തിരുവനന്തപുരം: സ്വയം പ്രതിരോധത്തിന്റെ ബാലപാഠങ്ങൾ മുതൽ ആത്മവിശ്വാസത്തിന്റെ പെൺകരുത്ത് ആർജ്ജിക്കാൻ നമ്മെ സജ്ജരാക്കാൻ കേരള പൊലീസിന്റെ സ്വയം പ്രതിരോധ പരിശീലന സംഘം കനകക്കുന്നിൽ റെഡിയാണ്. ഒറ്റയ്ക്ക് യാത്ര ചെയ്യേണ്ടി വരുന്ന സ്ത്രീകൾ, പൊതുസ്ഥലങ്ങളിൽ ശാരീരികമായ ആക്രമണങ്ങൾക്ക് വിധേയരാകേണ്ടി വരുന്നവർ എന്നിങ്ങനെ ജീവിതത്തിൽ പലപ്പോഴും സ്ത്രീകൾക്ക് കടന്നപോകേണ്ടി വരുന്ന വഴികൾ അത്ര എളുപ്പമല്ല. എന്നാൽ ഇത്തരം സാഹചര്യങ്ങളിൽ നമ്മെ മാനസികമായും ശാരീരികമായും പ്രതിരോധത്തിന് സജ്ജരാക്കുകയാണ് കനകക്കുന്നിൽ എന്റെ കേരളം മെഗാമേളയോട് അനുബന്ധിച്ച് തയ്യാറാക്കിയ പൊലീസ് പവലിയനിലെ വനിത പൊലീസ് സംഘം.
പ്രദർശനത്തിനെത്തുന്ന സ്ത്രീകളോട്, യാത്രചെയ്യമ്പോൾ തങ്ങൾക്ക് നേരെയുണ്ടാകുന്ന കടന്നുകയറ്റങ്ങൾ, മോഷണശ്രമങ്ങൾ, ശാരീരികമായ അതിക്രമങ്ങൾ എന്നിവയെ വളരെ ആയാസ രഹിതമായി എങ്ങനെ നേരിടാമെന്ന് എട്ട് പേരടങ്ങുന്ന സംഘം പരിശീലിപ്പിക്കുന്നു. സ്ത്രീകളെയും പെൺകുട്ടികളെയും ലക്ഷ്യമിട്ടാണ് പവലിയനിൽ സ്വയംപ്രതിരോധ പരിശീലനത്തിനായി ഈ പൊലീസുകാർ പ്രവർത്തിക്കുന്നത്.
ഇതിന് പുറമെ ടെലി കമ്യൂണിക്കേഷൻ, ഫോറൻസിക് സയൻസ്, ഫിംഗർപ്രിന്റ് ബ്യൂറോ, സ്ത്രീ സുരക്ഷ, പൊലീസിന്റെ വിവിധ ആയുധശേഖരങ്ങൾ, ഡ്രോൺ ഫോറൻസിക് ലാബ് എന്നിവയും പവലിയന്റെ ഭാഗമായി തയ്യാറാക്കിയിട്ടുണ്ട്. കൂടാതെ വൈകുന്നേരങ്ങളിൽ ഡോഗ് ഷോയും, അശ്വാരൂഢ സേനയുടെ പ്രകടനവും ഉണ്ടായിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |