തിരുവനന്തപുരം: സർക്കാർ വകുപ്പുകളിലെ ഏത് സേവനത്തിനും കോഴ നൽകേണ്ട ഗതികേടിലാണ് ജനം. വിജിലൻസ് ഇക്കൊല്ലം ഇതു വരെ 23 കേസുകളിലായി 26 ഉദ്യോഗസ്ഥരെയാണ് കൈയോടെ പിടി കൂടിയത്. ഏറ്റവുമധികം റവന്യുവകുപ്പിലാണ്. കൈക്കൂലി ജീവിതശൈലിയാക്കിയ ചിലരാണ് മാന്യമായി ജോലി
ചെയ്യുന്ന മറ്റ് ഉദ്യോഗസ്ഥരുടെ അന്തസ് കളയുന്നത്.
ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റിനും സ്കെച്ചിനും ആയിരം രൂപ കോഴ വാങ്ങവേയാണ് തൃശൂർ വെങ്കിടങ്ങ് വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് അജികുമാർ പിടിയിലായത്. അപകടത്തിൽപ്പെട്ട വാഹനം വിട്ടുനൽകാൻ 2000 രൂപയും ഒരു ലിറ്റർ വിദേശമദ്യവും വാങ്ങവെ കോട്ടയം ഗാന്ധിനഗർ സ്റ്റേഷനിലെ എസ്.ഐ നിസാർ പിടിയിലായി. വരുമാന സർട്ടിഫിക്കറ്റിന് പതിനായിരം രൂപ വാങ്ങവേ ഇടുക്കി താലൂക്ക് തഹസിൽദാർ ജയേഷ് ചെറിയാൻ, കെട്ടിട പെർമിറ്റിന് ഇരുപതിനായിരം വാങ്ങവേ ഇടുക്കി മാഞ്ഞൂർ പഞ്ചായത്ത് അസി.എൻജിനിയർ അജിത്കുമാർ, വാറണ്ട് കേസുകളിലെ സഹായത്തിന് അര ലക്ഷം രൂപ വാങ്ങവേ മലപ്പുറം ജില്ലാ ക്രൈംബ്രാഞ്ച് എസ്.ഐ സുഹൈൽ എന്നിവർ അറസ്റ്റിലായി. പ്രസവം നിറുത്താനുള്ള ശസ്ത്രക്രിയയ്ക്ക് 2500 രൂപ വാങ്ങവേ ചേർത്തല താലൂക്കാശുപത്രിയിലെ ഡോക്ടർ രാജൻ, കേസിൽ നിന്നൊഴിവാക്കാൻ ഒരു ലക്ഷം വാങ്ങവേ തൊടുപുഴ ഫോറസ്റ്റ് റേഞ്ച് ഓഫീസർ ലിബിൻജോൺ, വീടിന്റെ അറ്റകുറ്റപ്പണിക്ക് സഹായം അനുവദിക്കാൻ ആയിരം രൂപ വാങ്ങിയതിന് തൃശൂർ കൈപ്പമംഗലം പഞ്ചായത്ത് വി.ഇ.ഒ വിഷ്ണു, പട്ടയം നൽകാൻ കാൽ ലക്ഷം വാങ്ങവേ മലപ്പുറം എടരിക്കാട് വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് ചന്ദ്രൻ, ഗർഭാശയ മുഴ നീക്കാനുള്ള ശസ്ത്രക്രിയയ്ക്ക് 5000 വാങ്ങവേ ചാവക്കാട് താലൂക്കാശുപത്രിയിലെ ഡോക്ടർമാർമാരായ പ്രദീപ് കോശി, വീണ എന്നിവർ പിടിയിലായി.
ചത്ത എരുമക്കുട്ടിയുടെ പോസ്റ്റുമാർട്ടം നടത്താൻ ആയിരം രൂപ വാങ്ങിയതിന് കോട്ടയം പനച്ചിക്കാട് വെറ്ററിനറി ആശുപത്രിയിലെ ഡോ.ജിഷ കെ.ജയിംസ്, മാലിന്യ സംസ്കരണ കരാർ റദ്ദാക്കാതിരിക്കാൻ കാൽ ലക്ഷം വാങ്ങിയതിന് തിരുവല്ല മുനിസിപ്പൽ സെക്രട്ടറി നാരായണൻ, ഓഫീസ് അസിസ്റ്റന്റ് ഹസീനാ ബീഗം, ഹെൽത്ത് കാർഡ് നൽകാൻ 13,500 രൂപ വാങ്ങിയതിന് പാലക്കാട് കൊടുവായൂർ പഞ്ചായത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ഷാജി മാത്യു, വസ്തു അളക്കാൻ 2000 വാങ്ങിയ പുനലൂർ താലൂക്ക് സർവേ ഓഫീസിലെ സർവേയർ മനോജ് ലാൽ, നിലം പുരയിടമാക്കി മാറ്റാൻ 5000 രൂപ വാങ്ങിയ എറണാകുളം പുത്തൻവേലിക്കര കൃഷി അസിസ്റ്റന്റ് പ്രജിൽ, പോക്കുവരവിന് 1000 രൂപ വാങ്ങിയ തൃശൂർ കുറ്റിച്ചിറ സ്പെഷ്യൽ വില്ലേജാഫീസർ വർഗ്ഗീസ് എന്നിവരും കുടുങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |