തിരുവനന്തപുരം: ഹയർസെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി രണ്ടാംവർഷ പരീക്ഷാഫലം പ്രഖ്യാപിച്ചു. 82.95 ശതമാനമാണ് വിജയം. മുൻവർഷത്തെക്കാൾ കുറവാണ് ഈ വർഷത്തെ ഫലം. മുൻവർഷമിത് 83.87 ശതമാനമായിരുന്നു. പി.ആർ.ഡി ചേംബറിൽ മന്ത്രി വി. ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്.
എല്ലാ വിഭാഗങ്ങളിലുമായി 4,32,436 പേരാണ് പരീക്ഷയെഴുതിയത്. 3,76,135 കുട്ടികളാണ് റെഗുലർ സ്‌കൂൾ ഗോയിംഗ് വിഭാഗത്തിൽ പരീക്ഷയെഴുതിയത്. സയൻസ് ഗ്രൂപ്പിൽ 87.31 ശതമാനം വിജയവും കൊമേഴ്‌സ് ഗ്രൂപ്പിൽ 82.75 ശതമാനം വിജയവും ഹ്യുമാനിറ്റീസ് ഗ്രൂപ്പിൽ 71.93 ശതമാനവുമാണ് ഇത്തവണത്തെ വിജയം.
സർക്കാർ സ്‌കൂളുകളിലായി 1,640,43 പേരാണ് പരീക്ഷയെഴുതിയത്. 79.19 ശതമാനം ആണ് വിജയം. എയ്‌ഡഡ് സ്‌കൂളുകളിൽ 1,84,844 പേർ പരീക്ഷയെഴുതി. ഇതിൽ 86.31 ശതമാനം പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. അൺ-എയ്‌ഡഡ് സ്‌കൂളുകളിലായി 27,031 പേരാണ് പരീക്ഷയെഴുതിയത്. 82.70 ആണ് വിജയശതമാനം. സ്‌പെഷ്യൽ സ്‌കൂളിൽ 99.32 ആണ് വിജയശതമാനം. 33,815 പേർ റെഗുലർ വിഭാഗത്തിൽ എല്ലാ വിഷയത്തിനും എ പ്ളസ് നേടി.
ടെക്‌നിക്കൽ ഹയർസെക്കണ്ടറി സ്‌കൂളുകളിലായി 1753 കുട്ടികൾ പരീക്ഷയെഴുതി. 75.30 ആണ് വിജയശതമാനം. 98 പേരാണ് എല്ലാ വിഷയത്തിനും എ പ്ളസ് നേടിയത്. വി എച്ച് എസ് വിഭാഗത്തിൽ 78.39 ആണ് വിജയശതമാനം. ഈ വിഭാഗത്തിൽ 83.63 ശതമാനവുമായി വയനാടാണ് മുന്നിൽ. കേരള കലാമണ്ഡലം ആർട്ട് ഹയർ സെക്കണ്ടറി സ്‌കൂളിൽ 89.06 ആണ് വിജയശതമാനം. സ്‌കോൾ കേരള വിഭാഗത്തിൽ 48.73 ആണ് വിജയശതമാനം. പ്രൈവറ്റ് കമ്പാർമെന്റിൽ 31.25 ആണ് വിജയശതമാനം.
എറണാകുളം ആണ് വിജയശതമാനം ഏറ്റവും കൂടിയ ജില്ല. 87.55 ആണ് വിജയശതമാനം. ഏറ്റവും കുറവ് ഉള്ള പത്തനംതിട്ടയിൽ 76.59 ആണ് വിജയശതമാനം. 77 സ്‌കൂളുകൾ 100 ശതമാനം വിജയം കരസ്ഥമാക്കി. ഇതിൽ എട്ടെണ്ണം സർക്കാർ സ്‌കൂളുകളിലാണ്. മലപ്പുറത്താണ് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷയെഴുതിയത്( 60380). ഏറ്റവും കുറവ് വിദ്യാർത്ഥികൾ പരീക്ഷയെഴുതിയത് വയനാടാണ് (9614). 33,915 വിദ്യാർത്ഥികളാണ് സംസ്ഥാനത്ത് എല്ലാ വിഷയത്തിനും എ പ്ളസ് നേടിയത്.
പരീക്ഷാഫലം വൈകീട്ട് 04.00 മണി മുതല്‍ താഴെ പറയുന്ന വെബ്സൈറ്റുകളിലും മൊബൈല്‍ ആപ്ലിക്കേഷനുകളിലും ലഭ്യമാകും
www.keralaresults.nic.in
www.prd.kerala.gov.in
www.result.kerala.gov.in
www.examresults.kerala.gov.in
www.results.kite.kerala.gov.in
മൊബൈല്‍ ആപ്പുകള്‍
SAPHALAM
PRD Live
iExaMS - Kerala
ജൂൺ 21 മുതൽ സേ പരീക്ഷ നടക്കും. ജൂൺ രണ്ട് മുതൽ ഒൻപതുവരെ പ്ളസ് വൺ പ്രവേശനത്തിനായി അപേക്ഷിക്കാം. ജൂൺ 13ന് ട്രയൽ അലോട്ട്‌മെന്റ്. ആദ്യ അലോട്ട്‌മെന്റ് ജൂൺ 19ന്. ജൂലായ് അഞ്ചിനാണ് പ്ളസ് വൺ ക്ളാസ് തുടങ്ങുന്നത്. ഓഗസ്റ്റ് നാലിന് പ്രവേശന നടപടികൾ അവസാനിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |