മലപ്പുറം: താനൂർ ബോട്ടപകടത്തെ കുറിച്ച് അന്വേഷിക്കാൻ ജുഡീഷ്യൽ കമ്മീഷനെ നിയമിച്ച് സർക്കാർ. ജസ്റ്റിസ് വി കെ മോഹനന്റെ നേതൃത്വത്തിലുള്ള സമിതിയെയാണ് മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തിയത്. സംസ്ഥാനത്തെ മുഴുവൻ യാനങ്ങളിലും സ്പെഷ്യൽ സ്ക്വാഡ് രൂപീകരിച്ച് പരിശോധന നടത്താൻ തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. ബോട്ടുകളിൽ കയറ്റാവുന്ന പരമാവധി യാത്രക്കാരുടെ എണ്ണം പൊതുജനങ്ങൾക്ക് കാണാവുന്ന രീതിയിൽ പ്രദർശിപ്പിക്കും. തദ്ദേശ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ ജാഗ്രതാ സമിതികൾ രൂപീകരിക്കാനും തീരുമാനമായി.
അതേസമയം, സംഭവത്തിൽ ഉദ്യോഗസ്ഥ വീഴ്ച ബോദ്ധ്യപ്പെട്ടെന്നും അന്വേഷണ റിപ്പോർട്ട് കിട്ടിയാൽ ഉടൻ കർശന നടപടി ഉണ്ടാകുമെന്നും സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അറിയിച്ചു. ഉദ്യോഗസ്ഥ തലത്തിൽ വീഴ്ച ഉണ്ടായിയെന്ന് പ്രാഥമികമായി ബോദ്ധ്യപ്പെട്ടെന്ന് സ്ഥലം സന്ദർശിച്ച മനുഷ്യാവകാശ കമ്മീഷൻ അറിയിച്ചു. സംഭവത്തിൽ എസ്‌പി, ചീഫ് പോർട്ട് സർവേയർ എന്നിവരിൽ നിന്നും മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്.
അതേസമയം, അമിത ലാഭം നേടാൻ ഇരുപത് ദിവസത്തോളം ബോട്ട് എല്ലാ മാനദണ്ഡങ്ങളും കാറ്റിൽപ്പറത്തി സർവീസ് നടത്തി എന്നാണ് നാസറിന്റെ റിമാന്റ് റിപ്പോർട്ടിൽ പൊലീസ് പറയുന്നത്. ബോട്ടിന്റെ ഡെക്കിൽ പോലും ആളുകളെ കയറ്റിയെന്നും അന്വേഷണത്തിൽ കണ്ടെത്തി. അതിനിടെ അപകടത്തിൽപ്പെട്ട ബോട്ടിന്റെ സ്രാങ്കിനെ പൊലീസ് പിടികൂടി. ലൈസൻസ് ഇല്ലാതെ ബോട്ട് ഓടിച്ച ഡ്രൈവർ ദിനേശിനെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്.
അപകടം നടന്ന ദിവസം മുതൽ ഒളിവിലായിരുന്ന ഡ്രൈവർ ദിനേശൻ ഇന്ന് രാവിലെയാണ് താനൂരിൽ പിടിയിലായത്. താനൂർ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ ഇയാളെ ചോദ്യം ചെയ്യുകയാണ്. കേസിൽ പ്രതി ചേർത്ത് വൈകിട്ടോടെ ദിനേശന്റെ അറസ്റ്റ് രേഖപ്പെടുത്തും. ഇയാൾക്കെതിരെ കൊലക്കുറ്റം ഉൾപ്പെടെ ചുമത്തിയേക്കുമെന്നും പൊലീസ് അറിയിച്ചു. ബോട്ടിലെ മറ്റൊരു ജീവനക്കാരൻ രാജൻ ഒളിവിൽ തുടരുകയാണ്. അതേസമയം, ബോട്ട് സർവീസിന് ഉദ്യോഗസ്ഥ തലത്തിൽ ലഭിച്ച സഹായങ്ങളെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ മനസിലാക്കാൻ മുഖ്യ പ്രതിയെ ഉടൻ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. ഇതിനുള്ള അപേക്ഷ നാളെ സമർപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |