കോഴിക്കോട്: ഒളവണ്ണയിൽ സ്വന്തം ഹോട്ടലിനോട് ചേർന്ന് മുറിയുണ്ടായിട്ടും എന്തിനാണ് കൊല്ലപ്പെട്ട സിദ്ദിഖ് കോഴിക്കോട് എരഞ്ഞിപ്പാലം ജംഗ്ഷന് സമീപം ഹോട്ടലിൽ മുറിയെടുത്തു എന്നതിന്റെ ദുരൂഹതയഴിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. ഒളവണ്ണ ടൗണിലെ ചിക്ക് ബേക്ക് ഉടമയാണ് സിദ്ദിഖ്. ഹോട്ടലും ബേക്കറിയുമടങ്ങുന്നതാണ് സ്ഥാപനം. ഇതടക്കമുള്ള കടകൾ പ്രവർത്തിക്കുന്ന ബിൽഡിംഗും സിദ്ദിഖിന്റേതാണ്. അവിടെ സിദ്ദിഖിന് സ്വന്തമായി മുറിയുണ്ട്. ആഴ്ചയിൽ നാലുദിവസം സിദ്ദിഖ് വീട്ടിൽ പോകും. ബാക്കി ദിവസങ്ങളിൽ ഹോട്ടലിന് മുകളിലെ മുറിയിലാണ് താമസം.
സിദ്ദിഖിനെ കാണാനില്ലെന്ന് കുടുംബം പരാതി നൽകിയത് 18നാണ്. അന്ന് ഉച്ചയോടെയാണ് വീട്ടിൽ നിന്ന് സിദ്ദിഖ് ഹോട്ടലിൽ എത്തിയതെന്ന് അവിടത്തെ പാചകത്തൊഴിലാളിയായ യൂസഫ് പറയുന്നു. പ്രതി ഷിബിലിയുമായി സിദ്ദിഖിന് മുൻപരിചയമില്ലായിരുന്നു എന്നാണ് വിവരം. അദ്ദേഹത്തിന്റെ ഏതോ ബന്ധുമുഖേനയാണ് ഷിബിൽ ഹോട്ടൽ ജോലിക്കെത്തിയത്. സപ്ലേയും ജ്യൂസ് അടിക്കലുമൊക്കെയായിരുന്നു ഷിബിലിന്റെ ജോലി. 15 ദിവസം മാത്രമാണ് ഷിബിൽ ജോലിക്കുണ്ടായിരുന്നത്.
പെരുമാറ്റദൂഷ്യം കാരണം 18ന് ഷിബിലിനെ സിദ്ദിഖ് പുറത്താക്കിയിരുന്നു. മുഴുവൻ ശമ്പളവും നൽകിയിരുന്നതായും യൂസഫ് പറയുന്നു. അന്നുതന്നെയാണ് സിദ്ദിഖ് എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ മുറിയെടുത്തത്. അന്നുരാത്രിവരെ സിദ്ദിഖിന്റെ ഫോൺ പ്രവർത്തിച്ചിരുന്നു. ഭാര്യ വിളിച്ചപ്പോൾ വടകരയിലാണെന്നാണ് പറഞ്ഞത്. രാത്രിയോടെ ഫോൺ സ്വിച്ച് ഓഫായി. പൊലീസിൽ പരാതി നൽകിയതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ മുറിയെടുത്തതായി വിവരം ലഭിക്കുന്നത്.
ബുക്ക് ചെയ്തത്
രണ്ട് മുറികൾ
എരഞ്ഞിപ്പാലത്തെ ഡി കാസ ഹോട്ടലിൽ കഴിഞ്ഞ 18ന് സിദ്ദിഖ് രണ്ട് മുറികൾ ബുക്ക് ചെയ്തിരുന്നു. ഇതിൽ ജി 3 മുറിയിൽ ഷിബിലിയും ഫർഹാനയുമാണ് താമസിച്ചത്. ജി 4ൽ സിദ്ദിഖും. ഈ മുറിയിൽ വച്ചാണ് കൊലപാതകം നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഹോട്ടലിലെ സി.സി ടിവി പ്രവർത്തന രഹിതമായതിനാൽ ദൃശ്യങ്ങൾ ശേഖരിക്കാനായില്ല. ഇന്നലെ രാവിലെ സമീപത്തെ വസ്ത്ര വിൽപ്പനശാലയിലെ സി.സി ടിവി പരിശോധിച്ചപ്പോഴാണ് മൃതദേഹമടങ്ങിയ ബാഗ് കാറിലേക്ക് കയറ്റുന്ന ദൃശ്യങ്ങൾ ലഭിച്ചത്.
19ന് വൈകിട്ട് 3.09നും 3.19നും ഇടയിൽ ഹോട്ടലിന് മുൻവശത്ത് നിർത്തിയിട്ട കാറിൽ ബാഗുകൾ കയറ്റുന്നതാണ് ദൃശ്യത്തിലുള്ളത്. കാർ പാർക്ക് ചെയ്ത് 15 മിനിട്ടിന് ശേഷമാണ് ആദ്യ ബാഗ് ഷിബിലി ഡിക്കിയിൽ കയറ്റിയത്. അൽപ്പസമയത്തിനകം അടുത്ത ബാഗുമായി ഫർഹാനയും എത്തി. തുടർന്ന് ഇരുവരും കാറിൽകയറി പോകുന്നതും ദൃശ്യങ്ങളിലുണ്ട്. മറ്റൊരു പ്രതി ആഷിക്കും കാറിൽ ഉണ്ടായിരുന്നുവെന്നാണ് പൊലീസ് നിഗമനം.
എരഞ്ഞിപ്പാലത്തെ ഹോട്ടൽ
അടുത്തകാലത്ത് തുടങ്ങിയത്
കൊലപാതകം നടന്ന എരഞ്ഞിപ്പാലത്തെ ഹോട്ടൽ അടുത്ത കാലത്ത് തുടങ്ങിയതാണ്. കേടായ സി.സി ടിവി 19നാണ് പുന:സ്ഥാപിച്ചതെന്ന് ഹോട്ടൽ അധികൃതർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇതേക്കുറിച്ചും പൊലീസ് പരിശോധിക്കുന്നു. ഹോട്ടലിൽ ഫോറൻസിക് സംഘം നടത്തിയ പരിശോധനയിൽ രക്തക്കറ കണ്ടെത്തിയതോടെയാണ് കൊലപാതകം ഉറപ്പിച്ചത്. മൂന്നുദിവസമായി ഹോട്ടൽ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഹോട്ടൽ റിസപ്ഷനിലെ കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു.
കൊലയ്ക്കുശേഷം പണമെടുത്തു
15 ദിവസം മാത്രം ഹോട്ടലിൽ ജോലിക്കാരനായി നിന്ന ഷിബിലിക്ക് എന്ത് വൈരാഗ്യമാണ് സിദ്ദിഖുമായി ഉണ്ടായതെന്നാണ് പൊലീസിനെ കുഴക്കുന്ന ചോദ്യം. ഷിബിലിയുടെ സ്വഭാവദൂഷ്യമാണ് ഇയാളെ 18ന് ഹോട്ടലിൽ നിന്ന് പുറത്താക്കാൻ കാരണമായതെന്നാണ് പറയുന്നത്. എന്നാൽ, അന്നുതന്നെ സിദ്ദിഖ് എരഞ്ഞിപ്പാലത്ത് റൂമുകൾ എടുത്തത് എന്തിനെന്നും പൊലീസ് അന്വേഷിക്കുന്നു.
വ്യക്തി വൈരാഗ്യമാണ് കൊലപാതകമെന്ന് കരുതുമ്പോഴും അതിലേക്ക് നയിച്ച കാരണം വ്യക്തമല്ല. പ്രതികൾക്ക് ക്രിമിനൽ സംഘങ്ങളുടെ സഹായം ലഭിച്ചോ എന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്. കൊലപാതകത്തിന് ശേഷം പ്രതികൾ സിദ്ദിഖിന്റെ എ.ടി.എം ഉപയോഗിച്ച് തുടർച്ചയായി പണമെടുത്തു. ഇതിൽ നിന്ന് പ്രതികളുടെ ലക്ഷ്യം പണം തട്ടലായിരുന്നുവെന്ന് അനുമാനിക്കുന്നുണ്ട്. മൂർച്ചയേറിയ ആയുധമുപയോഗിച്ച് മൃതദേഹം കഷണങ്ങളാക്കി രണ്ട് ബാഗുകളിലേക്ക് മാറ്റുകയായിരുന്നു. 18നുതന്നെ കൊലപാതകം നടത്തിയെന്നാണ് നിഗമനം. അടുത്ത ദിവസമാണ് മൃതദേഹം മാറ്റിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |