ആലപ്പുഴ: സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ, ദേശീയപാത നവീകരണത്തിന്റെ ഭാഗമായി സ്കൂളുകൾക്ക് മുന്നിലെ ഗതാഗതതടസം ഉടൻ ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം ദേശീയ പാത അതോറിട്ടിയോട് ആവശ്യപ്പെട്ടു. ദേശീയ നവീകരണം പുരോഗമിക്കുന്ന സ്ഥലങ്ങൾ ചിലയിടത്ത് കുഴിച്ചും മറ്റിടങ്ങളിൽ മണ്ണിട്ട് ഉയർത്തിയും ഓടകളും കേബിളും കൊണ്ടു പോകാനുള്ള ട്രഞ്ചുകൾ നിർമ്മിച്ചും റോഡരികിലെ വീടുകളിലെയും സ്ഥാപനങ്ങളിലെയും വഴികൾ അടച്ച സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടത്തിന്റെ ഇടപെടൽ.
പല സ്ഥലങ്ങളിലും വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും വാഹനങ്ങൾ കടന്നുചെല്ലാൻ കഴിയാത്ത സ്ഥിതിയാണ്. സ്കൂൾ തുറക്കാൻ കഷ്ടിച്ച് ഒരാഴ്ച മാത്രം അവശേഷിക്കെ ദേശീയ പാതയോരത്തെ മുഴുവൻ സ്കൂളുകൾക്ക് മുന്നിലെയും ഗതാഗത തടസം നീക്കി സ്കൂൾ വാഹനങ്ങൾ കടന്നുചെല്ലാനും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനും കളക്ട്രേറ്റിൽ ചേർന്ന ബന്ധപ്പെട്ടവരുടെ യോഗത്തിൽ തീരുമാനമായി.
പൈപ്പ് പൊട്ടലിന്
പരിഹാരം വേണം
കുടിവെള്ള ക്ഷാമം രൂക്ഷമായ നഗരത്തിൽ ദേശീയപാതയുടെ നവീകരണം തുടങ്ങിയശേഷം പൈപ്പ് പൊട്ടൽ നിത്യസംഭവമാണ്. ദേശീയപാതയിൽ നിന്ന് ഉൾപ്രദേശങ്ങളിലേക്കും വീടുകളിലേക്കുമുള്ള പൈപ്പ് ലൈനുകളാണ് പൊട്ടുന്നത്. ഇത് കുടിവെള്ളം പാഴാകാനും ജലവിതരണം തടസപ്പെടാനും കാരണമാകുന്നുവെന്ന പരാതി വ്യാപകമായ സാഹചര്യത്തിൽ പൊട്ടുന്ന പൈപ്പ് ലൈനുകൾ അടിയന്തരമായി പുന:സ്ഥാപിച്ച് കുടിവെള്ളമെത്തിക്കാനാണ് നിർദ്ദേശം. പൊട്ടുന്ന പൈപ്പ് ലൈനുകൾ ഇരട്ടി ജോലിക്കാരെ നിയോഗിച്ച് യഥാസമയം മാറ്റാനും തീരുമാനമായി.
ജില്ലാ കളക്ടർ ഹരിത വി. കുമാറിന്റെയും എച്ച്.സലാം എം.എൽ.എയുടെയും നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ ഹൈവേ അതോറിറ്റി ഒഫ് ഇന്ത്യ പ്രോജക്ട് ഡയറക്ടർ പ്രദീപ്, ഡെപ്യുട്ടി കളക്ടർ സി.പ്രേംജി, ജില്ലാ വിദ്യാഭ്യാസ ഓഫീസർ സുജാത, വാട്ടർ അതോറിട്ട് എക്സിക്യൂട്ടീവ് എൻജിനിയർ ഗിരീഷ്, കെ.എസ്.ഇ.ബി, കൺസൾട്ടൻസി ഉദ്യോഗസ്ഥർ, കരാർ കമ്പനി പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |