ചെങ്ങന്നൂർ: വീട്ടുമുറ്റത്ത് കിടന്ന കാറിന് അജ്ഞാതൻ തീയിട്ടു. റെയിൽവേ സ്‌റ്റേഷന് പുറകുവശത്തുള്ള കോതാലിൽ പുല്ലാട്ട് രാജമ്മയുടെ ടോയോട്ട ഗ്ലാൻസ കാറിനാണ് അജ്ഞാതൻ തീയിട്ടത്. വീടിനുള്ളിലേക്ക് തീ പടർന്നെങ്കിലും വൻ ദുരന്തം ഒഴിവായി. ഇന്നലെ രാത്രി 12.30ന് കുപ്പിയിൽ പെട്രോളുമായി എത്തിയ അജ്ഞാതൻ കാറിന് മുകളിൽ പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു. തീ ഇട്ട ശേഷം ഇയാൾ ഓടിപ്പോകുന്നത് സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണ്. കാർ വീടിനോട് ചേർന്ന് കിടന്നതിനാൽ തീ വീടിനകത്തേയ്ക്കും പടർന്നു. കട്ടിൽ, മെത്ത, ദിവാൻകോട്ട് എന്നിവയും കത്തിനശിച്ചു. സ്ഥലത്തെത്തിയ അഗ്‌നിരക്ഷാസേന വീട്ടിലേക്ക് കൂടുതൽ തീ പടരാതെ തീ അണച്ചതിനാൽ വൻ ദുരന്തം ഒഴിവായി.അപകടം നടക്കുമ്പോൾ കവിതയുടെ മകൾ 4 വയസുള്ള അർഷിത, രാജമ്മയുടെ സഹോദരീ പുത്രൻമാരായ മിഥുൻ മോഹൻ, നിഥിൻ മോഹൻ, ലേഖ (46) രാജമ്മ (56) എന്നിവർ വീട്ടിൽ ഉണ്ടായിരുന്നു. സംഭവ സ്ഥലത്തെത്തിയ ചെങ്ങന്നൂർ പൊലീസും അയൽവാസികളും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. പൊലീസ് അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |