തിരുവനന്തപുരം: ബാറുകളുടെ ലൈസൻസ് ഫീസ് 30ൽ നിന്ന് 35 ലക്ഷമോ അതിനു മുകളിലേക്കോ ഉയർത്താൻ സാദ്ധ്യത. ഇതടക്കം പുതിയ മദ്യനയം നാളത്തെ മന്ത്രിസഭായോഗം പരിഗണിച്ചേക്കും. ഐ.ടി പാർക്കുകളിലെ മദ്യവില്പന കേന്ദ്രങ്ങളുടെ ഫീസും നിശ്ചയിക്കും.
വിദേശമദ്യ വില്പന കേന്ദ്രങ്ങൾക്കും ബാറുകൾക്കുമുള്ള ഒന്നാം തീയതിയിലെ അവധി തുടരും. ബാറുകളുടെ മാതൃകയിൽ കള്ളു ഷാപ്പുകൾക്കും സ്റ്റാർ പദവി നിശ്ചയിക്കുന്നതും പരിഗണിച്ചേക്കും. കള്ളു വ്യവസായത്തെ പരിപോഷിപ്പിക്കാനുള്ള നടപടികളുമുണ്ടാകും.
ബാർ, കള്ളു ഷാപ്പ് ലൈസൻസികളുമായും തൊഴിലാളി സംഘടനാ പ്രതിനിധികളുമായും സർക്കാർ നേരത്തെ ചർച്ച നടത്തിയിരുന്നു. ബാർ ലൈസൻസ് ഫീസ് 30 ലക്ഷമായി തുടരണമെന്ന് ബാറുടമകൾ ചർച്ചയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പെട്രോൾ, ഡീസൽ അടക്കമുള്ളവയുടെ വില കൂട്ടിയ സാഹചര്യത്തിൽ ബാറുകളുടെ ഫീസ് ഉയർത്താതിരുന്നാൽ ആക്ഷേപത്തിനിടയാക്കുമെന്ന നിലപാടാണ് സർക്കാരിന്. രണ്ടു വർഷമായി ഫീസ് കൂട്ടിയിട്ടില്ല.
ഐ.ടി പാർക്കുകളിൽ മദ്യവിതരണം നടത്താൻ നേരത്തെ സർക്കാർ തീരുമാനമെടുത്തിരുന്നെങ്കിലും വ്യവസ്ഥകൾക്ക് അന്തിമരൂപമായിരുന്നില്ല. ഓരോ ഐ.ടി കമ്പനിയുടെയും മേൽനോട്ടത്തിൽ ക്ളബുകളുടെ രീതിയിലാവും മദ്യവില്പന കേന്ദ്രങ്ങളുടെ പ്രവർത്തനം.
കള്ളുഷാപ്പുകളുടെ ദൂരപരിധിയിലെ വിവേചനം ഇല്ലാതാക്കണമെന്ന് ഷാപ്പ് ലൈസൻസികൾ ആവശ്യപ്പെട്ടിരുന്നു. വിദ്യാലയങ്ങൾ, ആരാധനാലയങ്ങൾ, ശ്മശാനങ്ങൾ തുടങ്ങി നിശ്ചിത കേന്ദ്രങ്ങളിൽ നിന്ന് ഷാപ്പുകൾ പ്രവർത്തിക്കാനുള്ള ദൂരപരിധി 400 മീറ്ററാണ്. എന്നാൽ ഫൈവ് സ്റ്റാർ, ഫോർ സ്റ്റാർ ബാർ ഹോട്ടലുകൾക്കിത് 50 മീറ്ററും ത്രീസ്റ്റാർ ബാറുകൾക്കും ചില്ലറ മദ്യവില്പനശാലകൾക്കും 200 മീറ്ററുമാണ്. കള്ളു ഷാപ്പുകളോടുള്ള ഈ വിവേചനം മാറ്റുന്നതും മദ്യനയത്തിൽ പരിഗണിച്ചേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |