തൊടുപുഴ: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന്റെ പാർക്കിംഗ് ഏരിയയിൽ നിന്ന് മോഷണം പോയ ബൈക്ക് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തൊടുപുഴ മുതലക്കോടം റൂട്ടിൽ മാവിൻചുവടിനു സമീപമാണ് ബൈക്ക് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ഉടുമ്പന്നൂർ സ്വദേശിയായ ഷഹനാസിന്റെ ഹീറോ പാഷൻ പ്ലസ് ബൈക്കാണ് കഴിഞ്ഞ 15ന് മോഷണം പോയത്. കൊട്ടാരക്കര കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ഡ്രൈവറായ ഷഹനാസ് തിങ്കളാഴ്ച ഇവിടെ ബൈക്ക് പാർക്ക് ചെയ്തതിനു ശേഷം വെള്ളിയാഴ്ച തിരികെ വരുമ്പോൾ കൊണ്ടു പോകുകയായിരുന്നു പതിവ്. ഇതു പോലെ കഴിഞ്ഞ 15ന് ബൈക്ക് പാർക്ക് ചെയ്തതിന് ശേഷം ഡ്യൂട്ടിയ്ക്കു പോയി. 20ന് ബൈക്ക് തിരികെ എടുക്കാനെത്തിയപ്പോഴാണ് മോഷണം പോയതായി മനസിലായത്. തുടർന്ന് പൊലീസിൽ പരാതി നൽകി. ഡിപ്പോയിലെ സി.സി ടി.വിയിൽ നിന്ന് ബൈക്ക് മോഷ്ടിച്ചയാളുടെ ദൃശ്യങ്ങൾ ലഭിച്ചെങ്കിലും പ്രതിയെ പിടികൂടാനായില്ല. ശനിയാഴ്ച രാവിലെയാണ് മാവിൻചുവടിനു സമീപത്തെ വ്യാപാര സ്ഥാപനത്തിനു സമീപം പാർക്ക് ചെയ്ത നിലയിൽ ബൈക്ക് കണ്ടെത്തിയത്. വാഹനം തൊടുപുഴ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ബൈക്കിന്റെ കണ്ണാടികൾ ഊരി മാറ്റുകയും കേടുപാടുകൾ വരുത്തിയിട്ടുണ്ടെന്നും ഉടമ ഷഹനാസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |