കുത്തുപറമ്പ: വൈശാഖ മഹോത്സവ സന്നിധിയായ കൊട്ടിയൂർ ക്ഷേത്രത്തിലേക്ക് ആദ്യ എഴുന്നള്ളത്ത് കോട്ടയം തെരു തിരൂർക്കുന്ന് ഗണപതി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു. ക്ഷേത്രത്തിനു സമീപത്തെ വിളക്കു തിരി മഠത്തിൽ ഒരാഴ്ചയായി വ്രതം നോറ്റു കൈത്തറിയിൽ നെയ്തുണ്ടാക്കിയ വിളക്ക് തിരികളും കിള്ളി ശീലകളും ഉത്തരീയവും മറ്റും ചെട്ടിയാർ സ്ഥാനികൻ ചിങ്ങൻ കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് കാൽനടയായി എഴുന്നള്ളിക്കുന്നത്.
പ്രായാധിക്യം കാരണം ശാരീരിക അവശത ഉള്ളതിനാൽ ചിങ്ങൻ കൃഷ്ണൻ യാത്ര സംഘത്തിൽ ഇല്ല. പിന്തുടർച്ച അവകാശിയായ മരുമകൻ പ്രേമരാജൻ ആണ് ഇത്തവണ സംഘത്തെ നയിക്കുന്നത്. രാത്രി മഠത്തിലെത്തിയ വിശ്വാസികൾക്കെല്ലാം അന്നദാനം നടത്തിയ ശേഷം സംഘം കോട്ടയം ചിറയിൽ എത്തി കുളിച്ച് തിരികെ എത്തിയാണ് യാത്രയ്ക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചത്. കൊട്ടിയൂരിൽ സമർപ്പിക്കാനുള്ള തുണിത്തരങ്ങൾ കെട്ടുകൾ ആക്കി തലയിലേറ്റി കുത്തുവിളക്കിന്റെ അകമ്പടിയോടെ സംഘം ഗണപതി ക്ഷേത്രത്തിൽ എത്തി ഓംകാരം മുഴക്കി ക്ഷേത്രം വലം വെച്ച് ശേഷം ക്ഷേത്രം സ്ഥാനികൾക്ക് വെറ്റില വച്ച് അനുഗ്രഹം വാങ്ങിയാണ് യാത്രതിരിച്ചത്. സംഘം കടന്നുപോകുന്ന പാതയുടെ ഇരുവശങ്ങളിലും വീട്ടമ്മമാർ വിളക്ക് കൊളുത്തി സംഘത്തിന് ആരതി അർപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |