരങ്ങളൊക്കെയും കിക്കുകൾ വലയിലെത്തിച്ചപ്പോൾ സ്പാനിഷ് നായകൻ അൽവാരോ മൊറാട്ട എടുത്ത നാലാമത്തെ കിക്ക് പറങ്കി ഗോളി ഡീഗോ കോസ്റ്റ തട്ടിത്തെറുപ്പിച്ചതാണ് മത്സരത്തിന്റെ വിധികുറിച്ചത്.
കേരളത്തിന് ദേശീയ
നിരാശയുടെ ഗെയിംസ്
2025ലെ ഇന്ത്യയിലെ ആദ്യ കായിക ഉത്സവം ഉത്തരാഖണ്ഡിൽ നടന്ന ദേശീയ ഗെയിംസായിരുന്നു. ജനുവരി-ഫെബ്രുവരി മാസങ്ങളിലായി ഡെറാഡൂണിൽ നടന്ന 38-ാമത് ദേശീയ ഗെയിംസിൽ ചരിത്രത്തിലെ തന്നെ തങ്ങളുടെ ഏറ്റവും മോശംസ്ഥാനത്താണ് കേരളം ഫിനിഷ് ചെയ്തത് . 13 സ്വർണവും 17 വെള്ളിയും 24 വെങ്കലങ്ങളുമടക്കം 54 മെഡലുകൾ മാത്രം നേടിയ കേരളം മെഡൽപ്പട്ടികയിൽ 14-ാംസ്ഥാനത്താണെത്തിയത്. 66 സ്വർണമുൾപ്പടെ 116 മെഡലുകൾ നേടിയ സർവീസസാണ് ഗെയിംസ് ചാമ്പ്യന്മാർ. മെഡൽപ്പട്ടികയിൽ മാത്രമല്ല അത്‌ലറ്റിക്സിലെ നിരവധി ഇനങ്ങളിൽ കേരളത്തിന്റെ കുപ്പായമണിഞ്ഞ് ഇറങ്ങാൻ ആളുപോലുമില്ലാത്ത ഈ അവസ്ഥ കേരളത്തിന്റെ കായികഭാവിയെക്കുറിച്ച് വലിയ ചോദ്യചിഹ്നമാണ് ഉയർത്തിയത്.
ചരിത്രത്തിലാദ്യമായി ആദ്യ പത്ത് സ്ഥാനത്തിനുള്ളിൽ നിന്ന് പുറത്തുപോയെന്നതും ആകെ 13 സ്വർണമെഡലുകളേ നേടാനായുള്ളൂ എന്നതും കേരളത്തെ നാഷണൽ ലെവലിൽ നാണംകെടുത്തി. അഞ്ചുസ്വർണം ലഭിച്ച നീന്തലാണ് ഇക്കുറി കേരളത്തെ ഈ രീതിയിലേക്കെങ്കിലും എത്തിച്ചത്. സ്പോർട്സ് കൗൺസിൽ ടെക്നിക്കൽ കമ്മറ്റി എതിർത്തിട്ടും കോടതിവിധിയുടെ അനുമതിയോടെ മത്സരിച്ച വോളിബാളിലൂടെയാണ് ഓരോ സ്വർണവും വെള്ളിയും ലഭിച്ചത്.കഴിഞ്ഞ തവണ മൂന്ന് സ്വർണം ലഭിച്ച അത്‌ലറ്റിക്സിൽ നിന്ന് രണ്ട് സ്വർണമെഡലുകൾ മാത്രമാണ് ഇക്കുറി ലഭിച്ചത്. ഫുട്ബാളിൽ സ്വർണം നേടിയതാണ് ഉത്തരാഖണ്ഡിൽ നിന്ന് കേരളത്തിന് ലഭിച്ച ഒരു പോസിറ്റീവ് വാർത്ത.
രഞ്ജി ട്രോഫിയിൽ
ആദ്യ ഫൈനൽ
ആഭ്യന്തര ക്രിക്കറ്റിലെ സുപ്രധാന ടൂർണമെന്റായ രഞ്ജി ട്രോഫിയിൽ കേരളം ആദ്യമായി ഫൈനലിലെത്തിയ സീസണാണ് 2024 - 25. ഈവർഷം ജനുവരിയിൽ വിദർഭയ്ക്ക് എതിരായ ഫൈനലിൽ വിജയിച്ച് കിരീടമുയർത്താനായില്ലെങ്കിലും കേരളത്തിന്റെ ക്രിക്കറ്റ് ചരിത്രത്തിൽ സുവർണലിപികളിൽ രേഖപ്പെടുത്തി സച്ചിൻ ബേബി നയിച്ച സംഘം നേടിയ റണ്ണേഴ്സ് അപ്പ് സ്ഥാനം . ഈ ചരിത്രനേട്ടം നേടിത്തന്ന നായകൻ സച്ചിൻ ബേബിയെ നായകസ്ഥാനത്തുനിന്ന് മാറ്റിയാണ് ഈ വർഷംതന്നെ പുതിയ സീസണിൽ കേരളം രഞ്ജിയിൽ ഇറങ്ങിയത്. എന്നാൽ ആദ്യഘട്ട മത്സരങ്ങൾ അവസാനിക്കുമ്പോൾ എലൈറ്റ് ഗ്രൂപ്പിൽ നിന്ന് മുന്നോട്ടുപോകാൻ കേരളത്തിന് കഴിയുമോ എന്ന ആശങ്കയിലാണ്.
കെ.സി.എല്ലിൽ
കൊച്ചി രാജാവ്
കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിച്ച കേരള ക്രിക്കറ്റ് ലീഗിന്റെ (കെ.സി.എൽ) രണ്ടാം എഡിഷനിൽ കൊച്ചി ബ്ളൂ ടൈഗേഴ്സ് ജേതാക്കളായി. നിലവിലെ ചാമ്പ്യന്മാരായിരുന്ന കൊല്ലം സെയ്‌ലേഴ്സിനെയാണ് കൊച്ചി ഫൈനലിൽ തോൽപ്പിച്ചത്. കൊച്ചിക്കും കൊല്ലത്തിനും പുറമേ കാലിക്കറ്റ് ഗ്ളോബ്സ്റ്റാർസ്, തൃശൂർ ടൈറ്റാൻസ് എന്നീ ടീമുകളാണ് സെമിഫൈനലിലെത്തിയത്. ട്രിവാൻഡ്രം റോയൽസും ആലപ്പി റിപ്പിൾസും സെമിഫൈനൽ കാണാതെ പുറത്തായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |