പത്തനാപുരം: കടശ്ശേരിയിലെ സ്വകാര്യ റബർ തോട്ടത്തിൽ കാട്ടാന വൈദ്യുതാഘാതമേറ്റ് ചെരിഞ്ഞ സംഭവത്തിൽ സർക്കാർ ഉദ്യോഗസ്ഥയും മാതാവും അറസ്റ്റിൽ. ഒന്നാം പ്രതി ശിവദാസൻ ഒളിവിലാണ്. ശിവദാസന്റെ ഭാര്യയും രണ്ടാം പ്രതിയുമായ പുന്നല ചെളിക്കുഴി തെക്കേക്കര പുത്തൻവീട്ടിൽ സുശീലയും (63) മൂന്നാം പ്രതിയും സുശീലയുടെ മകളുമായ ചുനക്കര വെറ്ററിനറി ഡിസ്പെൻസറി കോമല്ലൂർ സബ് സെന്ററിലെ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ സ്മിതയുമാണ് (39) അറസ്റ്റിലായത്.
പുന്നല മോഡൽ ഫോറസ്റ്റ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ആന ഷോക്കേറ്റ് ചെരിയാൻ കാരണമായ വൈദ്യുത ഉപകരണങ്ങൾ അഴിച്ചു മാറ്റാൻ സഹായിച്ചുവെന്നതാണ് സ്മിതയ്ക്കെതിരായ കേസ്. സുശീലയെ കടശ്ശേരിയിൽ നിന്നും സ്മിതയെ ചാരുംമൂട് ബി.എസ്.എൻ.എൽ ക്വാർട്ടേഴ്സിൽ നിന്നും പത്തനാപുരം റേഞ്ച് ഫോറസ്റ്റ് ഓഫീസർ ദിലീപിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.
ഒളിച്ചു വച്ചിരുന്ന വൈദ്യുത വയറുകളും കമ്പികളും പ്രതികളുടെ സാന്നിദ്ധ്യത്തിൽ കണ്ടെടുത്തു. പുനലൂർ വനം കോടതി മുമ്പാകെ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |