ശാസ്താംകോട്ട: തീ പിടിച്ച കെട്ടിടത്തിൽ അകപ്പെട്ട സ്ത്രീകളെയും കുട്ടികളെയും അതിസാഹസികമായി അഗ്നിശമനസേന രക്ഷപ്പെടുത്തി. വടക്കൻ മൈനാഗപ്പള്ളി ആനൂർക്കാവ് ജംഗ്ഷനിൽ പ്രവർത്തിച്ചുവരുന്ന ഹാരിസിന്റെ ഉടമസ്ഥതയിലുള്ള എച്ച്.എസ് സ്റ്റോറിനും അതിന് മുകളിലെ വാടക വീടിനുമാണ് തീ പിടിച്ചത്. കഴിഞ്ഞ ദിവസം വെളുപ്പിന് ഒന്നരയ്ക്കായിരുന്നു തീപിടിത്തം. എച്ച്.എസ് സ്റ്റോർ പൂർണമായും കത്തിയമർന്നു. ഇതിനിടെ തീ വാടക വീട്ടിലേക്ക് ആളിപ്പടരുകയായിരുന്നു. നാലുപേരാണ് മുറിയിൽ കുടുങ്ങിയത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ശാസ്താംകോട്ടയിൽ നിന്ന് സ്റ്റേഷൻ ഓഫീസർ സാബു ലാലിന്റെ നേതൃത്വത്തിൽ അഗ്നിശമന സേന സ്ഥലത്തെത്തി.
സമീപത്തെ കെട്ടിടത്തിൽ കയറി ജനൽ വഴി ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് ജനൽ കമ്പി കട്ട് ചെയ്താണ് ക്രിസ്റ്റി യാനോ (4), റയാനോ (7), കുട്ടികളുടെ മാതാവായ ശാന്തി (32), ശാന്തിയുടെ മാതാവായ കത്രീന (70) എന്നിവരെ രക്ഷപ്പെടുത്തിയത്. ഇവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അങ്കമാലി സ്വദേശിയായ ശാന്തി മൈനാഗപ്പള്ളി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറായി ജോലി ചെയ്തു വരികയായിരുന്നു.
രണ്ടര മണിക്കൂർ പരിശ്രമിച്ചാണ് തീ കെടുത്തിയത്. ചവറ, കരുനാഗപ്പള്ളി, കൊല്ലം അഗ്നിരക്ഷാ നിലയങ്ങളിൽനിന്ന് അഞ്ച് യൂണിറ്റ് വാഹനങ്ങളെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |