ചെറുപുഴ: കണ്ണൂർ ജില്ലയുടെ കിഴക്കൻ മലയോര ഗ്രാമമായ തീരുമേനി കോറാളി മലയിൽ നൂറ്റാണ്ടുകൾ പഴക്കമുള്ളതും, കൊടും വേനലിലും വറ്റാത്ത നീരുറവയുമുള്ള കാവേരി കുളവും ഇതിനോടനുബന്ധിച്ച ക്ഷേത്രവും ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ശിവഗിരി മഠം സ്വാമി പ്രേമാനന്ദ, ഗുരുധർമ്മ പ്രചാരണ സമിതി അംഗം ഇ.ബി അരുൺ, എം.എസ് പ്രസാദ് ശാന്തി, വി.എൻ ഗോപി, എസ്.എൻ.ഡി.പി യോഗം തിരുമേനി ശാഖാ സെക്രട്ടറി പി.എൻ രാജൻ, ചന്ദ്രശേഖരൻ നായർ ഗോക്കടവ്, സുനിൽ പേപ്പതി തുടങ്ങിയവർ സന്ദർശിച്ചു. ക്ഷേത്രവും കാവു മുൾപ്പെടെ 30 സെന്റ് സ്ഥലം സംരക്ഷിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് സ്വാമി സച്ചിദാനന്ദ പറഞ്ഞു. കർണ്ണാടകത്തിലെ തലക്കാവേരി ക്ഷേത്രവുമായി ബന്ധപ്പെട്ട ഒരു പാട് ഐതിഹ്യങ്ങൾ ഈ സ്ഥലവുമായി ബന്ധപ്പെട്ട് പറഞ്ഞു കേൾക്കുന്നു. തലക്കാവേരി കുളത്തിൽ പൂജ നടക്കുമ്പോൾ ഇവിടെ പൂജാദ്രവ്യങ്ങൾ പൊങ്ങി വരുമെന്നും ഈ കുളത്തിന്റെ ആഴം അറിയില്ലെന്നും ഇവിടെ ഭഗവാൻ കൃഷ്ണന്റെ കാൽപ്പാടുകൾ പതിഞ്ഞതിന്റെ അടയാളം കാണാമെന്നും പറയുന്നു. ആൽമരവും ഉൾപ്പെടെ ഏറെ പ്രധാന്യമുള്ള കാവേരി കുളം തീർത്ഥാടന ടൂറിസവുമായി ബന്ധപ്പെട്ട് ഏറെ പ്രധാന്യമർഹിക്കുന്നതാണ്. ഈ സ്ഥലം ശിവഗിരിമഠം ഏറ്റെടുത്താൽ ഈ പ്രദേശത്തുകാർക്ക് ഏറെ ഗുണകരമാകുമെന്ന് നാട്ടുകാർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |