തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ദുർഭരണത്തിനും ജനദ്രോഹത്തിനുമെതിരെ രണ്ടാംവാർഷികദിനമായ ഇന്ന് യു.ഡി.എഫ് സെക്രട്ടേറിയറ്റ് വളഞ്ഞ് പ്രതിഷേധിക്കും.
പിണറായി സർക്കാരിനെതിരെയുള്ള കുറ്റപത്രം യു.ഡി.എഫ് ജനസമക്ഷം സമർപ്പിക്കും.
രാവിലെ 6 ന് തിരുവനന്തപുരം ജില്ലയിലെ പ്രവർത്തകർ സെക്രട്ടേറിയറ്റ് ഗേറ്റുകൾ വളയും. 8 മണിയോടെ മറ്റുജില്ലകളിലെ പ്രവർത്തകരും സെക്രട്ടേറിയറ്റിനു മുന്നിൽ അണിനിരക്കും. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ, നേതാക്കളായ രമേശ് ചെന്നിത്തല, പി.കെ.കുഞ്ഞാലിക്കുട്ടി, പി.ജെ.ജോസഫ്, അനൂപ് ജേക്കബ്, മാണി സി.കാപ്പൻ, ഷിബു ബേബിജോൺ എം.കെ.പ്രേമചന്ദ്രൻ, സി.പി.ജോൺ, പി.എം.എ സലാം, ഡോ.എം.കെ.മുനീർ, ജി.ദേവരാജൻ, അഡ്വ.എ.രാജൻ ബാബു, ജോൺ ജോൺ എന്നിവരും എം.പിമാരും എം.എൽ.എമാരും പ്രസംഗിക്കും.
എൻ.എച്ച് വഴി വരുന്ന വാഹനങ്ങൾ ചാക്ക ഹൈവേ വഴി എം.എൽ.എ ഹോസ്റ്റലിനു മുൻവശത്ത് ആശാൻ സ്‌ക്വയറിൽ പ്രവർത്തകരെ ഇറക്കിയ ശേഷം ഈഞ്ചയ്ക്കൽ ബൈപാസ് റോഡിൽ പാർക്ക് ചെയ്യണം.
എം. സി റോഡ് വഴി വരുന്നവ വെഞ്ഞാറമൂട്, പോത്തൻകോട് വഴി വെട്ടുറോഡിലൂടെ കഴക്കൂട്ടം ബൈപാസ് റോഡിലിറങ്ങി ചാക്ക,പേട്ട വഴി ആശാൻ സ്‌ക്വയറിൽ പ്രവർത്തകരെ ഇറക്കിയ ശേഷം ഈഞ്ചയ്ക്കൽ ബൈപാസ് റോഡിൽ പാർക്ക് ചെയ്യണം.
സെക്രട്ടേറിയറ്റ് വളയൽ- പ്രതിഷേധം ആളിക്കത്തും:കെ സുധാകരൻ
തിരുവനന്തപുരം: പിണറായി സർക്കാരിനെതിരേ ആളിക്കത്തുന്ന ജനരോഷമാണ് ഇന്നത്തെ സെക്രട്ടേറിയറ്റ് വളയൽ സമരത്തിൽ കാണാൻ പോകുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി. നൂറുകോടി മുടക്കി സർക്കാർ വാർഷികം ആഘോഷിക്കുമ്പോൾ, അതിനും മേലേ ജനവികാരം ഇളകിമറിയുമെന്നും എല്ലാ ജനവിഭാഗങ്ങളും ഇതിൽ പങ്കെടുത്ത് ചരിത്രസംഭവമാക്കണമെന്നും സുധാകരൻ അഭ്യർത്ഥിച്ചു.
പത്തുവർഷം മുമ്പ് ഒരു വ്യാജാരോപണത്തിന്റെ പേരിൽ ജനങ്ങളെ മുൾമുനയിൽ നിർത്തി സി.പി.എം നടത്തിയ പോലുള്ള സെക്രട്ടേറിയറ്റ് വളയലല്ല യു.ഡി.എഫ് നടത്തുന്നത്. അവർ അന്ന് തിരുവനന്തപുരം നഗരം മുഴുവൻ രാപ്പകൽ സ്തംഭിപ്പിക്കുക മാത്രമല്ല, നഗരത്തെ മനുഷ്യമാലിന്യത്തിൽ മുക്കി ജനങ്ങളെ അങ്ങേയറ്റം ദ്രോഹിച്ചിട്ടാണ് മടങ്ങിയത്. ഇത്രയും പ്രാകൃതമായ ഒരു സമരം ഇന്ത്യയിലെങ്ങും ഉണ്ടായിട്ടില്ല.
പിണറായി സർക്കാരിനെതിരേ നടത്തുന്ന ഒരു ജീവന്മരണ പോരാട്ടമായാണ് സെക്രട്ടേറിയറ്റ് വളയലിനെ കോൺഗ്രസ് കാണുന്നത്. കേരളത്തിലുടെനീളം ഇതിന്റെ അലയൊലികൾ ഉയരും. പുനഃസംഘടന പൂർത്തിയാക്കുന്നതോടൊപ്പം ജനകീയവിഷയങ്ങൾ ഏറ്റെടുത്ത് പിണറായി സർക്കാരിനെതിരേ എല്ലാ മേഖലകളിലും പോർമുഖങ്ങൾ തുറക്കുമെന്ന് സുധാകരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |