തൃശൂർ : കോൺഗ്രസ് സ്ഥാനാർത്ഥിയായി ടി.എൻ.പ്രതാപൻ തുടരുമെന്ന് ഏറെക്കുറെ ഉറപ്പായതോടെ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ വാശിയേറിയ പോരാട്ടമുഖം തുറന്നേക്കും. ബി.ജെ.പി സ്ഥാനാർത്ഥിയായി പ്രതീക്ഷിക്കപ്പെടുന്ന സുരേഷ് ഗോപിയും ഇറങ്ങിയാൽ ഇപ്രാവശ്യവും സംസ്ഥാനത്തെ പ്രധാന ശ്രദ്ധാകേന്ദ്രമാകും തൃശൂർ. ടി.എൻ.പ്രതാപന്റെ ജനകീയതയെയും സുരേഷ് ഗോപിയുടെ സിനിമാസ്റ്റൈൽ പ്രചാരണത്തെയും മറികടക്കാൻ മണ്ഡലത്തിന്റെ സ്പന്ദനങ്ങളറിയാവുന്ന വി.എസ്.സുനിൽകുമാറിനെ സി.പി.ഐ ഇറക്കിയാൽ പോരാട്ടം പൊടി പാറും.
ലോക്‌സഭയിലേക്ക് മത്സരിക്കുന്നില്ലെന്ന് പ്രതാപൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇത് നിയമസഭയിലേക്ക് കണ്ണുവച്ചാണെന്ന് ആക്ഷേപവുമുയർന്നിരുന്നു. എന്നാൽ സിറ്റിംഗ് എം.പിമാർ മത്സരിക്കണമെന്ന നിർദ്ദേശം വന്നതോടെ പാർട്ടിക്ക് വഴങ്ങുമെന്ന പ്രസ്താവനയുമായി രംഗത്തെത്തി. പകരം മുൻ എം.എൽ.എ വി.ടി.ബലറാമിനെ വരെ രംഗത്തിറക്കാൻ പലരും ചരടുവലിച്ചെങ്കിലും പുറമേ നിന്നുള്ളവരെ പരിഗണിക്കില്ലെന്ന് ജില്ലാ നേതൃത്വം അനൗദ്യോഗികമായി വ്യക്തമാക്കിയിരുന്നു.
സി.പി.ഐയിലും അഭ്യൂഹങ്ങൾ
കഴിഞ്ഞതവണ രാജാജി മാത്യു തോമസിനെ കളത്തിലിറക്കിയത് തിരിച്ചടിയായിരുന്നു. അന്ന് സിറ്റിംഗ് സീറ്റ് നഷ്ടപ്പെട്ടു. ശക്തനായ ഒരാളെ ഇറക്കണമെന്നാണ് മുന്നണിയുടെ അഭിപ്രായം. മുൻ മന്ത്രി വി.എസ്.സുനിൽ കുമാർ, മുൻ മന്ത്രിയും എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ തുടങ്ങി പേരുകളാണ് ഉയരുന്നത്. രണ്ട് പേരും പരിപാടികളിൽ സജീവമാണ്. തൃശൂർ എം.എൽ.എ എന്ന നിലയിലും കൃഷിമന്ത്രി എന്ന നിലയിലും മികച്ച രീതിയിൽ ഇടപെട്ട വി.എസ് സുനിൽ കുമാറിനെ മത്സരിപ്പിക്കുന്നതിൽ സി.പി.എമ്മിനും എതിർപ്പുണ്ടായേക്കില്ല.
സുരേഷ് ഗോപി മാറുമോ ?
നിലവിലെ സാഹചര്യത്തിൽ സുരേഷ് ഗോപിയാണ് സ്ഥാനാർത്ഥി എന്ന നിലയിലാണ് ബി.ജെ.പി നേതാക്കൾ മുന്നോട്ട് പോകുന്നത്. അവസാനമെത്തിയിട്ടും കഴിഞ്ഞ തവണ ശക്തമായ മത്സരം കാഴ്ച്ചവച്ചിരുന്നു. തൃശൂർ കേന്ദ്രീകരിച്ച് സുരേഷ് ഗോപി പ്രവർത്തിക്കുകയും ചെയ്തിരുന്നു. പാർട്ടി പരിപാടികളിൽ എല്ലാ പോസ്റ്ററിലും സുരേഷ് ഗോപി നിറഞ്ഞു നിൽക്കുന്നുണ്ട്. രണ്ട് മാസം മുമ്പ് തൃശൂരിൽ അമിത് ഷാ വന്നപ്പോഴും പ്രധാന ആകർഷണം സുരേഷ് ഗോപിയായിരുന്നു. എന്നാൽ ടി.എൻ.പ്രതാപനും വി.എസ്.സുനിൽ കുമാറും നേർക്കുനേർ വന്നാൽ പ്രതികൂലമാകുമോയെന്ന ആശങ്കയുമുണ്ട്.
സ്വരാജ് മുതൽ എ.കെ ബാലൻ വരെ
അപ്രതീക്ഷിതമായി ഒന്നും സംഭവിച്ചില്ലെങ്കിൽ രണ്ട് മണ്ഡലങ്ങളിലും യു.ഡി.എഫിനായി സിറ്റിംഗ് എം.പിമാരായ ബെന്നി ബെഹനാനും രമ്യ ഹരിദാസും മത്സരിക്കും. ചാലക്കുടിയിൽ ഇടതുപക്ഷം എം.സ്വരാജ് ഉൾപ്പെടെയുള്ള സംസ്ഥാന നേതാക്കളെ ഇറക്കിയേക്കാം. എറണാകുളം പ്രദേശങ്ങൾ ഉൾപ്പെടുന്ന മണ്ഡലമാണ് ചാലക്കുടി.
ഗൃഹസന്ദർശനമുൾപ്പെടെയുള്ള പാർട്ടി പരിപാടികളുമായി ബന്ധപ്പെട്ട് സ്വരാജ് മണ്ഡലത്തിലെത്തിയിരുന്നു. ക്രിസ്ത്യൻ സമുദായത്തിന് മുൻതൂക്കമുള്ള മണ്ഡലമായതിനാൽ ബി.ജെ.പി അത്തരം നേതാക്കളെ പരിഗണിച്ചേക്കും. ചിലപ്പോൾ ബി.ഡി.ജെ.എസ് പോലെയുള്ള ഘടക കക്ഷികളെയും പരിഗണിച്ചേക്കാം. ആലത്തൂർ സംവരണമണ്ഡലമായതിനാൽ ഇടത് സ്ഥാനാർത്ഥി പട്ടികയിൽ എ.കെ.ബാലൻ, യു.ആർ.പ്രദീപ്, മുൻ എം.പി പി.കെ ബിജു തുടങ്ങിയവരെ പരിഗണിച്ചേക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |