കൊച്ചി: ബ്രഹ്മപുരത്ത് സോൺട ഇൻഫ്രാടെക്കിനെ നിലനിറുത്തുന്നതിനായി സർക്കാർ തലത്തിൽ ഗൂഢാലോചന നടക്കുന്നതായി മുൻ മേയർ ടോണി ചമ്മിണി പറഞ്ഞു. കരാറുമായി ബന്ധപ്പെട്ട് കോർപ്പറേഷനെതിരെ കമ്പനി ജില്ലാ കോടതിയിൽ നൽകിയ അർബിട്രേഷൻ ഹർജി സർക്കാരുമായുള്ള ഒത്തുകളിയുടെ ഭാഗമാണ്. മന്ത്രി എം.ബി. രാജേഷ് അടക്കമുള്ളവരുടെ അറിവോടെയാണ് ഇതു നടക്കുന്നത്. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ കണ്ണിൽ പൊടിയിടുന്നതിനാണ് കോർപ്പറേഷൻ സോൺടയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയതും കമ്പനി കോടതിയിൽ ഹർജി നൽകിയതും. കോടതിയുടെ ഇടപെടലിനെ ദുർബലമാക്കാനുള്ള നീക്കമാണിത്.
എം.ബി. രാജേഷിന് സോൺടയുടെ കാര്യത്തിലുള്ള അമിതാവേശം സംശയകരമാണ്. നിയമസഭയിൽ ബ്രഹ്മപുരം വിഷയം ചർച്ച ചെയ്തപ്പോൾ കമ്പനിയെ വെള്ളപൂശുന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. സോൺടയുടെ വനിതാ ഡയറക്ടർ മന്ത്രിയുടെ ഭാര്യയുടെ സഹപാഠിയാണ്. ഈ ബന്ധമാണോ കമ്പനിയെ വഴിവിട്ട് സഹായിക്കാൻ പ്രേരകമാകുന്നത്. മന്ത്രി രാജേഷിന്റെ ഇടപെടൽ ഒഴിവാക്കാൻ മുഖ്യമന്ത്രി തയ്യാറാവണം. തത്സ്ഥാനത്ത് തുടരാൻ മന്ത്രി യോഗ്യനല്ലെന്നും ധാർമ്മികതയുണ്ടെങ്കിൽ രാജി വയ്ക്കണമെന്നും ടോണി ചമ്മിണി ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |