തൃശൂർ: വടക്കേ സ്റ്റാൻഡ് വടക്കേച്ചിറയിൽ എൻജിനിയറിംഗ് ബിരുദധാരികൾ തുടങ്ങിയ 100 ഡിഗ്രീസ് സെൽഷ്യസ് എന്ന ഫുഡ് കോർട്ട് മറിച്ചിട്ട് നശിപ്പിച്ചതിൽ പരാതിപ്പെട്ടിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് പരാതി. കഴിഞ്ഞ ഏപ്രിൽ 14ന് പുലർച്ചെയാണ് അത്യന്താധുക സജ്ജീകരണങ്ങളോടെയുള്ള ഭക്ഷണ വിതരണ കേന്ദ്രം മറിച്ചിട്ട നിലയിൽ കണ്ടെത്തിയത്. ഒരു മാസമെത്താറായിട്ടും സമീപത്തെ സി.സി.ടി.വി ദൃശ്യം പോലും പരിശോധിക്കാൻ പൊലീസ് തയ്യാറായില്ലെന്ന് പ്രമോട്ടർമാരായ അജിത് കെ. സിറിയക്, ജിന്നി തോമസ് എന്നിവർ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. ആധുനിക സജ്ജീകരണങ്ങളുള്ള തട്ടുകട നശിപ്പിച്ചതിനെത്തുടർന്ന് ഏഴ് ലക്ഷം നഷ്ടമുണ്ടായി. ഫുഡ് കോർട്ട് സ്ഥാപിച്ചതിന് ശേഷം രാഷ്ട്രീയ ബന്ധമുള്ള തൊഴിലാളി സംഘടനാംഗങ്ങളുമായി തർക്കം നിലനിന്നിരുന്നു. ഇവരായിരിക്കാം സംഭവത്തിന് പിന്നിലെന്ന് കാണിച്ചായിരുന്നു തൃശൂർ ഈസ്റ്റ് പൊലീസിൽ ജില്ലാ വ്യവസായ കേന്ദ്രം നൽകിയ പരാതി. എന്നാൽ കേസെടുക്കാൻ തക്ക കുറ്റമൊന്നുമില്ലെന്ന് പറഞ്ഞ് ഈസ്റ്റ് പൊലീസ് പരാതി നിരസിച്ചു. തുടർന്ന് പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയതിന് ശേഷം മൊഴിയെടുത്തെങ്കിലും തുടർനടപടി ഉണ്ടായില്ലെന്നും ഇവർ ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |