നീലേശ്വരം: ദേശീയപാതയിൽ മുംബെക്കും കന്യാകുമാരിക്കും ഇടയിലുള്ള ഏക റെയിൽവേ ഗേറ്റ് ഒഴിവാക്കി ജൂൺ രണ്ടിന് പളളിക്കരയിലെ ആറുവരി റെയിൽവേ മേൽപ്പാലം തുറന്നുകൊടുക്കുമെന്ന് വിവരം. ഓവർബ്രിഡ്ജ് നിർമ്മാണം അന്തിമഘട്ടത്തിലെത്തിയെന്ന് അധികൃതർ വ്യക്തമാക്കി.
ടാറിംഗ് പൂർത്തിയാക്കി മാർക്കിംഗ് ജോലികളാണ് ഇപ്പോൾ നടക്കുന്നത്. തെരുവ് വിളക്കുകളും സ്ഥാപിച്ച് കഴിഞ്ഞു.പെയിന്റിംഗ് ജോലിയും പുരോഗമിക്കുകയാണ്. കഴിഞ്ഞ രണ്ട് മൂന്ന് മാസമായി ഓവർബ്രിഡ്ജിന് മുകളിൽ ഗർഡറുകൾ സ്ഥാപിക്കുന്ന ജോലിയാണ് നടന്നിരുന്നത്.
2019 ലാണ് ദേശീയ പാത പള്ളിക്കരയിൽ മേല്പാലത്തിന്റെ പണി ആരംഭിച്ചത്. അതിനിടയിൽ രണ്ട് വർഷത്തോളം നീണ്ട കൊവിഡ് മഹാമാരി നിർമ്മാണത്തെ ബാധിച്ചു.കൊവിഡ് ഭീഷണി അകന്നതിന് ശേഷമാണ് പ്രവൃത്തിക്ക് വേഗത ഏറിയത്. റെയിൽ പാളത്തിന് തൊട്ടുമുകളിലുള്ള കോമ്പോസിറ്റ് ഗർഡർ സ്ഥാപിക്കുന്നതിൽ റെയിൽവേ അധികൃതർ വരുത്തിയ കാലതാമസമാണ് ഓവർബ്രിഡ്ജ് നിർമ്മാണം പിന്നെയും വൈകിച്ചത്.
ചിലവ് 64.44 കോടി
നീളം 780
വീതി 45 മീറ്റർ
അവസാനിക്കുന്നു ദേശീയപാതയിലെ കാത്തുകെട്ടിക്കിടപ്പ്
ആയിരക്കണക്കിന് വാഹനങ്ങൾ ഇരമ്പുന്ന ദേശീയപാതയിലെ ഏറ്റവും വലിയ കല്ലുകടി ആയിരുന്നു പള്ളിക്കര റെയിൽവേ ഗേറ്റിന് മുന്നിലെ കാത്തുകെട്ടിക്കിടപ്പ്. ട്രെയിനുകൾ കടന്നുപോകുമ്പോൾ വാഹനങ്ങളുടെ നിര തെക്ക് കാര്യങ്കോട് പാലത്തോളവും വടക്ക് കരുവാച്ചേരി വരെയും നീണ്ടുപോകാറുണ്ട്. അതിഗുരുതരാവസ്ഥയിലുള്ള രോഗികളെയും കൊണ്ട് മംഗളൂരുവിലേക്കും കണ്ണൂരിലേക്കും പോകുന്ന ആംബുലൻസുകളടക്കം റെയിൽവേ ഗേറ്റിന് മുന്നിൽ നിൽക്കേണ്ടിവരുന്ന ഗതികേടിലായിരുന്നു. ദേശീയപാതയിലെ മുഴുവൻ ഗേറ്റുകളും ഓവർബ്രിഡ്ജിലേക്ക് മാറിയിട്ടും പള്ളിക്കരയെ പരിഗണിക്കാതെ വന്നതിനെ തുടർന്ന് അന്നത്തെ കാസർകോട് എം.പി.പി.കരുണാകരൻ സത്യാഗ്രഹമനുഷ്ഠിച്ചതോടെയാണ് കേന്ദ്രസർക്കാർ പാലത്തിന് പച്ചക്കൊടി കാട്ടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |