തൃശൂർ : അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി തറപറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഒല്ലൂരിൽ ഇടതുപക്ഷ സർക്കാരിന്റെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബി.ജെ.പിയുടെ ഹുങ്കിനുള്ള മറുപടിയാണ് കർണാടകയിലെ തിരഞ്ഞെടുപ്പ് ഫലം. ഈ വിജയം കോൺഗ്രസ് ശരിയായ രീതിയിൽ ഉൾക്കൊള്ളണം. ബി.ജെ.പിക്ക് ഒരു ഭരണത്തുടർച്ച കൂടിയുണ്ടായാൽ രാജ്യത്തിന്റെ സർവനാശമാണെന്ന് ജനങ്ങൾ ഭയക്കുന്നു. ബി.ജെ.പിയോട് വിയോജിപ്പുള്ളവരെ എല്ലാംകൂട്ടി യോജിപ്പിക്കാനാകണം. വിവിധ സംസ്ഥാനങ്ങളിൽ അവിടുത്തെ ശക്തരുടെ നേതൃത്വത്തിൽ ബി.ജെ.പിക്കെതിരെ അണിനിരക്കാനാകണമെന്നും അദ്ദേഹം പറഞ്ഞു.
എന്തും ചെയ്യുമെന്ന കേന്ദ്ര സർക്കാരിന്റെ ധാർഷ്ട്യത്തിനുള്ള ചുട്ട മറുപടിയാണ് കർണാടകയിലെ ജനങ്ങൾ കൊടുത്തതെന്ന് ഗുരുവായൂർ കിഴക്കേ നടയിൽ സംഘടിപ്പിച്ച മറ്റൊരു യോഗത്തിൽ അദ്ദേഹം പറഞ്ഞു,
അങ്ങനെ നിങ്ങളെ പോകാൻ അനുവദിക്കില്ല എന്ന് തന്നെയാണ് ജനം മുന്നറിയിപ്പ് നൽകിയത്. ബി.ജെ.പി വീണ്ടും അധികാരത്തിൽ വന്നാൽ രാജ്യത്തിന്റെ വലിയ നാശത്തിന് കാരണമാകുമെന്ന് ജനം തിരിച്ചറിയുന്നുണ്ട്. ബി.ജെ.പിയെ തകർക്കാനുള്ള മാർഗം രാജ്യത്തിന്റെ പൊതു സാഹചര്യം മനസിലാക്കി പ്രവർത്തിക്കുക എന്നതാണ്. ഇപ്പോൾ കർണാടകയിൽ കോൺഗ്രസ് ജയിച്ചു. ഈ പൊതുസാഹചര്യം ശരിയായി ഉൾക്കൊള്ളാൻ കോൺഗ്രസിനാകണം. പലയിടത്തും കോൺഗ്രസ് ദുർബലമാണ്. ആ യാഥാർത്ഥ്യം ഉൾക്കൊള്ളണം. തെക്കേ ഇന്ത്യ പൂർണമായും ബി.ജെ.പി മുക്തമായി. കർണാടകയോട് തൊട്ടുള്ള കേരളമുൾപ്പെടെയുള്ള തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളെല്ലാം കോൺഗ്രസ് അല്ല ഭരിക്കുന്നത്.
പല സംസ്ഥാനങ്ങളിലും പ്രാദേശിക കക്ഷികളാണ് ഭരിക്കുന്നത്. ബി.ജെ.പിയെ എതിർക്കുന്നവരെയൊക്കെ അവിടെ അണിനിരത്തി ബി.ജെ.പിയെ പരാജയപ്പെടുത്തണം. എല്ലാ സംസ്ഥാനങ്ങളും ആ നിലപാട് സ്വീകരിച്ചാൽ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ പരാജയപ്പെടുത്താമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |