പാലക്കാട്: നെല്ല് ഉത്പാദനം വർദ്ധിപ്പിക്കാൻ അധികം മൂപ്പില്ലാത്ത വിത്തുപയോഗിച്ച് കർഷകരെല്ലാവരും ഒരേസമയം ഒരേ രീതിയിൽ കൃഷിയിറക്കുന്ന 'ഏകീകൃത കൃഷി' നടപ്പാക്കാൻ തയ്യാറെടുക്കുകയാണ് ജില്ല. കർഷകരും പാടശേഖര സമിതികളും കൃഷിവകുപ്പ് ഉദോഗസ്ഥരും കൂടിയാലോചനകൾക്ക് ശേഷം വിത്തിറക്കവും നടീലും ജലസേചനവും ക്രമപ്പെടുത്തി ഏകീകൃത കൃഷിക്കായി കാർഷിക കലണ്ടർ തയാറാക്കും.
മേയ് അവസാനം മുതൽ ജൂൺ ആദ്യം വരെ ഞാറ്റടി തയാറാക്കുക. ജൂൺ പകുതിയോടെ നടീലിന് തുടക്കമാകും. സെപ്റ്റംബറിൽ കൊയ്ത്തും നടക്കുമെന്ന രീതിയിലാകും ക്രമീകരണം. തുടർന്ന് ഒക്ടോബർ മാസത്തിൽ തന്നെ രണ്ടാംവിളയിറക്കണം. ഇതിനായി നവംബർ ആദ്യം തന്നെ ജലസേചനം ഉറപ്പാക്കും. ഫെബ്രുവരി അവസാനം, മാർച്ച് ആദ്യ ആഴ്ചയോടെ ജില്ലയിലെ കൊയ്ത്ത് സജീവമാകും. മഴ കൂടി കണക്കിലെടുത്താവും ജലസേചന കലണ്ടർ തയാറാക്കുക. ഇത്തവണ ഒന്നാം വിളയിറക്കുന്ന വൈകാതിരിക്കാൻ ഞാറ്റടി തയാറാക്കുന്നതിലും ഈ രീതി പിന്തുടരാണ് ആലോചന. ജലസേചന സൗകര്യം കൂടുതലുള്ള പാടശേഖര സമിതികൾക്ക് കീഴിൽ ഞാറ്റടി തയാറാക്കി മറ്റിടങ്ങളിലേക്കും ലഭ്യമാക്കും.
വെള്ളം ലഭ്യമാക്കണം
വേനൽ മഴയിൽ കുറവ് വന്നതോടെ പൊടിവിത നടത്താനാകാതെ പ്രതിസന്ധിയിലാണ് കർഷകർ. വേനൽ മഴ പ്രതീക്ഷിച്ചപോലെ ലഭിച്ചില്ലെങ്കിൽ മേയ് അവസാനത്തോടെ ഞാറ്റടി തയാറാക്കാനായി വാലറ്റം വരെ വെള്ളം കിട്ടുന്ന വിധത്തിൽ മലമ്പുഴ ഡാം തുറക്കണമെന്നാണ് കർഷകരുടെ ആവശ്യം. നിലവിൽ മലമ്പുഴയിൽ ഇതിനുള്ള വെള്ളം ഇല്ലെങ്കിലും മഴയുടെ ലഭ്യതയനുസരിച്ചു അടുത്ത മാസം ഉപദേശകസമിതി യോഗം ചേർന്ന് വിഷയത്തിൽ തീരുമാനമെടുക്കും.
വിത്ത് യഥാസമയം ലഭ്യമാക്കും
പാടശേഖര സമിതികളിൽ നിന്നുള്ള ആവശ്യപ്രകാരം വിത്തു ലഭ്യമാക്കാൻ സംസ്ഥാന വിത്തു വികസന അതോറിറ്റിക്ക് അപേക്ഷകൾ കൈമാറിയതായി കൃഷിവകുപ്പ് അറിയിച്ചു. സംസ്ഥാന വിത്തു വികസന അതോറിറ്റിയിൽ നിന്നു നാഷണൽ സീഡ് കോർപറേഷനിൽ നിന്നോ വിത്ത് യഥാസമയം ലഭ്യമാക്കുമെന്നും അധികൃതർ ഉറപ്പ് നൽകി.
പാലക്കാട്ടുകാർക്ക് പ്രിയം ഉമയോട്
പാലക്കാട്ടെ ഭൂരിഭാഗം കർഷകരും ഉമ നെൽവിത്താണ് ഉപയോഗിക്കുന്നത്. നല്ല വിളവും ലഭിക്കുമെന്നതാണ് കാരണം. 140 ദിവസം വരെയാണു മൂപ്പ്. ഒന്നും രണ്ടും വിളകളിലായി 280 ദിവസംവേണ്ടിവരും.
പാലക്കാട്ട് പകുതി കർഷകരും ഒന്നാംവിളയ്ക്കു പൊടിവിതയാണു പതിവ്. വിഷു കഴിഞ്ഞാൽ പാടത്തു വിതയ്ക്കുന്നതാണു പതിവ്. എന്നാൽ ഇത്തവണ വേനൽമഴ വേണ്ടത്ര ലഭിക്കാത്തതിനാൽ പൊടിവിതയ്ക്കു പാടം സജ്ജമാക്കാനായിട്ടില്ല. പ്രളയം ഒഴിവാക്കാൻ ഡാമുകൾക്കുള്ള റൂൾ കർവ് നിബന്ധന വെള്ളം വെറുതെ പാഴായിപ്പോകാൻ കാരണമാകുന്നു. കൃഷിഐക്കാരുടെ ആവശ്യം പരിഗണിച്ച് ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കണം. തുറന്നു വിടുന്ന വെള്ളം കരുതിവച്ചാൽ അത് കൃഷിക്കു സഹായകരമാകുമെന്നും.
കർഷകർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |