കൊല്ലം: അഗ്നിസുരക്ഷാ സംവിധാനം ഇല്ലാത്തതിന്റെ പേരിൽ പാരിപ്പള്ളി മെഡിക്കൽ കോളേജിലെ പത്ത് നിലകളുള്ള ടൈപ്പ് ത്രീ ഫ്ലാറ്റ് കഴിഞ്ഞ ഒൻപത് വർഷമായി തുറന്നുപോലും നോക്കാതെ പൊടികയറി നശിക്കുന്നു. എഴുപത്തിയഞ്ച് ലക്ഷം രൂപ ചെലവാക്കാൻ വൈകുന്നത് കൊണ്ടാണ് ആറ് കോടിയോളം രൂപ ചെലവിൽ നിർമ്മിച്ച ഫ്ലാറ്റ് പൊടിഞ്ഞും പൊടികയറിയും തുരുമ്പെടുത്തും നാശിക്കുന്നത്.
2014ൽ മെഡിക്കൽ കോളേജ് സമുച്ചയത്തിനൊപ്പം നിർമ്മാണം പൂർത്തിയായതാണ് വിവിധ വിഭാഗങ്ങൾക്കായുള്ള നാല് ക്വാട്ടേഴ്സ് സമുച്ചയങ്ങൾ. അതിൽ മെഡിക്കൽ കോളേജിലെ നഴ്സിംഗ്, ക്ലാർക്ക് വിഭാഗം ജീവനക്കാർക്കായി മാറ്റിവച്ച ഫ്ലാറ്റ് സമുച്ചയമാണ് ഇതുവരെ തുറന്ന് നൽകാത്തത്. പ്രിൻസിപ്പൽ, സൂപ്രണ്ട് എന്നിങ്ങനെ ഭരണച്ചുമതലയുള്ളവർക്കുള്ള ടൈപ്പ് വൺ ഫ്ലാറ്റ്, ഡോക്ടർമാർക്കുള്ള ടൈപ്പ് ടു ഫ്ലാറ്റ്, അറ്റൻഡർ, പ്യൂൺ വിഭാഗങ്ങൾക്കുള്ള ടൈപ്പ് ഫോർ ഫ്ലാറ്റ് എന്നിവ വർഷങ്ങൾക്ക് മുമ്പേ തുറന്നുനൽകിയിരുന്നു. പക്ഷെ ടൈപ്പ് ത്രീയുടെ തുടർ നിർമ്മാണ പ്രവർത്തനങ്ങൾ മാത്രം നീളുകയാണ്.
രണ്ട് കിടപ്പ് മുറികൾ, ഹാൾ, അടുക്കള, പൊതുവരാന്ത എന്നിവയാണ് ഓരോ അപ്പാർട്ട്മെന്റിലും ഉള്ളത്. ഒരു നിലയിൽ നാല് വീതം ആകെ 50 അപ്പാർട്ട്മെന്റുകളാണ് ഉള്ളത്. നിലവിൽ ആശുപത്രിയിലെ നാനൂറോളം ജീവനക്കാർ അപ്പാർട്ട്മെന്റുകൾക്കായി അപേക്ഷിച്ചിട്ടുണ്ട്. ഇവർ ആയിരങ്ങൾ വാടക നൽകി പുറത്ത് താമസിക്കുകയാണ്.
മെഡിക്കൽ കോളേജ് സമുച്ചയം നിർമ്മിച്ച എച്ച്.എൽ.എല്ലുമായി പരിപാലന കരാർ തുടരുകയാണ്. എച്ച്.എൽ.എല്ലിനോട് ടൈപ്പ് ത്രീ ഫ്ലാറ്റിൽ എത്രയും വേഗം അഗ്നിസുരക്ഷ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ഡോ. ലിനെറ്റ്, പ്രിൻസിപ്പൽ,
പാരിപ്പള്ളി മെഡിക്കൽ കോളേജ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |