വാർഡ് തല ശുചീകരണത്തിന്റെ പേരിൽ തട്ടിപ്പ്
തൃക്കാക്കര: ഏതിൽത്തൊട്ടാലും വിവാദമാവുന്ന തൃക്കാക്കര നഗരസഭയിൽ തട്ടിപ്പിൽ മാത്രം വിവാദമോ പ്രതിഷേധമോ ഇല്ല. തട്ടിപ്പിൽ യു.ഡി.എഫും എൽ.ഡി.എഫും ഒറ്റക്കെട്ടാണെന്ന് അടിവരയിട്ട് ഉറപ്പിക്കുകയാണ് തൃക്കാക്കര നഗരസഭയിലെ ക്ലീൻ തൃക്കാക്കര പദ്ധതി യുടെ ഭാഗമായി ഉയർന്നുവരുന്ന ആരോപണങ്ങൾ.
പദ്ധതിപ്രകാരം മേയ് ഒന്നിന് നഗരസഭയിലെ 43 വാർഡുകളിലും രാവിലെ 8. 30 മുതൽ 10 വരെ പൊതുപ്രവർത്തകരും കുടുംബശ്രീ,ഹരിത കർമ്മസേന സഹകരണത്തോടെ ശുചീകരണ യജ്ഞം നടത്തിയിരുന്നു. ഇതിന്റെ പേരിൽ ഇടത് - വലത്ത് മുന്നണിയിലെ ഭൂരിഭാഗം കൗൺസിലർമാരും പങ്കെടുത്തവരുടെ പേരെഴുതി ഒപ്പിട്ടു നൽകി 5,000 രൂപാ വീതം വാങ്ങിയതായാണ് ആരോപണം.
ചില കൗൺസിലർമാർ കഴിഞ്ഞ ദിവസം നഗരസഭയിൽ പരസ്യമായി ഇരുന്ന് മസ്റ്റർ റോൾ പേരെഴുതി ഒപ്പിട്ടു നൽകിയിരുന്നു.ആരോഗ്യവിഭാഗത്തിനായിരുന്നു പദ്ധതിയുടെ ചുമതല.
മുമ്പ് മഴക്കാല ശുചീകരണത്തിന്റെ പേരിൽ സമാനമായ തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിരുന്നു. തോടുകൾ ഇല്ലാത്ത വാർഡുകളിലും ശുചീകരണം നടത്തിയെന്ന് കാട്ടി കരാറുകാരന് വൻ തുകയാണ് നൽകിയത്. ഒരു സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സന്റെ വാർഡിൽ ഒരു ദിവസം 8 മണിക്കൂർ ജെ.സി.ബി ഉപയോഗിച്ചതിന് 16910 രൂപയും ഷിഫ്റ്റിംഗ് , കെയറിംഗ് ചാർജുകളായി 21,500 രൂപയും ചെലവഴിച്ചതായി രേഖകളിലുണ്ട്.
പത്ത് തൊഴിലാളികൾക്ക് രണ്ട് സൂപ്പർവൈസർമാരെന്ന നിലയിലും മഴക്കാലപൂർവ ശുചീകരണത്തിന്റെ മറവിൽ കരാറുകാർ പണം കൈപ്പറ്റിയെന്നാണ് ആക്ഷേപം. മറ്റൊരു കോൺഗ്രസ് കൗൺസിലറുടെ വാർഡിൽ 8 മണിക്കൂർ ജെ.സി.ബി ഉപയോഗിച്ചതിന് 17,270 രൂപയും ഷിഫ്റ്റിംഗ്, കെയറിംഗ് ചാർജുകളായി 21,500 രൂപയും ചെലവഴിച്ചിട്ടുണ്ട്. കൗൺസിൽ അംഗീകാരമില്ലാത്ത ക്വട്ടേഷൻ വഴിയായിരുന്നു ഇതെല്ലാം.
എൻ.ജി.ഒ കോട്ടേഴ്സിൽ ചിത്രഞ്ജലി റോഡിലെ മാലിന്യം നീക്കിയതിനും ഭീമമായ തുക നൽകിയിട്ടുണ്ട്. പത്തോളം വാർഡുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നിട്ടില്ല. ശുചീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രതിപക്ഷ കൗൺസിലർമാരുടെ പരാതിയിൽ വിജിലൻസ് അന്വേഷണം നടക്കുന്നതിനിടെയാണ് പുതിയ ക്രമക്കേടുകൾ.
സംസ്ഥാനത്ത് ഏറ്റവും വരുമാനമുള്ള നഗരസഭയാണ് തൃക്കാക്കര.വിജിലൻസ് കേസുകളുടെ കാര്യത്തിലും മുന്നിൽ തന്നെയാണ്.
5,000 ഒപ്പിട്ട് വാങ്ങി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |