കോഴിക്കോട്: ബഡ്ജറ്റിലെ പ്രഖ്യാപനങ്ങളെല്ലാം കടലാസിൽ ഒതുങ്ങിയതോടെ പ്രതിസന്ധിയിലായി നാളികേര കർഷകർ.
പച്ചത്തേങ്ങയ്ക്ക് തറവില പുതുക്കി നിശ്ചയിച്ച് സംഭരിക്കുമെന്ന ബഡ്ജറ്റ് പ്രഖ്യാപനം വെെകുന്നതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. നാളികേര ഉത്പന്നങ്ങളുടെ വില തുടർച്ചയായ രണ്ടാം വർഷവും ഇടിഞ്ഞിട്ടു പച്ചത്തേങ്ങയ്ക്കു സർക്കാർ പ്രഖ്യാപിച്ച തറ വില കർഷകർക്കു പ്രയോജനപ്പെടാതേ പോകുകയാണ്. സംഭരണത്തിനുള്ള ക്രമീകണങ്ങൾ ഒരുക്കുന്നതിൽ കൃഷി വകുപ്പ് പരാജയപ്പെടുമ്പോൾ കർഷകർ നേരിടുന്നത് കോടികളുടെ നഷ്ടമാണ്. സംഭരണം കാര്യക്ഷമമായി നടക്കാതായതോടെ വിപണിയിലും കാര്യമായ ചലനമില്ല. കൂടാതെ ജില്ലയിൽ ആവശ്യത്തിന് സംഭരണ കേന്ദ്രങ്ങൾ ഇല്ലാത്തതും പ്രതിസന്ധി ഇരട്ടിയാക്കി. ഒരു കിലോ നാളികേരത്തിന് 34 രൂപയാക്കി ഉയർത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും നടപ്പായില്ല.
പൊതുമാർക്കറ്റിൽ 27 രൂപയാണ് വില. കഴിഞ്ഞ സീസണിൽ പച്ചത്തേങ്ങയ്ക്ക് 29 രൂപയായി ഇടിഞ്ഞപ്പോഴാണ് സർക്കാർ 32 രൂപ തറവിലയ്ക്കു സംഭരണം തുടങ്ങിയത്. പക്ഷേ, മാർക്കറ്റിൽ വില കുത്തനെ ഇടിഞ്ഞ് 23 രൂപയിലെത്തി. 34 രൂപ താങ്ങുവിലയായാൽ ഒരു തേങ്ങയ്ക്ക് കർഷകന് ലഭിക്കുക ഏകദേശം 11.33 രൂപയാണ്. കേന്ദ്ര കൃഷി മന്ത്രാലയത്തിനു കീഴിലുള്ള കമ്മിഷൻ ഫോർ അഗ്രികൾചറൽ കോസ്റ്റ് ആൻഡ് പ്രൈസസിന്റെ (സി.എസി.പി) കണക്കനുസരിച്ച് കേരളത്തിൽ ഒരു തേങ്ങയുടെ ഉൽപാദനച്ചെലവ് 9.87 രൂപയാണ്. എന്നാൽ, ഇത് 16 രൂപയോളമാണെന്നും ഉൽപാദനച്ചെലവിനെക്കാൾ കുറവാണ് താങ്ങുവിലയിലുള്ളതെന്നുമാണ് കർഷകർ പറയുന്നത്. അതേ സമയം ഇപ്പോഴത്തെ വിപണിവിലയുമായി താരതമ്യം ചെയ്യുമ്പോൾ താങ്ങുവില ആശ്വാസകരമാണ്. പക്ഷേ സംഭരണം കാര്യക്ഷമമല്ലാത്തതിനാൽ കർഷകർ കടക്കെണിയിലാണ്. സംഭരണ കേന്ദ്രങ്ങളിലേക്ക് വാഹനങ്ങളിൽ നാളികേരം എത്തിക്കുന്നതും കർഷകർക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കുന്നത്. ഇതോടെ എട്ടര രൂപയ്ക്ക് നാളികേരം ഇടനിലക്കാർ വഴി വിൽപന നടത്തേണ്ട ഗതികേടിലാണ് കർഷകർ.
തീരാതെ ദുരിതം
പാമോയിൽ ഇറക്കുമതിയും ചകിരി ഉൽപന്നങ്ങളുടെ വില തകർച്ചയും നാളികേര വിപണിയെ ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ നാല് വർഷത്തോളമായി തുടർച്ചയായുള്ള വിലയിടിവ് മൂലം തെങ്ങിന് വളമിടൽ, തടമെടുക്കൽ പോലുള്ള പണി ചെയ്യാനുള്ള സാമ്പത്തിക ശേഷി പോലും കർഷകർക്കില്ല.വീട്ടുപരിസരത്ത് തെങ്ങുകൃഷി ചെയ്യുന്നവരുടെ സ്ഥിതി തോട്ടങ്ങളിൽ കൃഷി ചെയ്യുന്നവരേക്കാൾ കഷ്ടമാണെന്നും കർഷകർ പറയുന്നു. ഒരു തെങ്ങിൽ നിന്ന് തേങ്ങ ഇടണമെങ്കിൽ തെങ്ങുകയറ്റതൊഴിലാളിക്ക് 60 രൂപ കൊടുക്കണം. പലയിടങ്ങളിലും തോന്നിയ വിലയാണ് തേങ്ങ ഇടാൻ തൊഴിലാളികളും ഈടാക്കുന്നത്. ഒരു തെങ്ങിൽ നിന്ന് പത്തുതേങ്ങ കിട്ടിയാലും കൂലിപോലും മുതലാകില്ല.
സീസൺ കഴിഞ്ഞ് സംഭരണം നടത്തിയാൽ നാളികേര കർഷകർക്ക് ഗുണം ലഭിക്കില്ലെന്നും അതിനാൽ സംഭരണം സഹകരണ സംഘങ്ങളെ ഏൽപിക്കണമെന്ന ആവശ്യവും ശക്തമാണ്.
പ്രതിസന്ധികൾ
സർക്കാർ പ്രഖ്യാപിച്ച തറ വില നടപ്പാക്കിയില്ല
വളത്തിന്റെ വില വർദ്ധന
മതിയായ സംഭരണ കേന്ദ്രങ്ങളില്ല
തേങ്ങ ഇടാനുള്ള കൂലി
ചകിരി ഉൽപന്നങ്ങളുടെ വില തകർച്ച
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |