തിരുവനന്തപുരം: എ.ഐ ക്യാമറ, കെ-ഫോൺ പദ്ധതികളിലെ അഴിമതിയിൽ ജുഡിഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് കോടതിയെ സമീപിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി .
ജുഡിഷ്യൽ അന്വേഷണമെന്ന കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും ആവശ്യത്തോട് സർക്കാർ മുഖം തിരിക്കുന്നത് ഭയമുള്ളതിനാലാണ്. മാനദണ്ഡങ്ങൾ ലംഘിച്ച് കരാർ നൽകിയതിന്റെ തെളിവുകൾ പുറത്തുവന്നിട്ടും മറുപടി പറയാതെ ഇരുട്ടുകൊണ്ട് ഓട്ടയടയ്‌ക്കാനാണ് മുഖ്യമന്ത്രിയുടെയും സി.പി.എം നേതാക്കളുടെയും ശ്രമം. തെളിവുകളെ ദുരാരോപണങ്ങളായി ചിത്രീകരിച്ച് പുകമറ സൃഷ്ടിക്കാനുള്ള മുഖ്യമന്ത്രിയുടെ തന്ത്രം വിലപ്പോവില്ല. മുഖ്യമന്ത്രിയും പരിവാരങ്ങളും നടത്തുന്ന നെറികേടിനും സാമ്പത്തികക്കൊള്ളയ്ക്കും കുട പിടിക്കാനും ജയ് വിളിക്കാനും പൊതുജനം സി.പി.എമ്മിന്റെ അടിമകളല്ല.
നിയമപരമായ പോരാട്ടങ്ങൾക്കൊപ്പം ജനരോഷം ആളിക്കത്തിക്കുന്ന സമരപരമ്പര കോൺഗ്രസ് തെരുവിലേക്ക് വ്യാപിപ്പിക്കും. അഴിമതിയിൽ മുങ്ങിയ പദ്ധതി ജനത്തെ വെല്ലുവിളിച്ച് നടപ്പാക്കുന്നതിന് പകരം സത്യം പുറത്തുവരുന്നത് വരെ പെറ്റിയടിക്കാനുള്ള തീരുമാനം സർക്കാർ ഉപേക്ഷിക്കണം. കോടികളുടെ കമ്മിഷൻ ഇടപാട് ജനം മനസിലാക്കിയതിന്റെ ജാള്യതയിലാണ് മുഖ്യമന്ത്രി. വിടുവായത്തം വിളമ്പി കരാറുകൾ ന്യായീകരിക്കുന്ന സി.പി.എം നേതാക്കൾ സ്വയം പരിഹാസ്യരാവുകയാണ്.
ക്യാമറപദ്ധതിയിലെ ക്രമക്കേട് രണ്ടുവർഷം മുമ്പേ വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറിക്ക് അറിയാമായിരുന്നുവെന്ന് എസ്.ആർ.ഐ.ടിയിൽ നിന്ന് ഉപകരാർ നേടിയ അൽഹിന്ദ് കമ്പനി വെളിപ്പെടുത്തിയതാണ്. അന്ന് ഇത് പരിശോധിക്കാതിരുന്ന പ്രിൻസിപ്പൽ സെക്രട്ടറി ഇപ്പോൾ നടത്തുന്ന അന്വേഷണം പ്രഹസനമാകും. പ്രതിപക്ഷ ആരോപണത്തിന് ഉത്തരം പറയില്ലെന്ന വെല്ലുവിളി ജനങ്ങളെ പരിഹസിക്കലാണ്. കോൺഗ്രസിന്റെ ആരോപണങ്ങൾ ശരിവയ്ക്കുന്നതാണ് ഉപകരാർ ലഭിച്ച ലൈറ്റ് മാസ്റ്റേഴ്സ് ലൈറ്റിംഗ്, അൽഹിന്ദ് കമ്പനികളുടെ തുറന്നുപറച്ചിലെന്നും സുധാകരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |