പാലക്കാട്: മാങ്ങ മോഷ്ടിച്ചെന്ന പേരിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ക്രൂരമായി മർദ്ദിച്ചവർക്കെതിരെ കേസെടുത്തു. പാലക്കാട് എരുത്തമ്പേതിയിൽ പരമശിവം, ഭാര്യ ജ്യോതി മണി, മകൻ വസന്ത് എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. മാങ്ങയും പണവും മോഷ്ടിച്ചെന്നാരോപിച്ച് പട്ടികജാതിക്കാരനായ 17കാരനെ ഇവർ കെട്ടിയിട്ട് മർദ്ദിക്കുകയായിരുന്നു.
ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. കുട്ടി മോഷണം നടത്തുന്നതിന്റെ സിസിടിവി ദൃശ്യം കണ്ടതിന് ശേഷമാണ് മർദ്ദിച്ചത് എന്നാണ് പ്രതികൾ പൊലീസിനെ അറിയിച്ചത്. ചെരുപ്പും വടിയും ഉപയോഗിച്ചായിരുന്നു പ്രതികൾ കുട്ടിയെ മർദ്ദിച്ചത്. കൊഴിഞ്ഞാമ്പാറ പൊലീസാണ് പരാതി ലഭിച്ചതിനെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്തത്.
അതേസമയം പതിനാറുകാരനെ ഇരുമ്പുവടികൊണ്ട് കൈ തല്ലി ഒടിക്കുകയും കത്രികകൊണ്ട് ശരീരത്തിൽ മുറിവേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ അമ്മ വിടാക്കുഴ കാവിനു സമീപം അരിമ്പാറ വീട്ടിൽ രാജേശ്വരി (30), അമ്മൂമ്മ വളർമതി (49), അമ്മയുടെ സുഹൃത്ത് വയനാട് സുൽത്താൻബത്തേരി വഴുപ്പത്തൂർ ചാപ്പകൊല്ലി വീട്ടിൽ സുനീഷ് (32) എന്നിവരെ കളമശേരി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഞായറാഴ്ച രാവിലെ എട്ടു മണിക്കായിരുന്നു സംഭവം. സുനീഷ് നിരന്തരം വീട്ടിലെത്തുന്നതിനെ കുട്ടി എതിർത്തതിനെ തുടർന്നുണ്ടായ തർക്കമാണ് മർദ്ദനത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |