പെരിന്തൽമണ്ണ: ലൈസൻസില്ലാതെയും അപകടകരമായും ഇരുചക്ര വാഹനങ്ങളുമായി സ്കൂളുകളിൽ വിദ്യാർത്ഥികളെത്തുന്നത് തടയാൻ പെരിന്തൽമണ്ണ പൊലീസ് രണ്ടു ദിവസമായി നടത്തിയ പരിശോധനയിൽ നാൽപ്പതോളം ബൈക്കുകൾ പിടികൂടി. ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശാനുസരണം നടത്തിയ പരിശോധനയിലാണ് 15 മുതൽ 17 വയസുവരെയുള്ളവർ ഓടിച്ചുവന്ന ബൈക്കുകളും പിടികൂടിയത്. ഇതിന് രക്ഷിതാക്കൾക്കെതിരെ കേസെടുത്ത് വിദ്യാർത്ഥികൾക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം സോഷ്യൽ ബാക്ക്ഗ്രൗണ്ട് റിപ്പോർട്ട് നൽകി.
പ്രായപൂർത്തിയാവാത്ത വിദ്യാർഥികളുടെ രക്ഷിതാക്കൾക്ക് 30,000 രൂപ വരെയാണ് ഓരോരുത്തർക്കും പിഴയിട്ടത്. ബാക്കിയുള്ളവർ 18 തികഞ്ഞവരാണ്. ഇവർക്ക് ലൈസൻസില്ലാതെ ഓടിച്ചതിനുള്ള പിഴ ചുമത്തി. വീട്ടുകാർ അറിയാതെയും മറ്റും ഇരുചക്രവാഹനങ്ങളുമായി എത്തുന്നവരും ഇതിലുണ്ട്. ലൈസൻസില്ലാതെ വാഹനമോടിക്കുന്നത് സംബന്ധിച്ച് രക്ഷിതാക്കളെ വളിച്ചു വരുത്തി പൊലീസ് ബോധവൽകരണം നടത്തി. പെരിന്തൽമണ്ണ സ്റ്റേഷൻ പരിധിയിലെ പെരിന്തൽമണ്ണ, താഴേക്കോട്, ആനമങ്ങാട്, അങ്ങാടിപ്പുറം, പരിയാപുരം തുടങ്ങി വിവിധ സ്കൂൾ പരിസരങ്ങളിലാണ് ഇൻസ്പെക്ടർ സുമേഷ് സുധാകരന്റെ നേതൃത്വത്തിൽ വിവിധ സംഘങ്ങളായാണ് പരിശോധന നടത്തിയത്.
ഹൈസ്കൂൾ, ഹയർസെക്കൻഡറി സ്കൂളുകളിൽ പലപ്പോഴായി സംഭവിച്ച അടിപിടികളിൽ ഇരുചക്ര വാഹനങ്ങളുമായി വരുന്ന വിദ്യാർത്ഥികളുടെ പങ്കും റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്. സ്കൂളിലേക്ക് ലൈസൻസില്ലാത്തവർ വാഹനവുമായി എത്തി സ്കൂളിനു സമീപം വീടുകളിൽ സൂക്ഷിക്കുകയാണ് പതിവ്.ഇത്തരത്തിൽ വാഹനങ്ങൾ സൂക്ഷിക്കുന്നത് കണ്ടാൽ വീട്ടുകാർക്കെതിരെയും നടപടിയെടുക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |