സീരിയൽ താരങ്ങളുമായി വേദി പങ്കിടുന്നത് ഇഷ്ടമല്ലെന്ന് പറഞ്ഞ രാഷ്‌ട്രീയ നേതാവിന് അതേ വേദിയിൽവച്ച് ചുട്ടമറുപടി നൽകി നടി മഞ്ജു പത്രോസ്. പെരുമ്പിലാവിൽ നടന്ന ഒരു പൊതു പരിപാടിയിലായിരുന്നു സംഭവം. ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.
'സീരിയൽ നടിമാർ വരുന്നത് എനിക്കിഷ്ടമല്ല, ഞാൻ അങ്ങനെയുള്ള പരിപാടികൾ കാണലില്ല... എനിക്ക് മനസിലാകാത്തത് സാറിന് ഞങ്ങളെ ഇഷ്ടമില്ലാത്തത് അഭിനയിക്കുന്നതുകൊണ്ടാണോ അതോ സാർ കാണാത്തതുകൊണ്ടാണോ എന്നറിയില്ല. എന്തുതന്നെയായാലും ഇതൊരു തൊഴിൽമേഖലയാണ്. അഭിനയം എന്ന് പറയുന്നത് ഒരു തൊഴിൽ മേഖലയാണ്. ഞങ്ങളെ ഒരു സദസിൽ കൊണ്ടുവരുമ്പോൾ നിങ്ങളാരും തലകുനിക്കേണ്ട ആവശ്യമില്ല. ഒരു മേഖലയിലും മുന്നിലെത്താൻ അത്ര ഈസിയല്ല. സാറ് മണ്ണിൽ കൃഷി ചെയ്യുന്ന കർഷകനാണ്. എനിക്ക് കൃഷി ഇഷ്ടമല്ല, അതുകൊണ്ട് ഒരു കർഷകനെ സ്‌റ്റേജിലിരുത്തുന്നത് ഇഷ്ടമല്ലെന്ന് പറയുന്നതിന്റെ വൈരുദ്ധ്യത സാർ ഒന്ന് ആലോചിച്ചാൽ കൊള്ളാമായിരുന്നു. എനിക്ക് അത്രയേ പറയാനുള്ളൂ.'- എന്നാണ് മഞ്ജു പത്രോസിന്റെ പ്രതികരണം. മഞ്ജു പത്രോസിന്റെ വീഡിയോയും ഒരു കുറിപ്പും നടൻ സാജൻ സൂര്യ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.
"പെരുമ്പിലാവിൽ നടന്ന ഒരു പൊതു പരിപാടിയിൽ സിനിമ - സീരിയൽ നടി മഞ്ജു പത്രോസിനെ വേദിയിൽ ഇരുത്തിക്കൊണ്ട് “സീരിയൽ നടികളെ ഇകഴ്ത്തുന്ന പരാമർശങ്ങൾ നടത്തുകയും, അവരുടെ സാമീപ്യം പോലും ഇഷ്ടമല്ല എന്നും, ഞങ്ങളുടെ തൊഴിൽ രംഗത്തെ പുച്ഛവൽക്കരിക്കുകയും ചെയ്ത പ്രമുഖ പാർട്ടി നേതാവിന്, മാന്യമായ മറുപടി, വേദനയോടെ ആണെങ്കിൽ കൂടിയും മഞ്ജു പത്രോസ് നൽകി. അഭിനന്ദനങ്ങൾ മഞ്ജു.
പരിപാടിയുടെ പേര് “ പെൺവെട്ടം” എന്നിട്ട് പെണ്ണിനെ ഇരുത്തി നൈസ്സായി അപമാനിക്കൽ.ആളെകൂട്ടാൻ ഞങ്ങളെ വേണം. എന്നിട്ട് ഇരുത്തി പറയും സീരിയൽ കാണരുതെന്ന് ചീത്തയായി പോകുമെന്ന് . ഇപ്പോ നാട്ടുകാര് പറഞ്ഞു തുടങ്ങി നേതാക്കൾ കാരണം ടിവിയിലെ വാർത്തകൾ പോലും കാണാൻ നാണക്കേടാന്ന്. കലികാലം"- എന്ന അടിക്കുറിപ്പോടെയാണ് സാജൻ സൂര്യ വീഡിയോ പങ്കുവച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |