ചെങ്ങന്നൂർ: നഗര മദ്ധ്യത്തിലെ ആറ് കടകളിൽ മോഷണം. ഒരു ലക്ഷത്തിലധികം രൂപയുടെ നഷ്ടം. ചെങ്ങന്നൂർ മാർക്കറ്റ് റോഡിന് സമീപമുള്ള മൂന്നു സ്വർണ്ണക്കടകൾ, ഒരു ബുക്ക് സ്റ്റാൾ, ഒരു വാച്ച് കട, ഒരു തട്ടുകട എന്നിവിടങ്ങളിലാണ് കവർച്ച നടന്നത്. ചെങ്ങന്നൂർ പൂവത്തൂർ ബിൽഡിംഗിലെ ഓടിട്ട കെട്ടിടത്തിലാണ് ഇവ പ്രവർത്തിക്കുന്നത്. ജോസ് വർഗീസിന്റെ ഗാലക്സി ബുക്ക് സ്റ്റാളിൽ സീലിംഗ് ഇളക്കി കയറി മേശയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന 5300 രൂപ കവർന്നു. മേശയിലെ സാധനങ്ങൾ വാരിവലിച്ച് നിലത്തിട്ടിരുന്നു. സുനിൽ കുമാറിന്റെ ശ്രീശിവ ജൂവല്ലറിയിൽ സമാന രീതിയിൽ കയറി ചില്ലലമാരയിൽ വച്ചിരുന്ന 750 ഗ്രാം വെളളി ആഭരണങ്ങളും മേശയിലുണ്ടായിരുന്ന 7000 രൂപയും കവർന്നു. അടുത്തുള്ള മുരളീധരന്റെ വെള്ളിക്കടയിൽ കയറി 50 ഗ്രാം വെള്ളി, ഇലക്ട്രോണിക്സ് ത്രാസ്, പണി ആയുധങ്ങൾ എന്നിവ കവർന്നു. കണ്ടത്തിൽ വാച്ച് കടയിൽ കയറി ഒരു വാച്ചും, ടോർച്ചും കവർന്നു. നാഗപ്പൻ ആചാരിയുടെ തട്ടുകടയിൽ കയറിയെങ്കിലും ഒന്നും മോഷ്ടിച്ചില്ല. മോഷണം നടന്ന സ്ഥലങ്ങളിലെല്ലാം ഓടും സീലിംഗും പൊളിച്ചാണ് കടയ്ക്കുള്ളിൽ ഇറങ്ങിയത്. ചെങ്ങന്നൂർ പൊലീസ് കേസെടുത്തു. വിരലടയാള വിദഗ്ദർ എത്തി തെളിവുകൾ ശേഖരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |