SignIn
Kerala Kaumudi Online
Friday, 26 April 2024 10.29 AM IST

പോകുന്ന വഴി സുരക്ഷിതമല്ലെന്ന് തോന്നിയാൽ ഏതൊരു കാട്ടാനയും ചെയ്യുന്നൊരു കാര്യമുണ്ട്, അരികൊമ്പൻ അത് ചെയ്യാത്തതാണ് അവന്റെ 'കുഴപ്പം'

arikomban

അരിക്കൊമ്പൻ, ചക്കക്കൊമ്പൻ, പി.ടി 7(ധോണി), ചില്ലിക്കൊമ്പൻ... ഇങ്ങനെ നീളുകയാണ് കേരളത്തിലെ ആനച്ചർച്ചകൾ. നീണ്ട പരിശ്രമത്തിനൊടുവിൽ ചിന്നക്കനാലിലെ ‌‌അരിക്കൊമ്പനെ വനംവകുപ്പ് പിടികൂടി റേഡിയോ കോളർ ധരിപ്പിച്ച് പെരിയാർ കടുവസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയെങ്കിലും വിഷയം ഇനിയും കെട്ടടങ്ങിയിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. അരിക്കൊമ്പൻ ജനിച്ചുവീണപ്പോൾ മുതൽ സഞ്ചരിച്ച താരകളിൽ മനുഷ്യർ നിർമ്മിച്ച വീടുകളാണ് അവനിപ്പോൾ നശിപ്പിക്കുന്നത് എന്നതാണ് സമീപകാലമായി സമൂഹ മാദ്ധ്യമങ്ങളിലാകെ പ്രചരിക്കുന്ന കഥ. ആനത്താരയുടെ പേരിൽ മലയോര കർഷകരെ കൈയ്യേറ്റക്കാരെന്ന് മുദ്രകുത്തി പ്രതിക്കൂട്ടിലാക്കാനുള്ള ശ്രമങ്ങളാണ് ഇതിന് പിന്നിൽ, ദുഷ്ടലാക്കുള്ള ആ രാഷ്ട്രീയം കേരളം ചർച്ചചെയ്യാതെ പോയ്ക്കൂടാ.


ആനത്താര (elephant corridor) എന്നത് നമ്മുടെ നിത്യേനയുള്ള ചർച്ചകളിൽ ഇടംപിടിച്ചിട്ട് അധികം നാളായിട്ടില്ല. കൃത്യമായി പറഞ്ഞാൽ കസ്തുരിരംഗൻ റിപ്പോർട്ട്, ഗാഡ്ഗിൽ റിപ്പോർട്ട്, പശ്ചിമ ഘട്ടത്തിന്റെ വേൾഡ് ഹെറിറ്റേജ് പദവി എന്നിവ ചർച്ച ചെയ്യപ്പെട്ടു തുടങ്ങയപ്പോഴാണ് കേരളത്തിലെ ആനത്താരയെക്കുറിച്ചും മലയാളികൾ സജീവമായി ചർച്ച ചെയ്തു തുടങ്ങിയത്.

കഴിഞ്ഞദിവസങ്ങളിൽ ചിന്നക്കനാലിൽ നിന്നും കിലോമീറ്ററുകൾ അകലെ തമിഴ്‌നാട്ടിലെ മേഘമല മേഖലയിൽ അരിക്കൊമ്പൻ അക്രമാസക്തനായ വാർത്തകൾ വന്നതോടെ ഈ വിഷയം വീണ്ടും ചർച്ചയാവുകയാണ്. ട്രാൻസ്‍ലൊക്കേറ്റ് ചെയ്യപ്പെട്ടൊരു ആന അതിന്റെ തുമ്പിക്കൈ തിരിഞ്ഞ വഴികളിലൂടെയെല്ലാം നടക്കുന്നു, മുന്നിൽ കാണുന്ന വഴികളിൽ ഏറ്റവും സുരക്ഷിതമെന്ന് തോന്നുന്ന വഴികൾ അവ തിരഞ്ഞെടുക്കുന്നു. അതിനെ നാം ആനത്താരയെന്നും വിളിക്കുന്നു, ഇതിൽ കൂടുതലായൊന്നും സംഭവിക്കുന്നില്ലെന്നതാണ് വസ്തുത.

മറ്റ് മൃഗങ്ങൾ തങ്ങളുടെ വഴിയിൽ തടസങ്ങളുണ്ടെന്ന് ബോദ്ധ്യപ്പെട്ടാൽ സുരക്ഷിതമെന്ന് തോന്നുന്ന മറ്റ് വഴികൾ തിരഞ്ഞെടുക്കുന്നു. അരിക്കൊമ്പൻ പക്ഷേ, അവന്റെ യാത്രയ്ക്കിടയിൽ കാണുന്നതെല്ലാം നശിപ്പിക്കുന്നു, അത് അതിന്റെ ജന്മസിദ്ധമായ ആക്രമണ സ്വഭാവം കൊണ്ടുമാത്രമാണ്.

എന്നിട്ടും എന്തുകൊണ്ടാവും ആനത്താര എന്ന ആശയം പ്രചരിപ്പിക്കപ്പെട്ടത്? യഥാർത്ഥത്തിൽ അതിന്റെ ഗുണഭോക്താക്കൾ ആരാണ്? അതിന്റെ പിറകിലെ രാഷ്ട്രീയം എന്താവും? എന്നീ ചോദ്യങ്ങൾ ബാക്കിയാണ്.

ഏകവനപദ്ധതിക്കുള്ള വഴിതെളിക്കൽ

പശ്ചിമഘട്ടത്തിന്റെ വേൾഡ് ഹെറിറ്റേജ് പദവിയുമായി ബന്ധപ്പെട്ട് കേരളത്തിൽ നടപ്പാക്കാൻ ശ്രമിക്കുന്ന ഏകവനപദ്ധതിക്ക് വഴിവെട്ടിത്തെളിക്കുകയാണ് ഇതിന് പിന്നിലെ ലക്ഷ്യം. ആനത്താരകളെക്കുറിച്ച് പ്രചരിക്കുന്ന കെട്ടുകഥകൾ ഇതിന് ആക്കം കൂട്ടുമെന്ന് ഉറപ്പ്. മനുഷ്യൻ കാടു കൈയേറി ആനകളുടെ സഞ്ചാരസ്വാതന്ത്ര്യം നഷ്ടപ്പെടുത്തിയതാണ് ഇപ്പോഴത്തെ വന്യജീവി - മനുഷ്യ സംഘർഷങ്ങൾക്ക് കാരണമെന്നും ബോധപൂർവ്വം പ്രചരിപ്പിക്കുന്നതും അതിന്റെ ഭാഗാമായാണ്. മനുഷ്യരുടെ ഉള്ളിൽ കുറ്റബോധം കുത്തിനിറയ്ക്കുന്ന ഈ ആശയത്തിന് പൊതുസമൂഹത്തിന്റെ പിന്തുണ കിട്ടുമെന്ന വ്യക്തമായ ധാരണയുള്ള ആളുകളാണ് അരിക്കൊമ്പനെ മുൻനിറുത്തി വീണ്ടുമൊരു ആനത്താര ചർച്ചയ്ക്ക് കളമൊരുക്കുന്നത്.

രണ്ടുവനങ്ങൾ തമ്മിൽ ആനത്താര എന്ന പേരിൽ ബന്ധിപ്പിക്കുമ്പോൾ കുടിയിറക്കപ്പെടേണ്ടി വരുന്ന ആളുകൾക്ക് എതിരായിരിക്കും പൊതുബോധം. മാത്രമല്ല ചെറുത്തുനിൽപ്പുകൾ തീർത്തും ബലഹീനമായിരിക്കും. ചെറുത്തുനിൽപ്പ് ഉണ്ടായാൽപ്പോലും അതിനെ ബലംപ്രയോഗിച്ചു കീഴടക്കുമ്പോൾ പൊതുസമൂഹം ഭരണകൂടത്തിന് അനുകൂലമായ നിലപാടാകും എടുക്കുക. കുടിയിറക്കപ്പെടുന്നവന്റെയും ഭാഗം കേട്ട് വന്യജീവി - മനുഷ്യ സംഘർഷങ്ങൾക്ക് എങ്ങനെ ശാസ്ത്രീയ പരിഹാരം കാണാമെന്നാണ് നാം ചിന്തിക്കേണ്ടത്.

ശാസ്ത്രീയ തീരുമാനം വിവേകത്തോടെ നടപ്പാക്കണം

വന്യജീവി - മനുഷ്യ സംഘർഷങ്ങൾ അനുദിനം വർദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ അതിന്റെ കാരണങ്ങൾ എന്താണെന്ന് പരിശോധിക്കണം. മനുഷ്യ - വന്യജീവി സംഘർഷത്തെക്കുറിച്ച്‌ 2006 - 2015 കാലഘട്ടത്തിൽ കാർഷിക സർവകലാശാല ഒരു പഠനം നടത്തിയിരുന്നു. കേരളത്തിലെ 36 വനം ഡിവിഷനിലും നേരിട്ടെത്തി അടിസ്ഥാനവിവരങ്ങൾ ശേഖരിച്ചു നടത്തിയ ഈ പഠനത്തിൽ കണ്ടെത്തിയത് ഏറ്റവും കൂടുതൽ വന്യജീവി - മനുഷ്യ സംഘർഷ ബാധിത വനം ഡിവിഷനുകൾ സൗത്ത് വയനാട്, നോർത്ത് വയനാട്, വയനാട് വന്യജീവി സങ്കേതം, കണ്ണൂർ, കാസർകോട്‌, മണ്ണാർക്കാട്, തൃശൂർ എന്നിവയാണെന്നായിരുന്നു. ഇതുകൂടാതെ 48 ശതമാനം വന്യജീവി - മനുഷ്യ സംഘർഷം ഉണ്ടാക്കുന്നത് ആനകളാണ്, 22 ശതമാനം കാട്ടുപന്നികളുമാണെന്നും പഠനത്തിൽ പറയുന്നുണ്ട്.

ഓരോ സ്ഥലത്തെയും മനുഷ്യ - വന്യജീവി സംഘർഷങ്ങൾക്ക് കാരണങ്ങൾ വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ പരിഹാരമാർഗങ്ങളും വ്യത്യസ്‌തമാകണം. ആന - മനുഷ്യ സംഘർഷം തടയുന്നതിനും ലഘൂകരിക്കുന്നതിനുമായി വ്യത്യസ്തമായ മാനേജ്മെന്റ് തന്ത്രങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. എന്നിരുന്നാലും നിലവിലുള്ള പ്രതിരോധ തന്ത്രങ്ങളിൽ ഭൂരിഭാഗവും ഹ്രസ്വകാല പരിഹാരങ്ങൾ മാത്രമാണ്. അതിനാൽ തന്നെ മനുഷ്യ - ആന സംഘർഷം സംസ്ഥാനത്ത് കുറയുന്നില്ല. കഴിഞ്ഞ ദിവസം അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വിദ്യാർത്ഥിക്ക് പരിക്കേറ്റിരുന്നു. ഒരാഴ്ച മുമ്പാണ് അട്ടപ്പാടിയിൽ മദ്ധ്യവയസ്കനെ ആന ആക്രമിച്ചത്. സംഘർഷത്തിന്റെ കാരണങ്ങൾ കണ്ടുപിടിക്കുന്നതിലെപോരായ്മയും പരിഹാര മാർഗം നിർദ്ദേശിക്കാനാകാത്തതും ഇപ്പോഴും പ്രതിസന്ധി തന്നെയാണ്. പലപ്പോഴും സംഘർഷസാധ്യത ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് മാറ്റാൻ മാത്രമേ ഇത് ഉപകരിക്കുന്നുള്ളൂ. അതിനുള്ള ഉദാഹരണമാണ് അരിക്കൊമ്പൻ. ആദ്യം ഇടുക്കി ചിന്നക്കനാലിൽ ആയിരുന്നെങ്കിൽ ഇപ്പോഴത് തമിഴ്നാട് പ്രദേശത്ത് എന്നുമാത്രം. മനുഷ്യരും വന്യജീവികളും പൊതുവിഭവങ്ങൾക്കായി മത്സരിക്കുമ്പോൾ സംഘർഷങ്ങളുണ്ടാകും എന്നത് യാഥാർത്ഥ്യമാണ്. വ്യത്യസ്ത മാനേജ്‌മെന്റ് നിർദേശങ്ങളും സംഘർഷ ലഘൂകരണ തന്ത്രങ്ങളും കൂടുതൽ വിവേകത്തോടെ നടപ്പാക്കുകയാണ് വേണ്ടത്.

വകുപ്പുകളുടെ ഏകോപനം വേണം

മനുഷ്യ - വന്യജീവി സംഘർഷ ലഘൂകരണം എന്നത് കേരളത്തിലെ വനംവകുപ്പിനെക്കൊണ്ടുമാത്രം പരിഹരിക്കാൻ കഴിയുന്നൊരു പ്രശ്നമല്ല. കൃഷി വകുപ്പ്, റവന്യൂ, മൃഗസംരക്ഷണം, ആദിവാസിക്ഷേമം, ഭൂവിനിയോഗ ആസൂത്രകർ, വന്യജീവി ഗവേഷകർ, കൺസർവേഷൻ ബയോളജിസ്റ്റുകൾ എന്നിവരെല്ലാം കോർത്തിണക്കി വ്യക്തമായ ഏകോപനത്തോടെയും പരസ്പര സഹകരണത്തോടെയും നടപ്പാക്കേണ്ട കാര്യമാണ്. സംഘർഷങ്ങൾ നിലനിൽക്കുന്ന പ്രദേശങ്ങളിലെ നാട്ടുകാരുടെയും കർഷകരുടെയും അഭിപ്രായങ്ങൾ ഭരണകൂടെ മുഖവിലയ്‌ക്കെടുക്കണം, അവരുടെ സഹായത്തോടെയാവണം പ്രശ്നം പരിഹരിക്കേണ്ടത്. ശിഥിലമായ വനമേഖലകളെയും ഒറ്റപ്പെട്ട ആവാസ വ്യവസ്ഥകളെയും ബന്ധിപ്പിക്കുന്ന വന്യജീവി ഇടനാഴികൾ സംരക്ഷിക്കുന്നത് ആന അടക്കമുള്ള വന്യജീവികളുടെ നാട്ടിലേക്കുള്ള സഞ്ചാരം കുറയ്ക്കാൻ സഹായകമാകും.

8,231 അപേക്ഷകൾ കെട്ടിക്കിടക്കുന്നു

വന്യജീവി ആക്രമണങ്ങൾക്ക് ഇരയായവർക്കുള്ള നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിലെ നീണ്ട കാലതാമസം സ്ഥിതി കൂടുതൽ സങ്കീർണമാക്കുകയാണ്. നഷ്ടപരിഹാരത്തിനായി നൽകിയ 8,231 അപേക്ഷകൾ ഇപ്പോഴും പരിഹാരമാകാതെ കെട്ടിക്കിടക്കുകയാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. വന്യജീവികൾ കാരണം കൃഷിനാശം സംഭവിക്കുന്ന സാഹചര്യത്തിൽ ഉചിതമായ നഷ്ടപരിഹാരത്തുക ഉടൻ നൽകാനുള്ള നടപടി അടിയന്തരമായി നടപ്പാക്കേണ്ടതാണ്. നഷ്ടപരിഹാരം തീർപ്പാക്കുന്നതിലുള്ള കാലതാമസം നിർബന്ധമായും കുറയ്ക്കേണ്ടതുണ്ട്. ഒരു ഘട്ടത്തിലും അത് സ്വാഭാവിക കാലയളവിനപ്പുറത്തേക്ക് പോകരുത്. നൽകപ്പെടുന്ന നഷ്ടപരിഹാരത്തുക കർഷകന് ഉണ്ടായിട്ടുള്ള നാശം പൂർണമായും പരിഹരിക്കാൻ ഉതകുന്നതാകണം എന്നതും പ്രധാനമാണ്. അതിനാവശ്യമായ ഉചിതമായ നടപടിക്രമങ്ങൾ ഉടൻ ആവിഷ്കരിച്ചു നടപ്പാക്കേണ്ടത് ഭരണകൂടത്തിന്റെ ചുമതലയാണ്. 2016-ലെ നഷ്ടപരിഹാര വനവത്‌കരണ ഫണ്ട് നിയമം ആനകളുടെ ആവാസവ്യവസ്ഥയുടെ പുനഃസ്ഥാപനത്തിനും പുനരധിവാസകേന്ദ്രങ്ങൾ സ്ഥാപിക്കാനും ഫണ്ട് വിനിയോഗിക്കാൻ അനുവദിച്ചിട്ടുണ്ട്. ഇത് ആന - മനുഷ്യ സംഘർഷം കുറയ്ക്കുന്നതിന് നാം ഉപയോഗപ്പെടുത്തേണ്ടതായിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: WILD ELEPHANT, ARIKOMBAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.