രാജ്യത്തു സമീപകാലത്തു നടന്ന തിരഞ്ഞെടുപ്പുകളിൽ പരാജയമേറ്റുവാങ്ങിയ കോൺഗ്രസിന് അതിരറ്റ ആഹ്ളാദം പകരുന്നതാണ് കർണാടക നിയമസഭാ തിരഞ്ഞെടുപ്പിലെ ആധികാരിക വിജയം. ആഹ്ളാദത്തോടൊപ്പം അഭൂതപൂർവമായ ആത്മവിശ്വാസവും ജനിപ്പിക്കുന്ന വിജയം. 224 അംഗ നിയമസഭയിൽ 136 സീറ്റ് നേടി കർണാടകയുടെ ഭരണഭാരമേൽക്കാനൊരുങ്ങുന്ന കോൺഗ്രസിന് ഈ തിരഞ്ഞെടുപ്പ് ഒരുവർഷത്തിനുള്ളിൽ നടക്കുന്ന തിരഞ്ഞെടുപ്പുകളെ കൂടുതൽ ആത്മവിശ്വാസത്തോടെ സമീപിക്കാനുള്ള ധാർമ്മികബലവും ഉറപ്പാക്കുന്നുണ്ട്. കർണാടക തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു രണ്ടുദിവസം മുൻപു പുറത്തുവന്ന പത്തോളം അഭിപ്രായ സർവേകളിൽ എട്ടും കോൺഗ്രസിന്റെ തിരിച്ചുവരവ് പ്രവചിച്ചിരുന്നു.
യുദ്ധത്തിലായാലും തിരഞ്ഞെടുപ്പിലായാലും തന്ത്രങ്ങൾ മെനഞ്ഞ് വർദ്ധിച്ച വീര്യത്തോടെ പോരാടുന്നവരാകും വിജയികളാകുന്നത്. സംസ്ഥാനത്തും കേന്ദ്രത്തിലും സ്വന്തം ഭരണമുള്ളപ്പോഴാണ് ബി.ജെ.പി കർണാടകയിൽ അധികാരത്തിൽനിന്നു പിഴുതെറിയപ്പെട്ടത്. തന്ത്രങ്ങൾ പിഴയ്ക്കുക മാത്രമല്ല അമിതമായ ആത്മവിശ്വാസവും വിനയായി. ഭരണവിരുദ്ധവികാരം മനസിലാക്കാൻ ബി.ജെ.പി നേതൃത്വത്തിനു സാധിച്ചില്ലെന്നതിന്റെ തെളിവാണ് ഈ കൂട്ടപ്പരാജയം. അധികാരം ജനനന്മയ്‌ക്കായല്ല അവർ വിനിയോഗിച്ചത്. എല്ലാ തലങ്ങളിലും അഴിമതി പടർന്നിട്ടും ഭരണനേതൃത്വവും പാർട്ടി നേതൃത്വവും കാര്യമായി ഇടപെട്ടില്ല. തിരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് കോൺഗ്രസ് പ്രധാന മുദ്രവാക്യമാക്കിയതും ഭരണരംഗത്തു നടമാടുന്ന കമ്മിഷൻ വിപത്തായിരുന്നു. നാല്പതുശതമാനം കമ്മിഷൻ വാങ്ങി പദ്ധതികൾ കരാർ ചെയ്യപ്പെടുന്നു എന്നായിരുന്നു ആരോപണം. വിവരസാങ്കേതികവിദ്യയുടെ ഇക്കാലത്ത് സർക്കാരിന്റെ ഏതു ദുഷ്‌ചെയ്തികളും നാടൊട്ടുക്കും പരക്കാൻ നിമിഷങ്ങൾ മതി. ജനങ്ങൾ ഒന്നടങ്കം ബൊമ്മെ സർക്കാരിനെതിരായി തിരിഞ്ഞതിനു പിന്നിൽ കോൺഗ്രസ് കൊണ്ടുവന്ന അഴിമതി ആരോപണങ്ങൾക്കു മുഖ്യപങ്കുണ്ടായിരുന്നു.
തീരദേശ മേഖലയിലും ബംഗളൂരു നഗരപ്രദേശത്തുമൊഴികെ കോൺഗ്രസ് ഏതാണ്ടു സർവാധിപത്യം പുലർത്തിയതായി തിരഞ്ഞെടുപ്പുഫലങ്ങൾ സൂചിപ്പിക്കുന്നു. വോട്ടെടുപ്പിന്റെ ആദ്യഘട്ടം മുതലേ ഇത് പ്രകടവുമായിരുന്നു. മുൻ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വോട്ടിംഗ് ശതമാനത്തിലും ബഹുദൂരം മുന്നിലാകാൻ കോൺഗ്രസിനു കഴിഞ്ഞു. 38 ശതമാനത്തിൽ നിന്ന് 53 ശതമാനത്തിലേക്കാണ് ഇക്കുറി പാർട്ടിയുടെ വോട്ടുനില ഉയർന്നത്.
അധികാരം പിടിക്കാൻ ബി.ജെ.പി മുൻപ് പുറത്തെടുത്ത വഴിവിട്ട നീക്കങ്ങൾ കർണാടക ജനത മറക്കാനിടയില്ല. അതൊക്കെ ചേർത്തുള്ള തിരിച്ചടിയാണ് ജനങ്ങൾ ഇപ്പോൾ നല്‌കിയിരിക്കുന്നത്. കാലാവധി കഴിയുന്ന നിയമസഭയിലെ 116 സീറ്റിൽ നിന്ന് 65 ലേക്കാണ് ബി.ജെ.പി കൂപ്പുകുത്തിയത്. അതേസമയം 136 സീറ്റ് നേടി കോൺഗ്രസ് അർത്ഥശങ്കയ്ക്കിടയില്ലാതെ വർദ്ധിച്ച ജനസമ്മതി തെളിയിക്കുകയും ചെയ്തു. ബി.ജെ.പിയും കോൺഗ്രസും തമ്മിലുള്ള പോരിൽ തൂക്കുസഭയ്ക്കുള്ള സാദ്ധ്യത നിരൂപിച്ച് കളത്തിലിറങ്ങി കളിക്കാനായി കാത്തിരുന്ന ജനതാദളിനെയും ജനം കണക്കിനു ശിക്ഷിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പതിനേഴ് സീറ്റുകളാണ് ഇക്കുറി അവർക്കു നഷ്ടമായിരിക്കുന്നത്. ഭരണത്തിൽ ആരെ വാഴിക്കണമെന്നു തങ്ങൾ തീരുമാനിക്കുമെന്നു വീമ്പിളക്കിയ കുമാരസ്വാമി തലതാഴ്‌ത്തി രംഗംവിടേണ്ട സ്ഥിതിയായി.
ജാതിയും അളവറ്റ തോതിൽ പണവും പ്രധാന പങ്കുവഹിച്ച തിരഞ്ഞെടുപ്പാണ് കർണാടകയിൽ കടന്നുപോയത്. പണത്തിന്റെ സ്വാധീനം തടയാൻ നിലവിലുള്ള നിയമമൊന്നും മതിയാവില്ല. പ്രചാരണ രംഗത്തുള്ളവരിൽ നിന്നും പ്രധാന പാർട്ടികളുടെ ഓഫീസുകളിൽ നിന്നുമായി തിരഞ്ഞെടുപ്പു കമ്മിഷൻ നാനൂറുകോടിയിലധികം രൂപയാണ് പിടിച്ചെടുത്തത്. കിലോക്കണക്കിനു സ്വർണവും കണ്ടെടുത്തിരുന്നു. ജാതിക്കാർഡ് ഇറക്കിയും മതസ്പർദ്ധ വളർത്തിയും വോട്ടുനേടാനുള്ള ശ്രമങ്ങൾക്കും കുറവില്ലായിരുന്നു. സമകാലിക ഇന്ത്യൻ തിരഞ്ഞെടുപ്പിന്റെ ഭാഗമായിക്കഴിഞ്ഞ ഇത്തരം അപചയങ്ങൾ തുടച്ചുമാറ്റാൻ ജനപ്രാതിനിദ്ധ്യ നിയമത്തിൽ വിപ്ളവകരമായ മാറ്റങ്ങൾ വരേണ്ടതുണ്ട്. അതിന് ഒരു പാർട്ടിയും തയ്യാറല്ലെന്നു മാത്രം.
കർണാടകയിൽ കോൺഗ്രസിന്റെ ഉജ്ജ്വല വിജയത്തിന്റെ പ്രധാന ശില്പിയെന്ന നിലയിൽ ഡി.കെ. ശിവകുമാറിന് തീർച്ചയായും അഭിമാനിക്കാം. കഠിനാദ്ധ്വാനത്തിലൂടെയാണ് അദ്ദേഹവും സഹപ്രവർത്തകരും പാർട്ടിക്ക് അസുലഭനേട്ടം സമ്മാനിച്ചത്. ആദ്യ ഘട്ടങ്ങളിൽത്തന്നെ ഒഴുക്ക് എങ്ങോട്ടാണെന്ന് മനസിലായതോടെ ഉച്ചയ്ക്കുമുമ്പുതന്നെ ബി.ജെ.പി നേതൃത്വം പരസ്യമായി പരാജയം സമ്മതിച്ചിരുന്നു. അടുത്തവർഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പകരം വീട്ടുമെന്ന പ്രഖ്യാപനവും നേതാക്കളിൽ നിന്നുണ്ടായി. ജനവിധി അംഗീകരിക്കുന്നു എന്ന പതിവു പല്ലവിയും കേട്ടു.
ദക്ഷിണേന്ത്യയിലെ ഏകസംസ്ഥാനവും നഷ്ടപ്പെട്ടതിന്റെ ക്ഷീണം തീരാൻ ബി.ജെ.പിക്ക് ഏറെനാൾ കാത്തിരിക്കേണ്ടിവരും. കോൺഗ്രസ് പാർട്ടിക്കു വലിയ വിജയം സമ്മാനിച്ചതിൽ രാഹുൽഗാന്ധിക്കുള്ള വ്യക്തിപരമായ പങ്ക് എടുത്തുപറയേണ്ടതുതന്നെയാണ്. അദ്ദേഹം നയിച്ച ജോഡോ യാത്ര കോൺഗ്രസ് പ്രവർത്തകരിൽ വലിയ തോതിൽ ആവേശം പകർന്നിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് രാഹുലും പ്രിയങ്കയും സോണിയയും നിർണായക പങ്കുവഹിച്ചത് പാർട്ടിക്കു തുണയായി. കോൺഗ്രസ് അദ്ധ്യക്ഷൻ ഖാർഗെയ്ക്കും സ്വന്തം സംസ്ഥാനത്ത് നടന്ന തിരഞ്ഞെടുപ്പിലെ മിന്നും ജയം എന്നും ഓർത്തുവയ്ക്കാൻ ഉതകും. മറുവശത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ വോട്ടർമാരെ കൈയിലെടുക്കാനുള്ള തന്ത്രങ്ങൾ നല്ലനിലയിൽത്തന്നെ പയറ്റിയതാണ്. നിയമസഭാ തിരഞ്ഞെടുപ്പ് എന്ന പരിഗണന പോലുമില്ലാതെയാണ് പ്രധാനമന്ത്രി പ്രചാരണത്തിനിറങ്ങിയത്. ഏകോപിതമായ പ്രവർത്തനങ്ങളിലൂടെയും ആസൂത്രിതമായ പ്രചാരണതന്ത്രങ്ങൾ പുറത്തെടുത്തുമാണ് കോൺഗ്രസ് ഇതിനെ നേരിട്ടത്. സ്ഥാനാർത്ഥി നിർണയത്തിലെ പാളിച്ചകളും ബി.ജെ.പിക്കു പ്രതികൂലമായെന്ന് ഫലങ്ങൾ തെളിയിക്കുന്നു.
തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് അംഗങ്ങൾ നേതാവിനെ തിരഞ്ഞെടുക്കാനായി ഇന്ന് സമ്മേളിക്കുകയാണ്. വിജയശില്പിയായ ഡി.കെ. ശിവകുമാറാണോ തഴക്കവും പഴക്കവുമുള്ള സിദ്ധരാമയ്യയാണോ നേതൃത്വത്തിലേക്ക് ഉയർത്തപ്പെടുന്നതെന്ന് നിശ്ചയമില്ല. കോൺഗ്രസിലെ രീതിവച്ച് നോക്കുമ്പോൾ തീരുമാനം ഡൽഹിയിൽ നിന്നാകും വരിക.
അവസരവാദികളായ നേതാക്കളെ സമ്മതിദായകർ ശിക്ഷിക്കുമെന്നതിനു തെളിവാണ് മുൻ മുഖ്യമന്ത്രി ഷെട്ടാറിനു നേരിട്ട വമ്പൻ പരാജയം. ബി.ജെ.പി നേതാവായിരുന്ന ഷെട്ടാർ സീറ്റ് ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് ഇലക്‌ഷനു തൊട്ടുമുൻപ് ബി.ജെ.പി വിട്ട് കോൺഗ്രസിൽ എത്തിയത്. കോൺഗ്രസ് ടിക്കറ്റിൽ ജനവിധി തേടിയ ഷെട്ടാർ കനത്ത തോൽവി ഏറ്റുവാങ്ങിയാണ് രംഗം വിടുന്നത്. ഏതു തിരഞ്ഞെടുപ്പിലും ഇതുപോലെ ജനരോഷത്തിനു പാത്രമാകാൻ ചിലരുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |