കൊല്ലം: കേന്ദ്ര സർക്കാർ കനിഞ്ഞാൽ കൊല്ലം പോർട്ടിൽ ചെറുകപ്പലുകളുടെ അറ്രകുറ്റപ്പണി നടത്തുന്ന ഫ്ലോട്ടിംഗ് ഡ്രൈ ഡോക്ക് യാഥാർത്ഥ്യമാകും. സാഗർമാല പദ്ധതിയിൽ ഉൾപ്പെടുത്തി പദ്ധതിയുടെ 50 ശതമാനം വിഹിതമോ, പി.പി.പി മോഡലിൽ നടപ്പാക്കാനുള്ള അനുമതിയോ ആവശ്യപ്പെട്ട് സംസ്ഥാന മാരിടൈം ബോർഡ് വൈകാതെ കേന്ദ്ര സർക്കാരിനെ സമീപിക്കും.
കൊല്ലം പോർട്ടിൽ ഫ്ലോട്ടിംഗ് ഡ്രൈ ഡോക്ക് സ്ഥാപിക്കാൻ മാരിടൈം ബോർഡ്, സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്പ്മെന്റ് മുഖേന ക്ഷണിച്ച താൽപ്പര്യപത്രത്തിൽ രണ്ട് കമ്പനികൾ രംഗത്തെത്തിയിട്ടുണ്ട്. ഒരു കമ്പനി 270 കോടിയുർെയും മറ്റൊരു കമ്പനി 179 കോടിയുടെയും പദ്ധതികളാണ് സമർപ്പിച്ചിട്ടുള്ളത്. ഇവ മാരിടൈം ബോർഡും സി.എം.ഡിയും വിശദമായി പരിശോധിച്ച് വരികയാണ്. അനുയോജ്യമായത് തിരഞ്ഞെടുത്ത ശേഷമാകും കേന്ദ്ര സർക്കാരിനെ സമീപിക്കുക.
പകുതി തുക സർക്കാർ വിഹിതമായി നൽകി പദ്ധതി നടപ്പാക്കാമെന്ന പ്രതീക്ഷയോടെയാണ് മാരിടൈം ബോർഡ് ഫ്ലോട്ടിംഗ് ഡ്രോക്കിന്റെ താൽപ്പര്യപത്രം ക്ഷണിച്ചത്. എന്നാൽ 179 കോടിയുടെ പദ്ധതി തിരഞ്ഞെടുത്താൽ കുറഞ്ഞത് 90 കോടിയെങ്കിലും സാഗർമാലയിൽ നിന്ന് ലഭിക്കണം. ഇത്രയും വലിയ തുക കിട്ടുമോയെന്ന കാര്യത്തിൽ ആശങ്കയുണ്ട്. അതുകൊണ്ടാണ് സ്ഥലം നിശ്ചിതകാലത്തേക്ക് കരാർ കമ്പനിക്ക് വിട്ടുനിൽകി പണം പൂർണമായും അവർ വഹിക്കുന്ന പി.പി.പി മോഡലിന് കൂടി അനുമതി ആവശ്യപ്പെടുന്നത്.
തീരമടുത്ത് വികസന നങ്കൂരം
കപ്പൽ അറ്റകുറ്റപ്പണിക്ക് കൊച്ചി ഷിപ്പിംഗ് യാർഡ് കഴിഞ്ഞാൽ തെക്കേ ഇന്ത്യയിൽ കാര്യമായ സൗകര്യങ്ങളില്ല
കൊല്ലം പോർട്ട് കേന്ദ്രീകരിച്ച് സാദ്ധ്യത പ്രയോജനപ്പെടുത്താം
തീരത്ത് നിന്ന് നിശ്ചിത ദൂരത്തിൽ കടലിൽ മുങ്ങിക്കിടക്കുന്ന അറ്റകുറ്റപ്പണി കേന്ദ്രമാണ് ഫ്ലോട്ടിംഗ് ഡ്രൈ ഡോക്ക്
ഇതിനുള്ളിൽ കയറ്റിയാകും യാനങ്ങളുടെ അറ്രകുറ്റപ്പണി
ഡോക്കിനുള്ളിലേക്ക് ജലം കയറ്റാനും ഒഴുക്കിക്കളയാനും സൗകര്യം
ഒരേ സമയം ഒന്നിലധികം ചെറുകപ്പലുകൾക്കും നിരവധി ബോട്ടുകൾക്കും പ്രവേശിക്കാം
നേട്ടങ്ങൾ
കൂടുതൽ തൊഴിൽ അവസരം
കൊല്ലം പോർട്ടിന് കൂടുതൽ വരുമാനം
പോർട്ട് രാജ്യാന്തര ഷിപ്പിംഗ് ഭൂപടത്തിൽ ഇടംപിടിക്കും
കപ്പൽ സ്പെയർപാർട്സുകളുടെ വില്പന
എമിഗ്രേഷൻ പരിശോധന നടത്തി
കൊല്ലം പോർട്ടിൽ എമിഗ്രേഷൻ ചെക്ക് പോയിന്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് സെൻട്രൽ ഇന്റലിജൻസ് ബ്യൂറോയിലെ ഉദ്യോഗസ്ഥർ കഴിഞ്ഞയാഴ്ച പരിശോധന നടത്തി. വൈകാതെ ഫോറിൻ റീജിണൽ രജിസ്ട്രേഷൻ ഓഫീസിൽ നിന്നുള്ള സംഘത്തിന്റെ പരിശോധന ഉണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |